X

2000 കോടി കൂടി കടം വാങ്ങും; കൂപ്പുകുത്തി കേരളം

തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന രൂക്ഷമായ സാമ്പത്തികപ്രതിസന്ധി തരണം ചെയ്യാന്‍ സര്‍ക്കാര്‍ 2000 കോടി കൂടി കടമെടുക്കുന്നു. റീ ബില്‍ഡ് കേരളയുടെ ഭാഗമായി ഫ്രാന്‍സിലെ ബാങ്കില്‍ നിന്ന് 800 കോടി വായ്പയെടുക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണിത്. ഈ ബാധ്യതയും നിലവിലെ വായ്പകളുടെ പലിശഭാരവും കൂടിയാകുമ്പോള്‍ സംസ്ഥാനത്തിന്റെ മൊത്തം കട ബാധ്യത 3,50,000 കോടിയായി ഉയരും. 2010-11 വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ നിലവില്‍ ഇരട്ടിയിലേറെയാണ് കടം വര്‍ധിച്ചത്.

ഒരു ധനമന്ത്രിയും നേരിടാത്ത പ്രതിസന്ധിയാണ് കെ.എന്‍ ബാലഗോപാല്‍ ഇപ്പോ ള്‍ നേരിടുന്നത്. കടമെടുത്താ ല്‍ വീട്ടാന്‍ കഴിയാത്ത അവസ്ഥയിലുള്ളപ്പോഴാണ് കേരളം വീണ്ടും കടമെടുക്കുന്നത്. സംസ്ഥാനത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കെന്ന പേരില്‍ സമാഹരിക്കുന്ന 2,000 കോടി രൂപയുടെ കടപ്പത്രലേലം ആഗസ്റ്റ് 2ന് റിസര്‍വ് ബാങ്കിന്റെ മുംബൈ ഫോര്‍ട്ട് ഓഫീസില്‍ ഇകുബേര്‍ സംവിധാനം വഴി നടക്കും.

സംസ്ഥാനത്തിന് വായ്പയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കാത്തതും ധനവകുപ്പില്‍ പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ മൂന്നര ശതമാനം കണക്കാക്കിയാല്‍ കേരളത്തിന് 32,425 കോടി രൂപയാണ് കടമെടുക്കാവുന്നത്. എന്നാല്‍ ഇത്രയും അനുവദിക്കില്ലെന്ന് കേന്ദ്രം നേരത്തേ വ്യക്തമാക്കിയിരുന്നു. 28,800 കോടിയായിരുന്നു കഴിഞ്ഞ സാമ്പത്തികവര്‍ഷം കേരളമെടുത്ത കടം. പൊതുമേഖലാ സ്ഥാപനങ്ങള്‍ എടുക്കുന്ന വായ്പയും സംസ്ഥാനത്തിന്റെ വായ്പയായി കണക്കാക്കണമെന്നാണ് കേന്ദ്ര സാമ്പത്തിക കാര്യമന്ത്രാലയത്തിന്റെ പുതിയ നിലപാട്. കിഫ്ബി എടുക്കുന്ന വായ്പയടക്കം സംസ്ഥാനത്തിന്റെ കണക്കില്‍ ഉള്‍പ്പെടുത്താനാവില്ല എന്നാണ് സംസ്ഥാന സര്‍ക്കാര്‍ വാദം. വായ്പയെടുക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ പിന്നീടുള്ള മാസങ്ങളില്‍ ശമ്പളവും പെന്‍ഷനുമടക്കം മുടങ്ങുന്ന ഗുരുതരാവസ്ഥയിലേക്ക് സംസ്ഥാനം കൂപ്പുകുത്തും.

കോവിഡ് പ്രതിസന്ധിയാണ് കടം ഉയരാന്‍ കാരണമായതെന്നാണ് ധനവകുപ്പ് വാദം. മെയ് മാസം 4 തവണകളായി 5,000 കോടി രൂപയും ജൂണില്‍ 2 തവണകളായി 3,000 കോടി രൂപയും കടം എടുത്തിരുന്നു. സാമ്പത്തികഅവലോകന റിപ്പോര്‍ട്ടിലും സംസ്ഥാനത്തിന്റെ സ്ഥിതി ദയനീയമാണെന്നാണ് വ്യക്തമാക്കുന്നത്. 2020-21ല്‍ സംസ്ഥാനത്തിന്റെ കടബാധ്യത 2,96,900 കോടി രൂപയായിരുന്നു. സംസ്ഥാനത്തിന്റെ കടവും മൊത്തം ആഭ്യന്തര ഉല്‍പാദനവും തമ്മിലുള്ള അനുപാതം 2019-20ല്‍ 31.58 ശതമാനമായിരുന്നു. 2020-21ല്‍ ഇത് 37.13 ശതമാനമായി.

കഴിഞ്ഞ മാര്‍ച്ച് മാസം ഒറ്റയടിക്ക് 5000 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ കടമെടുത്തത്. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതോടു കൂടി കടം 4,00,000 കോടിയാകും. ആര്‍.ബി.ഐ കണക്ക് അനുസരിച്ച് കേരളം വിപണിയില്‍ നിന്ന് ‘സ്‌റ്റേറ്റ് ഡവലപ്‌മെന്റ് ലോണു’കളായി മാത്രം 1.87 ലക്ഷം കോടി രൂപ കടമെടുത്തിട്ടുണ്ട്. ഇത് സംസ്ഥാനത്തിന്റെ മൊത്തം അടച്ചു തീര്‍ക്കാനുള്ള കടത്തിന്റെ 55 ശതമാനം വരും.

Chandrika Web: