X

കെവിന്റെ കൊലപാതകത്തെ പറ്റി പോസ്റ്റിട്ട ദളിത് പ്രവര്‍ത്തകന്റെ വീട്ടില്‍ കയറി സിപിഎം അക്രമം; പിതാവിനെ മര്‍ദിച്ചു

കെവിന്റെ കൊലപാതകത്തെ കുറിച്ച് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിട്ട ഷിബി പീറ്റര്‍ എന്ന ദലിത് പ്രവര്‍ത്തകന്റെ വീട്ടില്‍ സി.പി.എം പ്രവര്‍ത്തകരുടെ അക്രമം. മൂന്നു പേരടങ്ങുന്ന സംഘമാണ് ഇന്ന് ഉച്ചയോടെ ഷിബി പീറ്ററുടെ പറശ്ശിക്കാട്ടെ വീട്ടിലെത്തിയത്. ‘വീട്ടില്‍ നിന്ന് ഇറങ്ങിപ്പോടാ….’ എന്ന ആക്രോഷിച്ചു കൊണ്ട് വീട്ടിലേക്ക് അക്രമിച്ചു കയറിയ പ്രവര്‍ത്തകര്‍ ഹൃദ്രോഗിയായ അഛന്‍ ടി.ജെ പീറ്ററെ മര്‍ദ്ദിച്ചു. അദ്ദേഹം കഴിഞ്ഞ ആഴ്ച നടന്ന സര്‍ജറിക്കു ശേഷം വീട്ടില്‍ വിശ്രമിക്കുകയായിരുന്നു. അക്രമി സംഘത്തിന് നാട്ടകം ലോക്കല്‍ ഏരിയ കമ്മിറ്റി അംഗമായ രാജേന്ദ്രനാണ് നേതൃത്വം നല്‍കിയത്.

അപരിചിതരോട് ആരാണ് നിങ്ങള്‍ എന്ന് ആവര്‍ത്തിച്ചു ചോദിച്ചെങ്കിലും മറുപടിയൊന്നും ഉണ്ടായില്ല. പ്രതിരോധിക്കാന്‍ ശ്രമിച്ച അമ്മയെ തട്ടി മാറ്റി അഛനെ മര്‍ദ്ദിക്കുകയായിരുന്നു. അഛന്‍ ടി.ജെ. പീറ്ററെ ആസ്പത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിച്ചിട്ടുണ്ട്.

ദലിത് പ്രവര്‍ത്തകനായ ഷിബീ പീറ്റര്‍ കെവിന്‍ കൊലപാതകത്തില്‍ ഫെയ്‌സ്ബുക്കില്‍ നിരന്തരം പോസ്റ്റുകളിട്ടിരുന്നു. സമൂഹ മാധ്യമങ്ങളില്‍ വൈറലായ ഈ പോസ്റ്റുകളോട് ഭീഷണി സ്വരത്തിലായിരുന്നു സി.പിഎമ്മിന്റെ പ്രതികരണം. അംബേദ്കര്‍ സ്റ്റുഡന്റ് അസോസിയേഷന്റെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കും ഷിബി പീറ്റര്‍ പിന്തുണ നല്‍കിയിരുന്നു.

ഇതേ കുറിച്ച് ഷിബി പീറ്റര്‍ തന്നെ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് താഴെ ചേര്‍ക്കുന്നു.

കെവിന്റെ കൊലപാതകത്തെക്കുറിച്ചുള്ള എന്റെ കുറിപ്പുകള്‍ ആണോ എന്നറിയില്ല, അല്‍പ്പം മുന്‍പ് എന്റെ പിതാവിനെ വീട്ടില്‍ കയറി സി.പി.എം പ്രവര്‍ത്തകര്‍ എന്ന അവകാശപ്പെട്ട് കൊണ്ട് ചിലര്‍ കൈയേറ്റം ചെയ്തിരിക്കുന്നു. ഒരാഴ്ച്ച മുന്‍പുള്ള സര്‍ജറിക്ക് ശേഷം വിശ്രമിക്കുകയായിരുന്ന അദ്ദേഹം ഇപ്പോള്‍ ഹൃദയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ സെന്ററില്‍ ഐ. സി.യു വില്‍ പ്രവേശിക്കപ്പെട്ടിരിക്കുന്നു. നാട്ടകം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി രാജേന്ദ്രന്‍ എന്ന് പരിചയപ്പെടുത്തിയ മൂന്ന് അംഗ സംഘമാണ് കൈയേറ്റം നടത്തിയത്. എന്റെ അമ്മയും സഹോദരന്റെ ഭാര്യയും മാത്രം വീട്ടില്‍ ഉള്ളപ്പോള്‍ കാണിച്ച ഈ ശൗര്യത്തോട് എങ്ങിനെയാണ് പ്രതികരിക്കേണ്ടത്? പോലീസ് ആശുപത്രിയില്‍ എത്തി മൊഴി എടുക്കുമെന്ന് കരുതുന്നു. മുഖ്യമന്ത്രിയ്ക്കും ഡി. ജി.പിയ്ക്കും പരാതി നല്കിക്കൊണ്ട് നിയമ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നു

chandrika: