X

മറാത്താ സംവരണം ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രീംകോടതി ; ഭരണഘടനാ ബെഞ്ചിന്റെ വിധി പിണറായി സര്‍ക്കാറിനും തിരിച്ചടി

ന്യൂഡല്‍ഹി: മറാത്താ സംവരണം ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി കേരളത്തിലെ പിണറായി സര്‍ക്കാറിനും തിരിച്ചടി. കേരളത്തില്‍ നടപ്പാക്കിയ സാമ്പത്തിക സംവരണത്തിന് ന്യായീകരണം കണ്ടെത്താന്‍ മറാത്താ സംവരണത്തെ അനുകൂലിക്കുന്ന നിലപാടാണ് കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് 1992ലെ ഇന്ദിരാസാഹ്നി കേസിലെ വിധി നിലനില്‍ക്കുമെന്ന സുപ്രീംകോടതിയുടെ തീര്‍പ്പ് പിണറായി സര്‍ക്കാറിന്റെ വാദങ്ങളെ പൂര്‍ണമായി തള്ളിക്കൊണ്ടുള്ളതാണ്. മാത്രമല്ല, മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണം അനവുദിച്ചുകൊണ്ടുള്ള ഉത്തരവിന്റെ സാധുതയും സുപ്രീംകോടതി വിധിയോടെ കൈയാലപ്പുറത്താകും.

സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ചോദ്യംചെയ്തുകൊണ്ട് നേരത്തെ തന്നെ ഹൈക്കോടതിയില്‍ ഹര്‍ജി നിലനില്‍ക്കുന്നുണ്ട്. സാമൂഹിക പിന്നാക്കാവസ്ഥക്കു പകരം സാമ്പത്തിക പിന്നാക്കാവസ്ഥ മാനദണ്ഡമാക്കി സംവരണം അനുവദിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന വാദമാണ് ഹൈക്കോടതി മുമ്പാകെ ഹര്‍ജിക്കാര്‍ ഉന്നയിച്ചിരുന്നത്. മുന്നാക്ക സംവരണം സംവരണ വിഭാഗങ്ങളുടെ അവകാശങ്ങള്‍ കവരില്ലെന്ന വാദമാണ് കേരള സര്‍ക്കാരും നിരത്തിയിരുന്നത്. പൊതുവിഭാഗത്തില്‍ വരുന്ന 50 ശതമാനത്തില്‍ നിന്നാണ് 10 ശതമാനം സാമ്പത്തിക സംവരണം അനുവദിക്കുന്നതെന്നായിരുന്നു വാദം. സംവരണ വിഭാഗങ്ങള്‍ക്ക് കൂടി അവകാശപ്പെട്ടതാണ് ഈ 10 ശതമാനം എന്ന വസ്തുത മറച്ചുപിടിച്ചുകൊണ്ടായിരുന്നു സര്‍ക്കാര്‍ നീക്കം. മാത്രമല്ല, സര്‍ക്കാര്‍ നടപടിയോടെ സംസ്ഥാനത്തെ ആകെ സംവരണം 60 ശതമാനമാകും. സംവരണം 50 ശതമാനം കവിയരുതെന്ന സുപ്രീംകോടതി വിധിയുടെ ലംഘനമാകുമെന്നതിനാല്‍ ഇതിന്റെ നിലനില്‍പ്പും സംശയത്തിലാണ്.

web desk 3: