X
    Categories: indiaNews

ഖാര്‍ഗെ; വിദ്യാര്‍ഥി രാഷ്ട്രീയം മുതല്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം വരെ

സമൂഹ മാധ്യമങ്ങള്‍ വഴി ട്രെന്‍ഡിങ്ങുകള്‍ നടത്തുന്ന നവമാധ്യമ രാഷ്ട്രീയക്കാര്‍ക്കിടയില്‍ വ്യത്യസ്തനാണ് ഖാര്‍ഗെ എന്ന ജനനേതാവ്. കോണ്‍ഗ്രസ് തലപ്പത്ത് 75 വയസുള്ള സോണിയ മാറി 80കാരന്‍ വരുമ്പോള്‍ എന്ത് മാറ്റമെന്ന് ചോദിക്കുന്നവര്‍ ഗ്രാസ്റൂട്ട് ലവലില്‍നിന്നും കേറി വന്ന ഇംഗ്ലീഷ്, ഹിന്ദി, മറാഠി എന്നീ ഭാഷകളില്‍ പ്രാവീണ്യമുള്ള ഖാര്‍ഗെയെ അറിയാത്തതിനാലാണ് ഈ ചോദ്യം കൊളുത്തി വലിപ്പിക്കുന്നത്. കോണ്‍ഗ്രസില്‍ പ്രതീക്ഷ അര്‍പ്പിക്കുന്ന രാജ്യത്തെ മതനിരപേക്ഷ വാദികള്‍ക്ക് എന്ത് സന്ദേശം പുതിയ അധ്യക്ഷന്
നല്‍കാന്‍ കഴിയും എന്ന് ചോദിച്ചാല്‍ അടിയുറച്ച കോണ്‍ഗ്രസുകാരനും കടുത്ത ആര്‍.എസ്.എസ് വിമര്‍ശകനും ദീര്‍ഘകാലം ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച നേതാവുമാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നത് തന്നെയാണ് ഉത്തരം.ഇന്ത്യയിലെ പ്രധാന രാഷ്ട്രീയപാര്‍ട്ടികളില്‍ മിക്കതും നേതാക്കള്‍ക്ക് 75 വയസ് പ്രായപരിധി നിശ്ചയിക്കുമ്പോള്‍ കോണ്‍ഗ്രസ് എണ്‍പതു വയസുകാരനെ അധ്യക്ഷനാക്കാന്‍ പോകുന്നേ എന്ന് വിലപിക്കുന്നവര്‍ക്ക് മുന്നില്‍ പ്രായം വെറും അക്കം മാത്രമെന്ന മറുപടിയാണ് പ്രവര്‍ത്തന മികവ് പരിശോധിക്കുമ്പോള്‍ ഖാര്‍ഗെയ്ക്ക് പറയാനുണ്ടാവുക.

കര്‍ണാടകയിലെ ബീദാര്‍ ജില്ലയിലെ വരവട്ടിയില്‍ ജനിച്ച് ഗുല്‍ബര്‍ഗയിലെ സര്‍ക്കാര്‍ കോളജില്‍നിന്നു ബിരുദവും നിയമ ബിരുദവുമൊക്കെ നേടി അഭിഭാഷകനായി തുടങ്ങിയ ഖാര്‍ഗെ അത്ര നിസാരക്കാരനല്ല. ബിരുദ പഠനകാലത്ത് വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ തുടങ്ങിയ ഖാര്‍ഗെ പിന്നീട് തൊഴിലാളികളുടെ അവകാശത്തിനായി പോരാടിയാണ് തുടങ്ങുന്നത്. ഗുല്‍ബര്‍ഗ സിറ്റി കോണ്‍ഗ്രസ് പ്രസിഡന്റില്‍നിന്നും ദേശീയ പ്രസിഡന്റ് സ്ഥാനത്തേക്ക് കയറിവന്ന പടവുകള്‍ അത്ര ലളിതമല്ല താനും. ആറ് പതിറ്റാണ്ട് കാലത്തെ പ്രതിബദ്ധതയും ജനപക്ഷ നിലപാടും അചഞ്ചലമായ ആദര്‍ശവും കോണ്‍ഗ്രസ് വികാരമായും കൊണ്ടുനടക്കുന്ന ഖാര്‍ഗെയെ വെറുമൊരു ദലിത് നേതാവ് എന്ന തരത്തിലേക്ക് ചുരുക്കിക്കാട്ടാനാവുന്നതല്ല. സുപ്രീംകോടതി ജഡ്ജിയായിരുന്ന ശിവരാജ് പാട്ടീലിന്റെ കീഴില്‍ നിയമം അഭ്യസിക്കുകയും കോടതികളില്‍ മികച്ച അഭിഭാഷകനായി പേരെടുക്കുകയും ചെയ്ത ഖാര്‍ഗെ രാഷ്ട്രീയ രംഗത്തല്ലായിരുന്നുവെങ്കില്‍ അറിയപ്പെട്ട നിയമജ്ഞനായിമാറുമായിരുന്നു. പഠനോപകരണങ്ങളും ഉച്ച ഭക്ഷണങ്ങളും ഇല്ലാതെ വൈഷമ്യം അനുഭവിക്കുന്ന കുട്ടികള്‍ക്കായി പ്രത്യേക പാക്കേജുകള്‍ പ്രഖ്യാപിച്ച വിദ്യാര്‍ഥി നേതാവായിരുന്നു ഖാര്‍ഗെ. ഫീസില്ലാ വക്കീല്‍ എന്ന് പലപ്പോഴും സ്നേഹപൂര്‍വം വിളിച്ചിട്ടുണ്ട്. 1972 ല്‍ കര്‍ണാടക നിയമസഭാതിരഞ്ഞെടുപ്പില്‍ ഗുര്‍മിത്കല്‍ നിയമസഭാമണ്ഡലത്തില്‍ നിന്നുമാണ് ആദ്യമായി നിയമസഭയിലെത്തുന്നത്. 1976ല്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയായി ചുമതല ഏറ്റെടുത്തു. മികച്ച നിയമസഭാസാമാജികനായും മന്ത്രിയായും പേരെടുത്ത ഖാര്‍ഗെ 1978 ല്‍ ഗുര്‍മിത്കല്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. അന്നത്തെ മന്ത്രിസഭയില്‍ തദ്ദേശ ഭരണ മന്ത്രിയായും ചുമതല വഹിച്ചു. കര്‍ണാടകയ്ക്കൊരു തദ്ദേശ മന്ത്രിയുണ്ടായിരുന്നെന്ന് ഇന്നും മുതിര്‍ന്ന തലമുറ പറയുന്നത് ഖാര്‍ഗെയുടെ കാലത്തെയാണ്. പിന്നാക്കാവസ്ഥയിലുള്ള പ്രദേശങ്ങളുടെ ഉന്നമനത്തിനായി മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയത് ഇന്നും കര്‍ണാടകയിലെ ജനങ്ങള്‍ സ്നേഹത്തോടെ സ്മരിക്കുന്നു. പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ 1980 ല്‍ കോണ്‍ഗ്രസ് അദ്ദേഹത്തെ റവന്യൂ മന്ത്രിയാക്കി. ഭൂമിയില്ലാത്തവര്‍ക്ക് വ്യവസ്ഥാപിതമായി പട്ടയങ്ങള്‍ വിതരണം ചെയ്തത് അദ്ദേഹത്തെ പ്രശസ്തനാക്കി.

1983ലും 85 ലും നിയമസഭയിലേക്ക് മത്സരിച്ച് വിജയിച്ച അദ്ദേഹം പ്രതിപക്ഷ ഉപനേതാവായിമാറി. 1989 ല്‍ അഞ്ചാമതും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഖാര്‍ഗെ 1990 ല്‍ ബംഗാരപ്പ മന്ത്രിസഭയിലെ റവന്യൂ മന്ത്രിയായി ചുമതലയേറ്റെടുത്തു. റവന്യൂ വകുപ്പിലും തദ്ദേശഭരണ സ്ഥാപനങ്ങളിലും ഭൂപ്രശ്നങ്ങളിലും നിരവധി പരിണാമങ്ങള്‍ ഈ സമയങ്ങളില്‍ കര്‍ണാടകയില്‍ ഉണ്ടായി. പിന്നീട് വന്ന വീരപ്പമൊയ്ലി മന്ത്രിസഭയിലും സഹകരണവും വ്യവസായവും ഉള്‍പ്പെടെ നിരവധി വകുപ്പുകള്‍ കൈകാര്യം ചെയ്തു. 1994ലും 99ലും നിയമസഭാംഗമായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.1994 ല്‍ കര്‍ണാടകയുടെ പ്രതിപക്ഷ നേതാവായതും നിരവധി ജനകീയ പ്രശ്ങ്ങള്‍ ഏറ്റെടുത്തു, സര്‍ക്കാരുകളുടേയും അധികാരികളുടേയും കണ്ണ് തുറപ്പിച്ചതും മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ചതും വാട്സ്ആപ്പ് യൂണിവേഴ്സിറ്റി വാര്‍ത്തകള്‍ക്കായി കാത്തുനില്‍ക്കുന്ന പുതു തലമുറ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അറിയില്ലെങ്കിലും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഓര്‍മ കാണും. 1999 ല്‍ മുഖ്യമന്ത്രി പദത്തോളം എത്തിയെങ്കിലും അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനായി നിലയുറപ്പിച്ചു. 2004ല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഖാര്‍ഗെ ഗതാഗത ജലവിഭവവകുപ്പ് മന്ത്രിയായി പ്രവര്‍ത്തിച്ചു. ഈ കാലയളവിലാണ് കര്‍ണാടകയിലെ പൊതുഗതാഗത സംവിധാനം ഘടനാപരമായി ഏറെ മെച്ചപ്പെട്ടത്. കര്‍ണാടകയിലെ ഉള്‍പ്രദേശങ്ങളില്‍ ഉണ്ടായിരുന്ന ജല പ്രതിസന്ധികള്‍ക്ക് അതിനൂതന പദ്ധതികള്‍ വിഭാവനം ചെയ്തത്, കുടിവെള്ള പ്രശ്നങ്ങള്‍ പരിഹരിച്ചത് ഖാര്‍ഗെ ആയിരുന്നു. 2008ല്‍ കര്‍ണാടക പ്രതിപക്ഷ നേതാവായി മാറി. 2009 ല്‍ ഗുല്‍ബര്‍ഗ ലോക്സഭാമണ്ഡലത്തില്‍ നിന്നും വിജയിച്ച് പത്താം തിരഞ്ഞെടുപ്പിലും വിജയം സ്വന്തമാക്കി. പോരാട്ടങ്ങള്‍ നിലക്കാതെ ഇപ്പോഴും രാജ്യസഭയില്‍ കോണ്‍ഗ്രസിനും മതേതര ഇന്ത്യക്കും വേണ്ടി വാദിക്കുന്നു.

web desk 3: