X

‘ക്രിക്കറ്റ് ബൈബിളിന്റെ’ മുഖചിത്രമായി കോഹ്‌ലി

ലണ്ടന്‍: ക്രിക്കറ്റിന്റെ ബൈബിള്‍ എന്നറിയപ്പെടുന്ന വിസ്ഡണ്‍ ക്രിക്കറ്റ് മാഗസിന്‍ കവര്‍ ചിത്രമായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. സച്ചിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ജനപ്രിയ ക്രിക്കറ്റ് റഫറന്‍സ് ഗ്രന്ഥമായ വിസ്ഡണില്‍ മുഖം ചിത്രമായി വരുന്നത്. ഏഷ്യയില്‍ നിന്ന് തന്നെ രണ്ടാമനമാണ് കോഹ്ലി. 2016ലെ മിന്നും ഫോമാണ് കോഹ്ലിയെ ഇങ്ങനെയൊരു നേട്ടത്തിലെത്തിച്ചത്. കഴിഞ്ഞ വര്‍ഷം മൂന്നും ഫോര്‍മാറ്റില്‍ നിന്നുമായി 2595 റണ്‍സാണ് കോഹ്ലി അടിച്ചുകൂട്ടിയത്.

ഇംഗ്ലണ്ടിനെതിരായ ഏകദിന,ടെസ്റ്റ്, ടി20 കിരീടങ്ങള്‍ കോഹ്‌ലിയുടെ നായകത്വത്തില്‍ ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു. സച്ചിന്റെ മുഖം 2014ല്‍ ആണ് കവര്‍ചിത്രമായി വന്നത്. എന്നാല്‍ 28ാം വയസില്‍ തന്നെ കോഹ്ലിക്ക് ഈ അപൂര്‍വ നേട്ടം സ്വന്തമാക്കാനായി. 2017 എഡിഷന്‍ വിസ്ഡണ്‍ മാസിക ഏപ്രിലില്‍ ആറിന് പബ്ലിഷ് ചെയ്യും. കോഹ്ലി അപൂര്‍വമായി കളിക്കുന്ന റിവേഴ്‌സ് സ്വീപ്പ് ഷോട്ടാണ് മാസിക ഉപയോഗിച്ചിരിക്കുന്നത്. ആധുനിക ക്രിക്കറ്റിന് കോഹ്ലിയെക്കാള്‍ യോജിച്ച മുഖമില്ലെന്നാണ് മാസിക വ്യക്തമാക്കുന്നത്.

ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് അധികവും ഈ മാസികയുടെ മുഖചിത്രമായി വരാറ്. ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്ത്, ഇംഗ്ലണ്ടിന്റെ ജോ റൂട്ട്, ന്യൂസിലാന്‍ഡിന്റെ കെയിന്‍ വില്യംസണ്‍, ദക്ഷിണാഫ്രിക്കയുടെ എബി ഡി വില്യേഴ്സ് എന്നിവരെ മറി കടന്നാണ് കോഹ്ലിയുടെ നേട്ടം. വര്‍ഷത്തില്‍ ഒരു തവണയാണ് ഇംഗ്ലണ്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാസിക പുറത്തിറങ്ങുക.

chandrika: