X
    Categories: MoreViews

ഖത്തര്‍ കെ.എം.സി.സി അരനൂറ്റാണ്ടിന്റെ പ്രൗഢിയില്‍

എസ്.എ.എം ബഷീര്‍

ത്തര്‍ കെ എം സി സി രൂപീകരണത്തിന്റെ അഞ്ചു പതിറ്റാണ്ടുകള്‍ പിന്നിടുകയാണ്. ഒരു പക്ഷെ പ്രവാസി മലയാളി സംഘാടനത്തിന്റെ തന്നെ അര നൂറ്റാണ്ടും ഇതോടൊപ്പം പൂര്‍ത്തീകരിക്കപ്പെടുന്നു എന്നത് ഏറെ അഭിമാനത്തിനു വക നല്‍കുന്ന ഒരു യാദൃച്ഛികതയായിരിക്കുന്നു.
മലയാളിയുടെ പ്രവാസ ജീവിതത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും, ഗള്‍ഫ് നാടുകളുടെ വാതായനങ്ങള്‍ മലര്‍ക്കെ തുറന്നതോടെയാണല്ലോ മലയാളിക്ക് പ്രവാസം ഇത്രമേല്‍ ആകര്‍ഷണീയവും, ആസ്വാദ്യകരവും, അഭിലഷണീയവുമായിത്തീര്‍ന്നത്. പേര്‍ഷ്യന്‍ പ്രവാസമെന്ന പേരില്‍ അറബ് രാജ്യങ്ങളിലേക്കുള്ള മലയാളിയുടെ സംഘടിത കുടിയേറ്റത്തിനു പരമാവധി ആറു പതിറ്റാണ്ടിന്റെ ചരിത്രമേ കാണുകയുള്ളൂ.
അവിടെയാണ് കേരള മുസ്‌ലിം വെല്‍ഫെയര്‍ അസോസിയേഷന്‍ എന്ന കെ എം സി സി യുടെ പൂര്‍വ രൂപം അര നൂറ്റാണ്ടു തികക്കുന്നത്. പ്രവാസത്തിന്റെ ചരിത്രം ആരെങ്കിലും എന്നെങ്കിലും രേഖപ്പെടുത്തുമെങ്കില്‍ ഇവിടെ ഇതാ ഖത്തര്‍ കെ എം സി സി പ്രവാസ സംഘാടനത്തിന്റെ ചരിത്രത്തില്‍ ഒന്നാമത്തെ നാഴികക്കല്ലായി തല ഉയര്‍ത്തി നില്‍ക്കു ന്നു. ഇന്ന് പ്രവാസി മലയാളികളുടെ ഇടയില്‍ ശക്തമായ വേരോട്ടമുള്ള, സുഭദ്രമായ സംഘ ടനാ സംവിധാനമുള്ള , ഏറ്റവും കൂടുതല്‍ സജീവവും ചടുലവുമായി പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന, ഏറ്റവും കൂടുതല്‍ അംഗ ബലമുള്ള സംഘടനയാണ് കെ എം സി സി. അഥവാ കേരള മുസ്‌ലിം കള്‍ച്ചറല്‍ സെന്റര്‍.

മുസ്‌ലിം ലീഗിന്റെ പോഷക സംഘടന എന്ന നിലയില്‍ മാത്രമല്ല കെ എം സി സി അറിയപ്പെടുന്നതും ശ്രദ്ധിക്കപ്പെടുന്നതും.
ഒരു പരിചയപ്പെടുത്തലിന്റെയും ആമുഖങ്ങളുടെയും അകമ്പടി ആവശ്യമില്ലാത്ത വിധം പ്രവാസി സമൂഹത്തിന്റെ ഇടയിലും, കേരളക്കരയിലും ജനപക്ഷത്ത് പ്രവര്‍ത്തനനിരതമായി നില്‍ക്കു ന്ന സജീവ സാന്നിധ്യമാണ് കേരള മുസ്‌ലിം കള്‍ച്ചറല്‍ സെന്റര്‍.
എവിടെയൊക്കെ ദുരിതവും ദുഃഖവും ഉണ്ടോ, എവിടെയൊക്കെ പട്ടിണിയും പരിവട്ടവും, ദാരിദ്ര്യവുമുണ്ടോ, എവിടെയൊക്കെ പണമില്ലാതെ ചികിത്സ വഴി മുട്ടി നില്‍ക്കുന്നവരുണ്ടോ, എവിടെയൊക്കെ പണം ഇല്ലാത്തതിന്റെ പേരില്‍ പഠനം മുടങ്ങിപ്പോകുന്ന വിദ്യാര്‍ത്ഥികളുണ്ടോ അവിടെ എല്ലാം കെ എം സി സി യുമുണ്ട്. വിവാഹ പ്രായം കഴിഞ്ഞു പുര നിറഞ്ഞു നില്‍ക്കുന്ന കന്യകകള്‍, സ്വന്തമായൊരു മേല്‍ക്കൂരയില്ലാതെ പൊരിവെയിലത്തും കൊടും മഴയത്തും നില്‍ക്കു ന്ന ഭവന രഹിതര്‍, കുടിവെള്ളം ഇല്ലാത്തവര്‍, പഞ്ഞ മാസങ്ങളില്‍ കൊടും പട്ടിണിയിലാകുന്ന തീരദേശവാസികള്‍, അവരൊക്കെ ആശ്രയമായി കാണുന്നത് ജീവകാരുണ്യത്തിന്റെ പര്യായ പദമായ കെ എം സി സിയെയാണ്.
അമേരിക്ക മുതല്‍ ആസ്‌ട്രേലിയ വരെ പടര്‍ന്നു പന്തലിച്ചു കിടക്കുന്ന, ലക്ഷക്കണക്കിന് അംഗബലമുള്ള പ്രവാസി ഇന്ത്യക്കാരുടെ ഏറ്റവും വലിയ ആഗോള കൂട്ടായ്മയാണ് മുസ്ലിം ലീഗിന്റെ ഈ പോഷക ഘടകം. ഈ ആഗോള കൂട്ടായ്മയിലെ ശക്തമായ ഒരു കണ്ണിയായി, ”സംഘശക്തി സമൂഹനന്മക്ക്” എന്ന മുദ്രാവാക്യവുമായി സേവന രംഗത്ത് സാന്നിധ്യം അടയാളപ്പെടുത്തിയ ഖത്തര്‍ കെ എം സി സി കര്‍മ്മവീഥിയില്‍ അമ്പതാണ്ടുകള്‍ തികച്ച് ഇതാ ചരിത്രത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു.

കെ എം സി സി പ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം ജീവകാരുണ്യ പ്രവര്‍ത്തനമെന്നത് അവരുടെ ജീവിത ശൈലിയായി മാറി ക്കഴിഞ്ഞിട്ടുണ്ട്. സര്‍വമത സാഹോദര്യത്തിന്റെ സൗരഭം വിതറുന്ന, ബഹുസ്വരതയിലെ സഹിഷ്ണു തയുടെ സൗന്ദര്യം വിടര്‍ത്തുന്ന വിശ്വമാനവികതയുടെ നന്മകളാണ് ഖത്തര്‍ കെ എം സി സി എന്നും ഉയര്‍ത്തി പ്പിടിച്ചിട്ടുള്ളത്.
സുവര്‍ണ ജൂബിലിയുടെ തികവിലും, മികവിലും, നിറവിലും ജ്വലിച്ചു നില്‍ക്കുന്ന ഖത്തര്‍ കെ എം സി സി ”പ്രവാസം സമൂഹ നന്മക്ക്” എന്ന മുദ്രാവാക്യവുമായി, ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ ആണ് ആസൂത്രണം ചെയ്തി രിക്കുന്നത്. ചന്ദ്രിക വരുത്തി വായിക്കുവാനും, നാട്ടിലെ വിശേഷങ്ങള്‍ പങ്കു വെക്കുവാനും, നാട്ടില്‍ നിന്നും പുതുതായി എത്തുന്നവരെ മറുനാട്ടില്‍ ജോലി ലഭിക്കാന്‍ സഹായിക്കാനും, അങ്ങനെ പരിമിതമായ ലക്ഷ്യങ്ങളോടെ ഉണ്ടാക്കിയ ഒരു കൊച്ചു സംഘടന പ്രവാസി മലയാളി സംഘാടനത്തിന്റെ പ്രഥമ നാഴികക്കല്ലായി ചരിത്രത്തില്‍ ഇടം പിടിച്ചിരിക്കുന്നു.

രൂപീകരണ ഘട്ടത്തിലെ പരിമിത ലക്ഷ്യങ്ങളില്‍ നിന്നും ഉയരങ്ങള്‍ താണ്ടിയ കര്‍മ്മശക്തിയായി ഖത്തര്‍ കെ.എം.സി.സി മാറിയിരിക്കുന്നു. ‘ചന്ദ്രിക’ നാട്ടില്‍ നിന്നു വരുത്തി വായിക്കുക എന്നതില്‍ നിന്ന് ഖത്തറില്‍ ചന്ദ്രിക അച്ചടിച്ചു വിതരണം ചെയ്യുകയെന്ന ദൗത്യം ഏറ്റെടുത്തു നടത്തുന്ന അഭിമാനകരമായ വളര്‍ച്ചയുടെ പടവുകള്‍ താണ്ടി അനുകരണീയമായ മാതൃകാ പദ്ധതികളിലൂടെ പ്രവാസ ലോകത്തിന്റെ കണ്ണും കരളും കവര്‍ന്ന പ്രസ്ഥാനമായി തിളങ്ങി നില്‍ക്കുന്നു.

വിവിധ നാടുകളിലെ കെ എം സി സി ഘടകങ്ങള്‍ അടക്കം പ്രവാസി സംഘടനകള്‍ പലതും മാതൃ കയാക്കിയ ശാസ്ത്രീയമായ രീതിയില്‍ സംഘടിപ്പിച്ച സാമൂഹ്യ സുരക്ഷാപദ്ധതിയും, സ്‌നേഹപൂര്‍വം പദ്ധതിയും, സമൂഹ നോമ്പ് തുറകളും സൗജന്യ ഡയാലിസിസ് സെന്ററുകളുടെ തുടക്കവുമെല്ലാം ഖത്തര്‍ കെ എം സി സി പ്രവാസ ലോകത്തിനു നല്‍കിയ സംഭാവനകളാണ്.
1968 സെപ്തംബര്‍ മാസത്തില്‍ തൃശൂര്‍ ഒരുമനയൂര്‍ സ്വദേശി പരേതനായ അബൂബക്കര്‍ ഷാ പ്രസിഡന്റും, തൃശൂര്‍ പാലുവായിലെ ആര്‍ ഒ അബ്ദുല്‍ കലാം ജനറല്‍ സെക്രട്ടറിയും, പരേതനായ ഹസ്സൈനാര്‍ ഹാജി കൂത്തുപറമ്പ് ഖജാഞ്ചിയുമായി തുടക്കമിട്ടതാണീ സംഘ ടന. പ്രഥമ കമ്മിറ്റിയില്‍ സജീവമായി സഹകരിച്ച കണ്ണൂര്‍ കക്കാടിലെ ടി വി അബ്ദുല്‍ ഖാദര്‍ ഹാജി ഇപ്പോള്‍ ഖത്തര്‍ കെ എം സി സിയുടെ ഉപദേശകസമിതി അംഗമായി സജീവമായി രംഗത്തുണ്ട്. തൃശൂരിലെ എന്‍.ടി അബൂബക്കറും, പാപ്പനായ് ഖാദര്‍ സാഹിബും ഇപ്പോഴും കര്‍മ്മനിരതരാണ്.

അവര്‍ രൂപം നല്‍കിയ കേരള മുസ്‌ലിം വെല്‍ഫെയര്‍ അസോസിയേഷന്‍, പിന്നീട് ചന്ദ്രിക റീഡേഴ്‌സ് ഫോറവും കെ എം സി സി യുമായി പരിണമിച്ചു. സമാഗമം 2017 എന്ന പേരില്‍ കോഴിക്കോട് ജെ ഡി റ്റി ഹാളില്‍ സെപ്തംബര്‍ അഞ്ചിന്, ഖത്തര്‍ വാസം മതിയാക്കി നാട്ടില്‍ താമസിക്കുന്ന പൂര്‍വകാല കെ എം സി സി പ്രവര്‍ത്തകരെയും, അവധിക്കു നാട്ടിലെത്തിയ ഇപ്പോഴത്തെ പ്രവര്‍ത്തകരേയും ഒരുമിച്ചു ചേര്‍ത്ത് സംഘടിപ്പിക്കുന്ന കുടുംബ സംഗമത്തോടെ ഒരു വര്‍ഷക്കാലത്തെ സുവര്‍ണ ജൂബിലി ആഘോഷ പരിപാടികള്‍ക്ക്് തുടക്കമാകും.
ഔദ്യോഗിക കണക്കനുസരിച്ച് തന്നെ ഇരുപത്തി അഞ്ചു ലക്ഷം മലയാളികള്‍ വിദേശത്തും ഏതാണ്ട് അത്രതന്നെ കുടിയേറ്റ (അന്യ സംസ്ഥാന) തൊഴിലാളികള്‍ കേര ളത്തിലും പണിയെടുക്കുന്ന വിസ്മയകരമായ ഒരു ചിത്രമാണ് കേരളീയ പ്രവാസത്തിന്റെത്. പ്രതിവര്‍ഷം 75000 കോടി രൂപയാണ് പ്രവാസി സമൂഹം കേരളത്തിലേക്ക് എത്തിക്കുന്നത് എന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. ഇതിന്റെ മറു വശം രസകരമാണ്. ഏതാണ്ട് 17500 കോടി രൂപ അന്യ സംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ നിന്നും മറ്റു സംസ്ഥാനങ്ങളിലേക്ക് പ്രതിവര്‍ഷം കൊണ്ട് പോകുന്നു.
ഈ പശ്ചാത്തലത്തില്‍ പ്രവാസം നേടിത്തന്ന സൗഭാഗ്യങ്ങള്‍ കൊണ്ട് പറുദീസ പണിതവരും പതിറ്റാണ്ടുകളുടെ പ്രവാസ ജീവിതം നയിച്ചിട്ടും പ്രയാസികള്‍ ആയിത്തന്നെ തുടരുന്ന മഹാ ഭൂരിപക്ഷം പേരും ഉള്ള ഒരു വലിയ സമൂഹം തങ്ങളുടെ ഭാവിയെക്കുറിച്ച് ഏറെ ചിന്തിക്കേണ്ടതുണ്ട്. മുപ്പതു ലക്ഷത്തോളം വരുന്ന മലയാളി പ്രവാസി സമൂഹത്തിലെ ഓരോരുത്തരും അവനവന്റെ ബന്ധുമിത്രാദികളെ ദൈനംദിനം പരിപാലിക്കുകവഴി ഒരു സംസ്ഥാനത്തെ തന്നെയാണ് പരിപാലിച്ചു പോരുന്നത്.
ക്ലേശകരവും ദുരിതങ്ങള്‍ നിറഞ്ഞതുമായിരുന്ന പഴയകാല, ബര്‍മീസ്, ശ്രീലങ്കന്‍ പ്രവാസ ജീവിതങ്ങളെ കടംകഥയാക്കി പേര്‍ഷ്യയിലേക്കുള്ള കുടിയേറ്റം തുടങ്ങിയത് മുതല്‍ മലയാളി പ്രവാസ ചരിത്രത്തിന്റെ സുവര്‍ണ അധ്യായങ്ങള്‍ ആരംഭിച്ചു. അറേബ്യന്‍ സുഗന്ധം പരിമളം പരത്തിയ ഈ പ്രവാസ ജീവിതം അത്യന്തം ക്ലേശകരമായ ഭൂമികയില്‍ നിന്ന് കൊണ്ട് തന്നെ ഏറെ ആഘോഷിക്കുകയും ആസ്വദിക്കുകയും അതിലേറെ കൊണ്ടാടുകയും ചെയ്തു മലയാളി.

മലയാളക്കരയും മലയാളിയും ഏറെ സമ്പന്നരായി. സുഭിക്ഷതയുടെ നല്ല നാളുകള്‍ സൃഷ്ടിക്കപ്പെട്ടു. അതിന്റെ ഗുണവും ദോഷവും നാം അനുഭവിച്ചു കൊണ്ടിരിക്കുന്നു. സാമ്പത്തികമായി മലയാളക്കര ഐശ്വര്യഭൂമിയായി മാറുകയും ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഒരു കേരള മോഡല്‍ നമ്മുടെ രാജ്യത്ത് രൂപപ്പെടുകയും ചെയ്തു. മറു വശത്ത് പ്രവാസ ജീവിതം ഉണ്ടാക്കുന്ന മാനസികവും, സാമൂഹ്യവും ,ആരോഗ്യപരവുമായ പ്രശ്‌നങ്ങളും ക്രമാതീതമായി വര്‍ധിച്ചിരിക്കുന്നു.
യൂറോപ്പിലേക്കും അമേരിക്കയിലേക്കും ആസ്‌ത്രേലിയയിലേക്കും കുടിയേറിയ മലയാളികള്‍ അവിടങ്ങളില്‍ തന്നെ കുടുംസമേതം താമസമാക്കുകയും സമ്പാദിച്ചതൊക്കെയും അതാതിടങ്ങളില്‍ തന്നെ ചിലവഴിക്കുകയും ചെയ്തപ്പോള്‍ ഗള്‍ഫ് മലയാളി തനിക്കു കിട്ടിയ ഓരോ നാണയത്തുട്ടും ഉറുമ്പുകള്‍ കൂട്ടിവെക്കുന്നത് പോലെ കൂട്ടിവെച്ചു മാസാമാസം നാട്ടിലേക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നു.

(ഖത്തര്‍ കെ.എം.സി.സി പ്രസിഡണ്ടാണ്  ലേഖകന്‍)

chandrika: