X

തുണി എടുക്കാന്‍ ടെറസില്‍ കയറി, വലിയ ശബ്ദം കേട്ടു, നോക്കിയപ്പോള്‍ വീട് ചരിയുന്നു; നടുക്കം മാറാതെ അയല്‍വാസികള്‍

കൊച്ചി: ഉണക്കാനിട്ടിരുന്ന വസ്ത്രങ്ങള്‍ എടുക്കാന്‍ ടെറസിലേക്ക് പോകുകയായിരുന്നു സരള. കോവണിപ്പടി കയറുമ്പോള്‍ ലോറിയില്‍ നിന്നു മെറ്റല്‍ ഇറക്കുന്ന പോലൊരു ശബ്ദം കേട്ടു. പുറത്തേക്ക് നോക്കിയപ്പോള്‍ ഹംസയുടെ വീട് താഴേക്കു ചരിയുന്ന കാഴ്ചയാണ് കണ്ടത്. കൗണ്‍സിലര്‍ കൂടിയായ മകള്‍ ബിന്ദുവിനെ സരള കാര്യമറിയിച്ചു. ബിന്ദു ഓടിയെത്തുമ്പോള്‍ വീട് ചരിഞ്ഞ് നില്‍ക്കുന്നതാണ് കാണുന്നത്.

ദേശീയപാതയ്ക്കു സമീപം കൂനംതൈ ബീരാക്കുട്ടി നഗറില്‍ പൂക്കൈതയില്‍ ഹംസയുടെ വീടാണ് തകര്‍ന്നത്. 2 സെന്റിലാണ് ഈ മൂന്ന് നില കെട്ടിടം നിര്‍മ്മിച്ചിരുന്നത്. ഹംസയുടെ ഭാര്യ ഹയറുന്നീസയും മകള്‍ ഷബ്‌നയുമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. രാവിലെ നിസ്‌കരിക്കുന്നതിനിടയില്‍ വലിയ കുലുക്കം അനുഭവപ്പെട്ടതായി ഹയറുന്നീസ പറഞ്ഞു. മകള്‍ ഷബ്‌നയെ വിളിച്ചെഴുന്നേല്‍പ്പിച്ച് ഇരുവരും വാതില്‍ തുറന്നു പുറത്തുകടക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒടുവില്‍ ബിന്ദുവും നാട്ടുകാരും ചേര്‍ന്നാണ് ഹയറുന്നീസയെയും മകളെയും രക്ഷപ്പെടുത്തിയത്.

നഗരത്തില്‍ തട്ടുകട നടത്തുകയാണ് ഹംസ. അദ്ദേഹം രാവിലെതന്നെ ജോലിസ്ഥലത്തേക്കു പോയിരുന്നു. മൂന്നുനില വീടിന്റെ താഴത്തെ നില പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണ്. ഇവിടെ വാടകയ്ക്ക് താമസിച്ചിരുന്നവര്‍ രണ്ടാഴ്ച മുന്‍പാണ് താമസം മാറിയത്. താഴത്തെ നിലയില്‍ അറ്റകുറ്റപ്പണി നടത്താനായി തറ പൊട്ടിച്ച് മണ്ണ് നീക്കം ചെയ്തിരുന്നു. 20 വര്‍ഷം മുന്‍പാണ് താഴത്തെ നില പണിതത്. ചെങ്കല്ലു കൊണ്ടാണു നിര്‍മ്മിച്ചത്. മുകളിലേക്കുള്ള നിലകള്‍ പിന്നീട് കൂട്ടിച്ചേര്‍ത്തതാണ്.

web desk 3: