കോഴിക്കോട്: നെയ്യാറ്റിന്‍കരയില്‍ ജപ്തി നടപടിക്കിടെ ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസിനെതിരെ രൂക്ഷവിമര്‍ശനം. സിപിഎം അനുഭാവികളായ സാംസ്‌കാരിക പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരുമെല്ലാം പൊലീസിന്റെ വീഴ്ചയെ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍ പൊലീസ് നടപടിക്കെതിരെ വലിയ പ്രബന്ധം രചിക്കുന്ന ഇവര്‍ കേരളത്തിന്റെ ആഭ്യന്തരമന്ത്രി സമ്പൂര്‍ണ പരാജയമാണെന്ന സത്യം മനപ്പൂര്‍വ്വം വിസ്മരിക്കുകയാണ്.
സോഷ്യല്‍ മീഡിയയില്‍ പൊലീസിന്റെ അധികാര ധാര്‍ഷ്ട്യത്തെക്കുറിച്ച് പറയുന്ന ഒരു ഇടത് സഹയാത്രികനും പൊലീസിനെ നിയന്ത്രിക്കാന്‍ ഉത്തരവാദിത്തപ്പെട്ട ആഭ്യന്തര മന്ത്രിയായ പിണറായി വിജയനെക്കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ല. പൊലീസില്‍ യാതൊരു നിയന്ത്രണവുമില്ലാത്ത ആഭ്യന്തരമന്ത്രിയാണ് പിണറായി വിജയന്‍ എന്നതിന് കഴിഞ്ഞ നാലരവര്‍ഷത്തിനിടെ നിരവധി ഉദാഹരണങ്ങള്‍ വന്നിട്ടും പിണറായി വിജയനെ വാഴ്ത്തിപ്പാടാന്‍ മാത്രമാണ് ഇവര്‍ വായ തുറക്കുന്നത്.
ആഭ്യന്തരവകുപ്പില്‍ എന്ത് നടക്കുന്നു എന്ന് പോലും അറിയാത്ത ആഭ്യന്തരമന്ത്രിയാണ് പിണറായി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിര്‍ദേശപ്രകാരം ലോക്‌നാഥ് ബെഹ്‌റയും രമണ്‍ ശ്രീവാസ്തവയുമാണ് പൊലീസിനെ നിയന്ത്രിക്കുന്നത്. ആര്‍എസ്എസുകാര്‍ പ്രതികളായ എല്ലാ കേസിലും എളുപ്പത്തില്‍ ജാമ്യം കിട്ടുന്ന വകുപ്പുകള്‍ ചുമത്തി അവരെ രക്ഷപ്പെടുത്തുന്നത് നിരവധി തവണ കേരളം കണ്ടതാണ്. റിയാസ് മൗലവി വധം, കൊടിഞ്ഞി ഫൈസല്‍ വധം, പാലത്തായി പീഡനം, പ്രതീഷ് വിശ്വനാഥന്റെ ആയുധപ്രദര്‍ശനം, പാലക്കാട് സ്‌കൂളില്‍ ആര്‍എസ്എസ് മേധാവി പതാക ഉയര്‍ത്തിയ സംഭവം തുടങ്ങി എല്ലാ കേസിലും ആര്‍എസ്എസ് അനുകൂല സമീപനമാണ് പൊലീസ് സ്വീകരിച്ചത്.
എന്നാല്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തന്നെയായ അലനെയും താഹയേയും യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തതും കേസ് എന്‍ഐഎക്ക് കൈമാറിയതും മുഖ്യമന്ത്രി അറിഞ്ഞിരുന്നില്ല. ഇതിന്റെ ജാള്യത മറയ്ക്കാന്‍ പൊലീസിനെ ഏകപക്ഷീയമായി ന്യായീകരിച്ച് രക്ഷപ്പെടുകയാണ് മുഖ്യമന്ത്രി ചെയ്തത്. പൊലീസിന്റെ എല്ലാ അതിക്രമങ്ങളെയും മനുഷ്യാവകാശ ലംഘനങ്ങളെയും പിന്തുണച്ച മുഖ്യമന്ത്രി പൊലീസിനെ വിമര്‍ശിച്ച് അവരുടെ ആത്മവീര്യം കെടുത്തരുത് എന്ന നിലപാടാണ് സ്വീകരിച്ചത്.
ഇതെല്ലാം മറന്നുകൊണ്ടാണ് ഇടതുപക്ഷക്കാര്‍ എന്ന് അവകാശപ്പെടുന്ന പിണറായി ഭക്തര്‍ പൊലീസിനെ വിമര്‍ശിക്കുന്നത്. നെയ്യാറ്റിന്‍കരയില്‍ അമിതാവേശത്തോടെ വിഷയം കൈകാര്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥന് ഇപ്പോഴും ഒരു നടപടിയും നേരിടാതെ സര്‍വീസില്‍ തുടരാന്‍ അനുവദിക്കുന്നതാരാണ്? എന്റെ അമ്മ കൂടിയേ മരിക്കാനുള്ളൂ എന്ന് വിലപിക്കുന്ന മകനോട് അതിന് ഞാനെന്ത് വേണമെന്ന് ധാര്‍ഷ്ട്യത്തോടെ ചോദിക്കുന്ന പൊലീസുകാരന്‍ ഇപ്പോഴും അധികാരസ്ഥാനത്തുണ്ട്. ഇതിലൊന്നും ഒരു പ്രതികരണവുമില്ലാത്ത് ആഭ്യന്തരമന്ത്രിയായി പിണറായി വിജയന്‍ ഇപ്പോഴും ഭരിക്കുകയാണെന്ന സത്യം ഇവര്‍ മനപ്പൂര്‍വ്വം മറക്കുകയാണ്.