X

സാമ്പത്തിക പ്രതിസന്ധിയില്‍ കേരളം; സംസ്ഥാന ബജറ്റ് നാളെ

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ 2022-23 വര്‍ഷത്തെ സമ്പൂര്‍ണ ബജറ്റ് നാളെ. രാവിലെ 9ന് നിയമസഭയില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ബജറ്റ് അവതരിപ്പിക്കും. സമസ്ത മേഖലകളിലും മുരടിപ്പ് അനുഭവപ്പെടുന്നതിനിടെ സംസ്ഥാന ബജറ്റ് നൂതന വരുമാന സങ്കേതങ്ങള്‍ തേടുന്നതിന് പകരം ജനത്തിന് മേല്‍ കൂടുതല്‍ ഭാരം അടിച്ചേല്‍പ്പിക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നു.

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ നികുതി വര്‍ധനക്ക് ബജറ്റില്‍ നിര്‍ദേശമുണ്ടാകുമെന്നാണ് സൂചന. കോവിഡ്, തിരഞ്ഞെടുപ്പ് തുടങ്ങിയ കാരണങ്ങളാല്‍ കഴിഞ്ഞ വര്‍ഷം നികുതി വര്‍ധിപ്പിച്ചിരുന്നില്ല. ജി.എസ്.ടി നിരക്കുകളില്‍ മാറ്റം വരുത്താനാകില്ലെങ്കിലും മറ്റ് നികുതികളും നികുതിയേതര വരുമാനവും വര്‍ധിപ്പിക്കാന്‍ നടപടിയുണ്ടാകും.

ക്ഷേമ പെന്‍ഷന്‍ വര്‍ധന, സാമൂഹിക ക്ഷേമത്തിന് മറ്റ് പദ്ധതികള്‍ എന്നിവ പ്രതീക്ഷിക്കുന്നു. കാര്‍ഷിക, വ്യാവസായിക മേഖലകളില്‍ കൂടുതല്‍ വരുമാനമുണ്ടാക്കാന്‍ നടപടി വന്നേക്കും. തൊഴില്‍ രംഗത്ത് പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നാണ് ധനമന്ത്രിയുടെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. ഭൂമിയുടെ ന്യായവില ഉയര്‍ത്തിയേക്കുമെന്ന സൂചനയുമുണ്ട്. ന്യായവില 10 ശതമാനത്തില്‍ കുറയാതെ വര്‍ധിച്ചേക്കും. അതേസമയം സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ടാവില്ല. ചെലവ് നിയന്ത്രണത്തിന് കൂടുതല്‍ നടപടി വരും. നികുതി വര്‍ധന വരുമെങ്കിലും ജനങ്ങളുടെ ബിസിനസിനെയോ ഉപജീവനത്തെയോ ബാധിക്കുന്ന രീതിയിലാകില്ലെന്നാണ് ധനവകുപ്പ് സൂചന നല്‍കുന്നത്. കെ റെയില്‍ അടക്കമുള്ള വിവാദ പദ്ധതികളോട് ബജറ്റ് സ്വീകരിക്കുന്ന സമീപനവും ജനം ആകാംക്ഷയോടെ കാത്തിരിക്കുന്നു. വന്‍കിട പദ്ധതി പ്രഖ്യാപനങ്ങള്‍ ഇക്കുറിയും ഒഴിവാക്കിയേക്കും. എന്നാല്‍ മുന്‍വര്‍ഷങ്ങളില്‍ കടലാസിലൊതുക്കിയ കോവിഡ് പാക്കേജ് ഇത്തവണയും ബജറ്റില്‍ ഇടംനേടിയേക്കും.

സംസ്ഥാനത്ത് ബജറ്റ് അവതരിപ്പിക്കുന്ന പതിനാറാമത്തെ വ്യക്തിയാണ് ബാലഗോപാല്‍. സി. അച്യുതമേനോന്‍ തുടങ്ങി ഇതുവരെ 64 ബജറ്റുകളാണ് കേരള നിയമസഭയില്‍ അവതരിപ്പിക്കപ്പെട്ടത്. 1957 ജൂണ്‍ ഏഴിന് അച്യുതമേനോനാണ് സംസ്ഥാനത്തെ ആദ്യത്തെ ബജറ്റ് അവതരിപ്പിച്ചത്. 65-ാമത് ബജറ്റിനാണ് നിയമസഭ നാളെ സാക്ഷ്യംവഹിക്കുക.

web desk 3: