X

കാവി പുതക്കുന്ന കേരള പൊലീസ്

നജീബ് കാന്തപുരം

ര്‍ക്കെതിരെയും ഏതു നിമിഷവും കരി നിയമം പ്രയോഗിക്കാവുന്ന അടിയന്തരാവസ്ഥയിലാണ് ഇപ്പോള്‍ കേരളം. തീവ്ര ദേശീയതയുടെ മറ പിടിച്ച് സംഘ് പരിവാര്‍ നടത്തുന്ന ആക്രോശങ്ങള്‍ക്ക് യു.എ.പി.എ കൊണ്ട് കയ്യടി നല്‍കുന്ന ഇടതു സര്‍ക്കാറിന്റെ ദാസ്യവേലയെ എന്തു പേരിലാണ് ന്യായീകരിക്കാനാവുക? കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതു പക്ഷത്തിനു അനുകൂലമായ ജനവിധി രൂപപ്പെടുമ്പോള്‍ പിണറായി വിജയന്‍ എന്ന സെക്കുലര്‍ നേതാവിന്റെ സാന്നിധ്യം ജനം ഒരു അഭയമായി കൊതിച്ചിരുന്നു.

ഇന്ത്യയാകമാനം സംഘ് പരിവാര ഭീകരത തിളച്ചുമറിയുമ്പോള്‍ അതിനെതിരായ ചെറുത്തുനില്‍പ്പാകും ഇടതുപക്ഷ സര്‍ക്കാറെന്ന് ഒട്ടനവധി മതേതരവാദികള്‍ പ്രതീക്ഷിച്ചിരുന്നു. ആ പ്രതീക്ഷകളുടെ ഫലമാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായത്. എന്നാല്‍ പളുങ്കു പാത്രം കണക്കെ ഓരോ ദിനം പിന്നിടുമ്പോഴും പ്രതീക്ഷകളെല്ലാം ഉടഞ്ഞു തീരുകയാണ്.
മാര്‍ക്‌സിസ്റ്റ് ഭരണത്തിന്റെ പൊലീസ് പട്ടിപിടുത്തക്കാരെ പോലെ യു.എ.പി.എ എന്ന കുരുക്കുമായി നിസ്സഹായരും നിരപരാധികളുമായ മനുഷ്യര്‍ക്കു പിറകെ ഓടുകയാണ്.

വയോധികനായ എം.എന്‍. രാവുണ്ണിക്കെതിരെ യു.എ.പി.എ ചുമത്തിയത് നിലമ്പൂരില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം സന്ദര്‍ശിച്ചതിനാണ്. ഏറ്റവുമൊടുവില്‍ നോവലിസ്റ്റ് കമല്‍ സി. ചവറയെ സന്ദര്‍ശിച്ചതിന് സാമൂഹ്യ പ്രവര്‍ത്തകനായ നദീറിനെ കസ്റ്റഡിയിലെടുത്ത് യു.എ.പി.എ ചുമത്തിയിരിക്കുന്നു. എല്ലാ വിയോജിപ്പുകളെയും യു.എ.പി.എ കൊണ്ട് അടിച്ചൊതുക്കാമെന്ന് കേരള പൊലീസ് വിചാരിക്കുമ്പോള്‍ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയിലുള്ള അവസാന പ്രതീക്ഷയും അസ്തമിക്കുകയാണ്. നാളെ ആര്‍ക്കെതിരെയും വിലങ്ങു വീണേക്കാവുന്ന ഭയ ചകിതരായ സാമൂഹ്യ സാഹചര്യത്തില്‍ പ്രബുദ്ധ കേരളത്തിന്റെ പ്രതിഷേധം നാടിന്റെ രക്ഷക്കെത്തേണ്ടിയിരിക്കുന്നു.

 
കേരള പൊലീസ് കാണിക്കുന്ന തെമ്മാടിത്തങ്ങള്‍ക്ക് ആരാണ് ഉത്തരവാദി? ആ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കഴിയില്ലെങ്കില്‍ ആഭ്യന്തര മന്ത്രിക്കുപ്പായം അണിയുന്നതില്‍ എന്തു ന്യായം. മണ്ടത്തരങ്ങള്‍ കാണിച്ചതിന് മന്ത്രിമാരെ വരെ പുറത്താക്കുന്ന സി.പി.ഐ (എം) എന്തേ കാവിക്ക് കുട പിടിക്കുന്ന ഏകഛത്രാധിപതിക്കു മുമ്പില്‍ നാവ് വെന്തു നില്‍ക്കുന്നത്?. പീഡനത്തിനിരയായ പെണ്‍കുട്ടി പരാതി നല്‍കാനെത്തിയപ്പോള്‍ ആരുടെ കൂടെ കിടന്നപ്പോഴാണ് കൂടുതല്‍ സുഖം കിട്ടിയതെന്ന് ചോദിക്കുന്ന പൊലീസ് മാന്യന്മാര്‍ വിഹരിക്കുന്നത് സി.പി.എം ഭരണത്തില്‍ മാത്രമാണ്. സ്വന്തം പാര്‍ട്ടിയുടെ ബ്രാഞ്ച് സെക്രട്ടറിയുടെ കണ്ണടിച്ചു പൊട്ടിക്കുകയും അയാളുടെ ഒന്നര വയസ്സായ കുഞ്ഞിനെയും ഭാര്യയെയും അപമാനിക്കുകയും ചെയ്യുമ്പോള്‍ ഗ്രൂപ്പ് വൈരത്തിന്റെ പേരിലാണോ ആഭ്യന്തര മന്ത്രി നിശബ്ദനായത്?.

 
കേരളത്തിലെ പൊലീസ് നടപടി കണ്ടാല്‍ നാട്ടില്‍ ഫാസിസമുണ്ടെന്ന് വി.എസ് അച്യുതാനന്ദന്‍ പറയുമ്പോള്‍ അതിനെ ഗ്രൂപ്പ് പോരിന്റെ കളത്തില്‍ മാത്രം തളച്ചിടാനാവില്ല. മേലാല്‍ യു.എ.പി.എ ചുമത്തില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു പറയുമ്പോഴും പിന്നാമ്പുറത്തുകൂടെ പൊലീസ് ഇരകളെ തപ്പി നടക്കുകയാണ്. അപ്പോള്‍ പൊലീസിനെ ഭരിക്കുന്നത് ആരാണ്? ഇടതുപക്ഷത്തിന് അധികാരം ലഭിച്ച ഉടനെ ഇജാസ് അഹമ്മദ് ഐ.പി.എസിനു പകരം ലോക്‌നാഥ് ബെഹ്‌റയെ ഡി.ജി.പിയായി നിയമിച്ചപ്പോള്‍ ഏറെ സംശയങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. 55 കാരനായ ഈ ഒഡീഷക്കാരന്റെ ബാക്ക് ഫയല്‍ തന്നെയായിരുന്നു കാര്യം.

1985ല്‍ കേരള കേഡറില്‍ നിന്ന് ഐ.പി.എസ് എടുത്തെങ്കിലും ബെഹ്‌റ ഏറെയും പുറത്തായിരുന്നു. മുംബൈ സ്‌ഫോടനക്കേസ് ഉള്‍പ്പെടെ പ്രമാദമായ പല കേസന്വേഷണങ്ങളുടെയും നായക സ്ഥാനത്തുള്ള ബെഹ്‌റയുടെ പല നടപടികളും വിവാദമായിട്ടുണ്ട്. എന്‍.ഐ.എ സ്ഥാപകാംഗമായ ബെഹ്‌റ ഇപ്പോള്‍ എന്‍.ഐ.എ പെരുമാറുന്ന പോലെ പെരുമാറുമ്പോള്‍ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിസ്സംഗനായി നില്‍ക്കുന്നതാണ് ഏറെ ദുരൂഹത ഉണര്‍ത്തുന്നത്.

 
യഥാര്‍ത്ഥ കുറ്റവാളികള്‍ മേഞ്ഞു നടക്കുമ്പോള്‍ നിസ്സഹായരും നിരാലംബരുമായ പാവങ്ങളെ പൊലീസ് വേട്ടയാടുന്നത് ഏത് ന്യായത്തിന്റെ പേരിലാണ്. പൊലീസ് ഇരട്ട നീതിയാണ് നടപ്പാക്കുന്നതെന്ന് വ്യക്തമാകുമ്പോള്‍ അതിനെതിരെ സംഘടിതവും ജനാധിപത്യപരവുമായ ജനരോഷം ഉയര്‍ന്നുവരേണ്ടിയിരിക്കുന്നു. സര്‍ക്കാറിന്റെ ചെയ്തികളെ കള്ളനും പൊലീസും കളിച്ച് പരിഹസിക്കുകയാണ് സി.പി.ഐ.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഈ പൊലീസ് വേട്ട അവസാനിപ്പിക്കാന്‍ ചേട്ടന്‍ പൊലീസിനോട് പറയുന്നതിനു പകരം ഇരയോടൊപ്പം നില്‍ക്കുകയും വേട്ടപ്പട്ടിയോടൊപ്പം ഓടുകയും ചെയ്യുന്ന അപഹാസ്യമായ രാഷ്ട്രീയമാണ് സി.പി.എം കളിക്കുന്നത്.

ഇത് കൂടുതല്‍ സംശയങ്ങളുണ്ടാക്കാന്‍ മാത്രമേ ഉപകരിക്കൂ. പൗരാവകാശങ്ങളും മൗലികാവകാശങ്ങളും എല്ലാ ജനാധിപത്യ മര്യാദകളും റദ്ദാക്കപ്പെട്ട ഒരു വലിയ പൊലീസ് സ്റ്റേഷനായി കേരളം മാറിക്കഴിഞ്ഞെന്ന കെ.കെ രമയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് അന്വര്‍ത്ഥമാക്കുന്ന തരത്തിലാണ് ഓരോ ദിവസവും വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കേരളം ഭരിക്കുന്നത് ഇടതുപക്ഷമോ സംഘ് പരിവാരമോ എന്ന സന്ദേഹം ഇടതു സഹയാത്രികര്‍ തന്നെ ഉയര്‍ത്തുന്ന തരത്തില്‍ ഉത്കണ്ഠാജനകമാണ് സാമൂഹ്യ സാഹചര്യം.

മാധ്യമങ്ങള്‍ തമസ്‌കരിക്കുകയും അവഗണിക്കുകയും ചെയ്യുന്ന വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളുടെ ചൂടേറിയ വാര്‍ത്തയാകുമ്പോള്‍ വാട്‌സ് ആപ്പും ഫെയ്‌സ്ബുക്കും ദിനചര്യയായിത്തീര്‍ന്ന മലയാളിയുടെ അകത്ത് ചില പ്രസക്തമായ ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. ആരാണ് കേരളത്തിന്റെ ആഭ്യന്തര മന്ത്രി? പൊലീസിനെ ഭരിക്കുന്നത് ആഭ്യന്തര മന്ത്രിയോ അതോ കാവി പുതച്ച പൊലീസ് മേധാവികളോ? കാക്കിയും കാവിയും തമ്മില്‍ ഒരക്ഷരത്തിന്റെ വ്യത്യാസം മാത്രമാണുണ്ടായിരുന്നത്. എന്നാല്‍ കുറച്ച് ആഴ്ചകളായി ആ അക്ഷരത്തിനു വ്യതിയാനമുണ്ടായിരിക്കുന്നു.

കമല്‍ സി. ചവറ എന്ന നോവലിസ്റ്റിനെ 19 മണിക്കൂര്‍ പൊലീസ് സ്റ്റേഷനിലിരുത്തി പന്തുരുട്ടുമ്പോള്‍ എന്ത് ആനന്ദമാണ് കേരള പൊലീസ് അനുഭവിക്കുന്നത്. കരി നിയമങ്ങള്‍ക്കെതിരെ യുദ്ധം ചെയ്ത ഒരു പാര്‍ട്ടിയുടെ മുഖ്യമന്ത്രി സര്‍വാധികാരങ്ങളോടെ സിംഹാസനത്തിലിരിക്കുമ്പോഴാണ് ചവറുപോലെ യു.എ.പി.എ ചുമത്തി നിസ്സഹായരായ മനുഷ്യരെ ഇരുമ്പഴിക്കുള്ളിലേക്ക് തള്ളുന്നത്. നിലമ്പൂരില്‍ മാവോയിസ്റ്റ് അനുകൂലികളായ അജിതയും കുപ്പു ദേവരാജും മൃഗീയമായി കൊലചെയ്യപ്പെടുമ്പോള്‍ അതിനെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ ലോക്‌നാഥ് ബെഹ്‌റയുടെ മനോവീര്യ സിദ്ധാന്തം കൊണ്ട് മറയിടാന്‍ മുഖ്യമന്ത്രി നടത്തിയ ശ്രമം അവമതിപ്പുണ്ടാക്കുന്നു.

നിരായുധരായ രണ്ട് മനുഷ്യരെ കാട്ടിനുള്ളില്‍ വളഞ്ഞുപിടിച്ച് ഏകപക്ഷീയമായി കൊലചെയ്യുമ്പോള്‍ കേരളത്തിലെ തണ്ടര്‍ബോള്‍ട്ടും അഹമ്മദാബാദിലെയും ഭോപ്പാലിലെയും ഭീകര വിരുദ്ധ സേനയും തമ്മിലുള്ള വ്യത്യാസമെന്ത്? ഉത്തരേന്ത്യയില്‍ സംഘ്പരിവാരം നടത്തുന്നത് ഭരണകൂട ഭീകരതയാണെങ്കില്‍ കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നതും ഭരണകൂട ഭീകരതയാണെന്ന് പറയാതെ വയ്യ.

പ്രബുദ്ധരായ പൊതു സമൂഹവും കക്ഷി ഭേദമന്യെ സംസ്ഥാനത്തിന്റെ രാഷ്ട്രീയ സാംസ്‌കാരിക നേതൃത്വവും ഈ അപഥ സഞ്ചാരത്തിനെതിരെ ശബ്ദമുയര്‍ത്തിയില്ലെങ്കില്‍ കേരളം ഗുജറാത്താകാന്‍ അധിക നേരം വേണ്ടിവരില്ല. കമല്‍ സി. ചവറ എന്ന നോവലിസ്റ്റിന് നേരിടേണ്ടി വന്നത് ആദ്യത്തെ അനുഭവമല്ല. പോളി ജീവനക്കാരനായ രജീഷും എം.എന്‍ രാവുണ്ണിയും ഏറ്റുവാങ്ങിയതിന്റെ തുടര്‍ച്ചയാണ്. രാവുണ്ണിക്കെതിരെ യു.എ.പി.എ ചുമത്താന്‍ മടിയില്ലാത്ത മാര്‍ക്‌സിസ്റ്റ് സര്‍ക്കാര്‍ ഇതുവരെ ശശികലയെന്ന വര്‍ഗീയ സര്‍പ്പത്തിനെതിരെ ഈ വകുപ്പ് ചുമത്താന്‍ ധൈര്യം കാണിച്ചിട്ടില്ലെന്നത് ദുരൂഹത ഉയര്‍ത്തുന്നതാണ്.

 
പൊലീസിനെ തോന്നിയ പോലെ മേയാന്‍ വിട്ട് ആഭ്യന്തര മന്ത്രി കാശിക്കു പോയാല്‍ ജനാധിപത്യ സമൂഹത്തിനു അധിക നേരം നിശബ്ദരാകാന്‍ കഴിയില്ല. ഇപ്പോള്‍ തന്നെ കേരളത്തിലെ രാഷ്ട്രീയ ബോധമുള്ള ചെറുപ്പം വെര്‍ച്വല്‍ യുദ്ധം ആരംഭിച്ചു കഴിഞ്ഞു. കീ ബോര്‍ഡും മൗസുമാണ് അവരുടെ ആയുധമെങ്കില്‍ നാളെ ബഹുജനം ഇതിനെ തെരുവിലേക്ക് കൊണ്ടുവരും.

chandrika: