X

സര്‍വകലാശാല കലോത്സവ വേദിയിലെ കോഴ: ശബ്ദ സന്ദേശങ്ങളും സ്‌ക്രീന്‍ ഷോട്ടുകളും പുറത്ത്

തിരുവനന്തപുരം: കേരള സര്‍വകലാശാല കലോത്സവത്തില്‍ ഉയര്‍ന്ന കോഴ ആരോപണം ശരിവെക്കുന്ന വാട്‌സ്അപ്പ് സന്ദേശങ്ങളും ശബ്ദരേഖകളും പുറത്ത്. ആദ്യസ്ഥാനങ്ങള്‍ക്ക് വേണ്ടി ഇടനിലക്കാര്‍ പണം ആവശ്യപ്പെട്ടുവെന്ന് വ്യക്തമാക്കുന്ന രക്ഷിതാവിന്റെ ശബ്ദസന്ദേശം പുറത്തുവന്നു. ടീമുകളെ തിരിച്ചറിയാനുള്ള രേഖകള്‍ സഹിതം വിധികര്‍ത്തകള്‍ക്ക് നല്‍കിയെന്ന് സംശയിക്കുന്ന സ്‌ക്രീന്‍ ഷോട്ടുകളും പ്രചരിപ്പിക്കുന്നുണ്ട്. വിദ്യാര്‍ത്ഥികളും അധ്യാപകരും ഉള്‍പ്പെടുന്ന ഗ്രൂപ്പുകളിലാണ് ശബ്ദരേഖ അടക്കമുള്ള സന്ദേശങ്ങള്‍ പ്രചരിക്കുന്നത്.

യുവജനോത്സവത്തിന്റെ ആദ്യ നാളില്‍ തന്നെ കോഴവിവാദം ഉയര്‍ന്നിരുന്നു. ഇത് വലിയ പ്രതിഷേധത്തിലേക്കും പിന്നീട് വിധികര്‍ത്താക്കള്‍ അടക്കമുള്ളവരുടെ അറസ്റ്റിലേക്കും നീണ്ടു. പണം വാങ്ങി മത്സരങ്ങള്‍ അട്ടിമറിച്ചുവെന്ന ആരോപണം ശക്തിപ്പെടുത്തുന്നതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ശബ്ദസന്ദേശങ്ങളും സ്‌ക്രീന്‍ഷോട്ടുകളും. മത്സരാര്‍ത്ഥികളും ഇടനിലക്കാരും തമ്മിലുള്ള ശബ്ദരേഖയാണ് പ്രചരിക്കുന്നത്. ഒന്നാം സ്ഥാനത്തിന് ഒന്നരലക്ഷവും രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് യഥാക്രമം ഒരു ലക്ഷവും 50,000വും വീതമാണ് ആവശ്യപ്പെട്ടത്. പണം നല്‍കിയവരെ തിരിച്ചറിയാന്‍ പ്രത്യേക ക്രമീകരണങ്ങള്‍ നടത്തിയതന്റെ തെളിവും സ്‌ക്രീന്‍ഷോട്ടുകളായി പ്രചരിക്കുന്നുണ്ട്. കാല്‍പാദത്തിനടിയില്‍ അടയാളം ഇടണമെന്ന് എഴുതി ചെസ്റ്റ് നമ്പറിന്റെ പടവും ഉള്‍പ്പെടെ അയച്ച ഒരു വാട്‌സ്ആപ്പ് മെസേജ് ആണ് പ്രചരിക്കുന്നത്.

കൂട്ട പരാതികള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും ഒടുവില്‍ വി.സി ഇടപ്പെട്ട് കേരള സര്‍വകലാശാല കലോത്സവം നിര്‍ത്തിവെപ്പിച്ചിരുന്നു. നിര്‍ത്തിവച്ച മത്സരങ്ങള്‍ നഗരത്തിന് പുറത്ത് വെച്ച് നടത്താന്‍ സര്‍വകലാശാല ആലോചിക്കുന്നുണ്ട്. വെള്ളിയാഴ്ച നടക്കുന്ന സിന്‍ഡിക്കേറ്റ് യോഗം ഇക്കാര്യം പരിഗണിച്ചേക്കുമെന്നാണ് സൂചന.

webdesk14: