X

കോതമംഗലം സംഘര്‍ഷം; അറസ്റ്റിലായ മാത്യൂ കുഴല്‍നാടനും, മുഹമ്മദ് ഷിയാസിനും ഇടക്കാല ജാമ്യം

കോതമംഗലം ടൗണില്‍ നടന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലുണ്ടായ സംഘര്‍ഷത്തില്‍ പൊലീസ്‌ കസ്റ്റഡിയിലെടുത്ത കോണ്‍ഗ്രസ് നേതാക്കളായ മാത്യൂ കുഴല്‍നാടന്‍ എം.എല്‍.എയ്ക്കും എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനും ഇടക്കാല ജാമ്യം അനുവദിച്ചു. രാത്രിയോടെ വളരെ നാടകീയമായാണ് പൊലിസ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കോണ്‍ഗ്രസിന്റെ കടുത്ത സമ്മര്‍ദ്ദത്തിന് പിന്നാലെയാണ് കോടതിയില്‍ ഹാജരാക്കിയ നേതാക്കള്‍ക്ക് ഇടക്കാല ജാമ്യം അനുവദിച്ചത്.

തുറന്ന കോടതയില്‍ ഇന്ന് വീണ്ടും കേസ് പരിഗണിക്കും. ഇരുവരോടും രാവിലെ 11 മണിയോടെ ഹാജരാകാന്‍ കോതമംഗലം മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പോരാട്ടം അവസാനിപ്പിക്കില്ലെന്നും വ്യക്തിപരമായി വേട്ടയാടാനുള്ള ശ്രമത്തെ പ്രതിരോധിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. കോതമംഗലത്തെ സമരപ്പന്തലില്‍ നിന്നാണ് പൊലീസ്‌ ഇരുവരെയും കസ്റ്റഡിയിലെടുത്തത്.

അതേസമയം ജാമ്യമില്ല വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ്‌ ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസം നില്‍ക്കുക, ഉദ്യോഗസ്ഥരെ ആക്രമിക്കുക, മൃതദേഹത്തോട് അനാദരവ് കാണിക്കുക എന്നീ ഗുരുതര വകുപ്പുകളാണ് എഫ്.ഐ.ആറിലുള്ളത്. ഇതോടൊപ്പം പൊതുമുതല്‍ നശിപ്പിച്ചതിനെതിരെ പി.ഡി.പി.പി ആക്ടും ചുമത്തിയിരുന്നു. കാട്ടാന ആക്രമണത്തില്‍ നേര്യമംഗലം കാഞ്ഞിരവേലിയില്‍ ഇന്ദിര (70) കൊല്ലപ്പെട്ടതിന് പിന്നാലെയാണ് കോതമംഗലം ടൗണില്‍ പ്രതിഷേധം അരങ്ങേറിയത്.

ഡി.സി.സി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിലാണ് സമരം നടന്നത്. വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നേരിട്ടെത്താതെ പോസ്റ്റുമോര്‍ട്ടത്തിനടക്കം മൃതദേഹം വിട്ടുനല്‍കില്ലെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. തുടര്‍ന്ന് പൊലിസെത്തി വയോധികയുടെ മൃതദേഹം പ്രതിഷേധക്കാരുടെ കയ്യില്‍ നിന്നും പിടിച്ചെടുക്കുകയായിരുന്നു. മൃതദേഹം സൂക്ഷിച്ച ഫ്രീസര്‍ റോഡിലൂടെ വലിച്ച് കൊണ്ടുപോയാണ് പൊലീസ്‌ ആംബുലന്‍സിലേക്ക് കയറ്റിയത്.

തുടര്‍ന്ന് ലാത്തിവീശുകയും, മൃതദേഹം സൂക്ഷിച്ചിരുന്ന സമരപ്പന്തലടക്കം പൊളിച്ച് നീക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെടുന്ന അഞ്ചാമത്തെയാളാണ് ഇന്ദിര. ആനകളെ തുരത്താന്‍ നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കൃത്യമായ ഇടപെടല്‍ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നാണ് വിമര്‍ശനമുയരുന്നത്. തുടര്‍ന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഉപവാസ സമരം ആരംഭിച്ചത്.

webdesk13: