X

റേഷനരി മുട്ടിക്കുന്ന ഇടതുസര്‍ക്കാര്‍

ഒരു ക്ഷേമ രാജ്യത്തിന്റെ മികവായി നാം എണ്ണുന്നത് റേഷന്‍ കടയിലെ ധാന്യശേഖരമാണ്. കേരളത്തിലെ റേഷന്‍ കടകളില്‍ റേഷന്‍ ധാന്യങ്ങളുടെ വിതരണം നിലച്ചിട്ട് മാസം രണ്ടാകുന്നു. സംസ്ഥാനത്തിന്റെ ആറു പതിറ്റാണ്ടത്തെ ചരിത്രത്തില്‍ ഒരിക്കലും ഉണ്ടാകാത്ത രീതിയിലുള്ള ഭക്ഷ്യപ്രതിസന്ധിയുടെ കറയില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് ഒരുനിലക്കും ഒഴിഞ്ഞുനില്‍ക്കാനാവില്ല. കേന്ദ്ര സര്‍ക്കാരിന്റെ നയമാണ് പ്രശ്‌നത്തിന് കാരണമെന്ന് പറഞ്ഞ് തടിതപ്പാന്‍ ശ്രമിക്കുന്ന ഇടതുപക്ഷ സര്‍ക്കാരിനെതിരെ കനത്ത ജനരോഷം ഉയരുകയാണിപ്പോള്‍.

 

റേഷന്‍ കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട നടപടികള്‍ ഇനിയും കര കാണാത്ത അവസ്ഥയിലാണ്. മുന്‍ഗണനാപട്ടികയിലുള്ള അര്‍ഹരായവര്‍ക്ക് പോലും അവരുടെ ഏക ആശ്രയമായ ധാന്യം കിട്ടാതെ വന്നിരിക്കുന്നു. സര്‍ക്കാരിന്റെ ഇക്കാര്യത്തിലെ അനാസ്ഥയുടെ ഫലമാണ് കഴിഞ്ഞ ഒരാഴ്ചയായി പൊതുവിപണിയിലുണ്ടായിരിക്കുന്ന കുത്തനെയുള്ള അരി വില വര്‍ധനയും. 2013ല്‍ പാര്‍ലമെന്റ് പാസാക്കിയ കേന്ദ്ര ഭക്ഷ്യ സുരക്ഷാനിയമമാണ് കേരളത്തിലെ റേഷന്‍ വിഹിതം വെട്ടിക്കുറക്കാന്‍ കേന്ദ്രസര്‍ക്കാരിനെ പ്രേരിപ്പിച്ചത്. കേരളം പോലുള്ള സംസ്ഥാനത്ത് നിയമം നടപ്പാക്കുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പെടുത്തിയിരുന്നു.

 

പുതിയ പട്ടികയിലേക്ക് മാറുന്നതു സംബന്ധിച്ച് ഏതാനും മാസം മുമ്പുതന്നെ കേരളം കേന്ദ്ര ഭക്ഷ്യ മന്ത്രാലയത്തെ വിവരമറിയിച്ചിരുന്നു. ഇതുകാരണം അരി വിഹിതം വെട്ടിക്കുറക്കുകയുണ്ടായില്ല. എന്നാല്‍ അധികാരത്തിലേറിയ ഇടതു മുന്നണി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മതിയായ നടപടിയെടുക്കാതെ എല്ലാം കേന്ദ്രത്തിന്റെ തലയിലിട്ട് കൈകഴുകാനാണ് ശ്രമിച്ചത്. ഇതിന്റെ ഫലമാണ് ഇന്ന് കേരളത്തിലെ പാവപ്പെട്ടവരും സാധാരണക്കാരുമായ മൂന്നുകോടിയോളം പേര്‍ അനുഭവിക്കുന്നത്. മൂന്നു മാസമായുള്ള അനാസ്ഥയുടെ തിക്ത ഫലമാണിത്. മോദി സര്‍ക്കാരിന്റെ നോട്ടുനിരോധനവും കൂനിന്മേല്‍ കുരുവായി.

 

അരി വില പൊതുവിപണിയില്‍ പലയിനത്തിനും 40 രൂപ കടന്നിരിക്കുന്നു. മുപ്പതും 32ഉം രൂപക്ക് വിറ്റിരുന്ന അരിയാണ് വിലകുത്തനെ കൂട്ടിവില്‍ക്കുന്നത്. അന്യസംസ്ഥാന അരിക്കച്ചവട ലോബി ഇതിനുപിന്നില്‍ കളിക്കുകയാണെന്നാണ് വകുപ്പുമന്ത്രി പറയുന്നത്.16 ലക്ഷം മെട്രിക് ടണ്ണാണ് പ്രതിമാസം കേരളത്തിന് ലഭിക്കേണ്ടത്. ഇത് നല്‍കുന്നുണ്ടെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. എന്നാല്‍ ഇത് വിതരണം ചെയ്യുന്നതിലാണ് തൊഴിലാളികളുടേതെന്നവകാശപ്പെടുന്ന ഇടതുസര്‍ക്കാര്‍ അലംഭാവം കാട്ടുന്നത്. നവംബറിലെ അരി വിഹിതം ഇനിയും വിതരണം ചെയ്യാത്ത അവസ്ഥയാണ് ഉണ്ടായിട്ടുള്ളത്.

 

ഡിസംബര്‍ തീര്‍ന്നാലും ഈ അരി വിതരണം ചെയ്തുതീരുന്നില്ലെന്നാണ് ഇപ്പോഴത്തെ അവസ്ഥ. അഞ്ചുകിലോ ധാന്യം (നാലുകിലോ അരിയും ഒരു കിലോ ആട്ടയും) സൗജന്യമായി 1.54 കോടി പേര്‍ക്ക് നല്‍കാനും രണ്ടുരൂപക്ക് രണ്ടുകിലോ അരി 1.24 കോടി പേര്‍ക്ക് നല്‍കാനുമാണ് കേരളം തീരുമാനിച്ചിരിക്കുന്നത്. ബാക്കി 64 ലക്ഷം പേര്‍ക്ക് ഒരു രൂപ നിരക്കില്‍ ഒരു കിലോ അരിയും ഒരുകിലോ ആട്ടയും നല്‍കും. ഇതില്‍ ഓരോ കിലോ അരി മാത്രമാണ് പഴയ ബി.പി.എല്‍ പട്ടികയില്‍പെട്ട ഉപഭോക്താക്കള്‍ക്കിപ്പോള്‍ വിതരണം ചെയ്തിരിക്കുന്നത്. അല്‍പം ചില ജില്ലകളില്‍ മാത്രമാണ് സ്‌റ്റോക്കെത്തിയിട്ടുള്ളത്.
കേന്ദ്രത്തിനുകീഴിലെ ധാന്യം സൂക്ഷിച്ചിട്ടുള്ള എഫ്.സി.ഐ ഗോഡൗണുകളിലെ തൊഴിലാളികള്‍ കൂലി വര്‍ധന ആവശ്യപ്പെട്ട് നടത്തിവരുന്ന സമരമാണ് പ്രശ്‌നത്തിന് കാരണമെന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ ഇത് മുന്‍കൂട്ടി കണ്ട് അടിയന്തിരമായി പ്രശ്‌നം പരിഹരിക്കാന്‍ വകുപ്പോ സര്‍ക്കാരോ ശ്രമിച്ചില്ല. എഫ്.സി.ഐയില്‍ നിന്ന് ഇടത്തട്ടുകാരെ ഒഴിവാക്കി ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ധാന്യങ്ങള്‍ നേരിട്ട് റേഷന്‍ കടകളിലെത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടതെങ്കില്‍ അത് സുഗമമാണോ എന്ന് പരിശോധിക്കേണ്ടത് ആരായിരുന്നു. ഇതിനിടെയാണ് റേഷന്‍ കടയുടമകള്‍ വേതന വര്‍ധനയാവശ്യപ്പെട്ട് സമരത്തിനിറങ്ങിയത്.

 

തൊഴിലാളികളുടെ അട്ടിമറിക്കൂലി ഇന്നലത്തെ ചര്‍ച്ചയില്‍ കൂട്ടി നല്‍കി. പക്ഷേ, വ്യവസ്ഥാപിതമായ വേതന നിരക്ക് കൊണ്ടുമാത്രം മുമ്പ് വന്‍ ലാഭം നേടിയിരുന്ന കച്ചവടക്കാര്‍ക്ക് ഇപ്പോള്‍ പിടിച്ചുനില്‍ക്കാനാകാത്തത് കാരണം ക്രമക്കേടുകള്‍ ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണത്. മുഖ്യമന്ത്രിയുടെ ഒദ്യോഗിക വസതിക്കരികെയുള്ള റേഷന്‍ കടയില്‍ നിന്നുവരെ വില കൂട്ടി റേഷനരി മറിച്ചുവില്‍ക്കുന്നത് കഴിഞ്ഞ ദിവസം കണ്ടെത്തുകയുണ്ടായി.
ആധാര്‍ കാര്‍ഡ് റേഷന്‍ കാര്‍ഡുമായി ലയിപ്പിക്കുന്ന പ്രക്രിയയും കടകളില്‍ പോയിന്റ് ഓഫ് സെയില്‍ യന്ത്രം സ്ഥാപിക്കുകയും ഉപഭോക്താക്കള്‍ക്ക് സന്ദേശം പോകുന്ന തരത്തില്‍ മൊബൈല്‍ ബന്ധിതമാക്കുകയും ചെയ്യണമെന്നാണ് ഭക്ഷ്യ സുരക്ഷാനിയമം പറയുന്നത്.

ഗോഡൗണുകളില്‍ നിന്ന് റേഷന്‍ കടകളിലേക്ക് പോകുന്ന വാഹനങ്ങളില്‍ മൈക്രോചിപ്പ് ഘടിപ്പിക്കുന്നതുമൂലം ധാന്യങ്ങള്‍ വഴിവിട്ട് പോകുന്നത് തടയാനാകുമെന്ന് മന്ത്രി പറയുന്നുണ്ടെങ്കിലും എന്ന് ഇത് പ്രാവര്‍ത്തികമാകുമെന്ന് തിട്ടമില്ല. ജനുവരി 15ഓടെ പുതിയ കാര്‍ഡുകള്‍ തയ്യാറാകുമെങ്കിലും ഇവയില്‍ മുന്‍ഗണനാ പട്ടികയും അല്ലാത്തതുമായി വേര്‍പെടുത്തി നല്‍കാനാവുമോ എന്നത് ഇനിയും ആശങ്കയിലാണ്. ഇപ്പോള്‍ റേഷന്‍ കാര്‍ഡുകളില്‍ പഴയ നിരക്കനുസരിച്ചാണ് ധാന്യം നല്‍കുന്നത്.

 

കാര്‍ഡുകളുടെ കരടുപട്ടിക പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് മുന്‍ഗണനാ പട്ടികയിലുള്‍പ്പെടുന്നതടക്കമുള്ള തെറ്റുതിരുത്തലിനായി 15 ലക്ഷം പരാതികളാണ് സര്‍ക്കാരിന് ലഭിച്ചത്. ഇതിന്റെ പരിശോധനയാണ് തിരുവനന്തപുരത്ത് ഇപ്പോള്‍ നടന്നുവരുന്നത്. കാര്‍ഡിലെ വിവരങ്ങള്‍ പുറത്തുപോകാതിരിക്കാനുള്ള ജാഗ്രതയെക്കുറിച്ചും സംശയമുയര്‍ന്നിട്ടുണ്ട്.
പാവപ്പെട്ടവരുടെ വികാസമാണ് ഭരണകൂടം ലക്ഷ്യം വെക്കേണ്ടത്. അവരുടെ ഭക്ഷണം, വസ്ത്രം,പാര്‍പ്പിടം എന്നിവക്ക് വ്യക്തമായ മാര്‍ഗങ്ങള്‍ നാം രൂപപ്പെടുത്തിയതിന്റെ ഫലങ്ങളാണ് പൊതുവിതരണ സമ്പ്രദായവും വിവിധ പാര്‍പ്പിട പദ്ധതികളും മറ്റും. ക്രിസ്മസും പുതുവല്‍സരവും എത്തുന്ന സമയമാണിപ്പോള്‍.

 

പൊതുവിതരണം കാര്യക്ഷമമല്ലെങ്കില്‍ പൊതുവിപണിയില്‍ വില കുത്തനെ ഉയരും. പാവപ്പെട്ടവരെയും സാധാരണക്കാരെയുമാണ് ഇത് ഗുരുതരമായി ബാധിക്കുക. അടിയന്തിരമായി ഇക്കാര്യത്തില്‍ ഇടപെട്ടില്ലെങ്കില്‍ കേരളം പതിറ്റാണ്ടുകളായി കാത്തുവെച്ചിരിക്കുന്ന പൊതുവിതരണ സമ്പ്രദായത്തിന്റെ തകര്‍ച്ചയും രൂക്ഷമായ വിലക്കയറ്റവുമായിരിക്കും സംസ്ഥാനം അനുഭവിക്കാന്‍ പോകുന്നത്. ഇക്കാര്യത്തിലെല്ലാം സര്‍ക്കാരും പ്രത്യേകിച്ച് ഭക്ഷ്യവകുപ്പും കാര്യക്ഷമത കാണിക്കേണ്ടിയിരിക്കുന്നു. തൊട്ടതിനെല്ലാം മുഖ്യഘടകക്ഷിയെ കുറ്റം പറഞ്ഞുനടക്കുന്ന രണ്ടാം കക്ഷിക്ക് സ്വന്തം വകുപ്പിന്റെ കാര്യത്തിലെ അനവധാനത ന്യായീകരിക്കാന്‍ കഴിയുന്നതെങ്ങനെ ?

chandrika: