X
    Categories: indiaNews

‘ഏറ്റുമുട്ടലുണ്ടാക്കി കൊല്ലാതിരുന്നതിന് നന്ദി’ : ജയില്‍ മോചിതനായ കഫീല്‍ ഖാന്റെ ആദ്യ പ്രതികരണം

ലഖ്‌നൗ: ഡോ. കഫീല്‍ ഖാന്‍ ജയില്‍ മോചിതനായി. പുലര്‍ച്ചെ ജയില്‍മോചിതനായ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പ്രതികരണവുമായി രംഗത്തെത്തി. വ്യാജ ഏറ്റുമുട്ടലുണ്ടാക്കി തന്നെ കൊല്ലാതിരുന്നതിന് നന്ദിയെന്ന് കഫീല്‍ ഖാന്‍ പറഞ്ഞു.

‘ജയില്‍ മോചിതനാക്കാനുള്ള ഉത്തരവില്‍ നീതിന്യായ കോടതിയോട് കടപ്പെട്ടിരിക്കുന്നു. എന്റെ പ്രസംഗം സാമുദായിക കലാപം ഉണ്ടാക്കാനുദ്ദേശിച്ചുള്ളതല്ലെന്ന് കോടതി ഉത്തരവിലൂടെ വ്യക്തമായിരിക്കുകയാണ്. അവസാനമായി പ്രത്യേക പൊലീസ് സംഘത്തിനും നന്ദി പറയുകയാണ്… മുംബൈയില്‍ നിന്നും മഥുരയിലേക്ക് കൊണ്ടുവരുന്ന വഴി വ്യാജ ഏറ്റുമുട്ടലുണ്ടാക്കി കൊല്ലാതിരുന്നതിന്… ‘ കഫീല്‍ ഖാന്‍ പറഞ്ഞു.

രാമായണത്തില്‍ മഹര്‍ഷി വാല്‍മീകി പറയുന്നത് രാജാവ് പ്രവര്‍ത്തിക്കേണ്ടത് രാജധര്‍മ്മം ആണെന്നാണ്. എന്നാല്‍ ഉത്തര്‍പ്രദേശില്‍ രാജധര്‍മ്മം അല്ല, കുട്ടികളുടേത് പോലെയുള്ള ശാഠ്യമാണ്. കഫീല്‍ ഖാന്‍ അഭിപ്രായപ്പെട്ടു. മഥുര ജയിലില്‍ നിന്നും പുറത്തിറങ്ങിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഡോ കഫീല്‍ ഖാന്‍.

ദേശീയ സുരക്ഷാനിയമം ചുമത്തി ജയിലില്‍ അടച്ചിരുന്ന ഡോ. കഫീല്‍ ഖാനെ ഉടന്‍ മോചിപ്പിക്കാനാണ് അലഹാബാദ് ഹൈക്കോടതി വിധിച്ചത്. ഇതേത്തുടര്‍ന്ന് ചൊവ്വാഴ്ച അര്‍ധരാത്രിയോടെയാണ് ഡോ. ഖാനെ മഥുര ജയിലില്‍ നിന്നും മോചിപ്പിച്ചത്. കഫീല്‍ ഖാന്റെ അമ്മ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്.

ഡോ. ഖാനെ മോചിപ്പിക്കാനുള്ള ഉത്തരവ് ഇന്നലെ തന്നെ ലഭിക്കുമെന്ന് കരുതിയില്ലെന്ന് മുപ്പുതുകാരിയായ ഭാര്യ സബിസ്ത ഖാന്‍ പറഞ്ഞു. തനിക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച ജന്മദിനസമ്മാനമാണ് ഇതെന്നും സബിസ്ത അഭിപ്രായപ്പെട്ടു. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭസമയത്ത് അലിഗഢ് സര്‍വകലാശാലയില്‍ നടത്തിയ പ്രസംഗത്തിന്റെപേരിലാണ് ഡോ. കഫീല്‍ ഖാനെ ദേശീയ സുരക്ഷാ നിയമപ്രകാരം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തടങ്കലിലാക്കിയത്.

chandrika: