X
    Categories: CultureMoreViews

വിദേശ വനിതയുടെ കൊലപാതകം: കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന് ആരോപണം

തിരുവനന്തപുരം: കോവളത്ത് വിദേശ വനിത കൊല്ലപ്പെട്ട സംഭവത്തില്‍ കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന് സുഹൃത്തിന്റെ ആരോപണം. കേസന്വേഷണം കാര്യക്ഷമമല്ലെന്നും പൊലീസിന്റെ കണ്ടെത്തല്‍ വിശ്വാസയോഗ്യമല്ലെന്നും മരിച്ച വനിതയുടെ സുഹൃത്ത് ആന്‍ഡ്രൂ പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ ആരോപണം. കേസിലെ ദുരൂഹതകള്‍ നീക്കാന്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

കോടതി ഉത്തരവുണ്ടായിട്ടും മൃതദേഹം ദഹിപ്പിച്ചതില്‍ സംശയമുണ്ട്. സംസ്‌കാര ചടങ്ങുകള്‍ സംസ്ഥാന സര്‍ക്കാര്‍ ഹൈജാക്ക് ചെയ്യുകയായിരുന്നു. ഡി.വൈ.എസ്.പിയും ഐ.ജിയും മൃതദേഹം സംസ്‌കരിക്കുന്ന സ്ഥലത്ത് എത്തിയതിലും സംശയമുണ്ട്. മൃതദേഹം എങ്ങനെയാണ് ദഹിപ്പിക്കുന്നത് എന്നറിയാന്‍ അവര്‍ക്ക് ആകാംക്ഷയുണ്ടെന്ന് തോന്നിയതായും ആന്‍ഡ്രൂ ആരോപിച്ചു.

രാജ്യം വിടാന്‍ തനിക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടായെന്നും കൊലപാതകം നടന്നതിന് ശേഷം നടന്നതെല്ലാം ടൂറിസം വകുപ്പ് ആസൂത്രണം ചെയ്തതാണെന്നും ആന്‍ഡ്രൂ ആരോപിച്ചു. പൊലീസ് കണ്ടെത്തിയ മൃതദേഹത്തിന് 20,25 ദിവസത്തെ പഴക്കമുണ്ടെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. അങ്ങനെയാണെങ്കില്‍ അവളെ ആരെങ്കിലും രണ്ടാഴ്ചയില്‍ കൂടുതല്‍ തടവില്‍ പാര്‍പ്പിച്ചിരിക്കണം. പ്രതികളുടെ മൊഴി ഇതില്‍ നിന്നും വിരുദ്ധമാണെന്നും ആഡ്രൂ പറഞ്ഞു.

വിദേശ വനിതയെ അവസാനമായി കണ്ടിടത്ത് നിന്നും മൂന്ന് കിലോമീറ്റര്‍ അകലെ നിന്നാണ് അവരുടെ മൃതദേഹം കണ്ടെത്തിയത്. എന്നിട്ടും പൊലീസിന് അവളെ കണ്ടെത്താന്‍ ഇത്രയും സമയം വേണ്ടിവന്നു. പൊലീസും നാട്ടുകാരും ടൂറിസം വകുപ്പും എല്ലാം ചേര്‍ന്ന് ഒത്തുകളിക്കുകയാണ്. ഇതിനെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും ആന്‍ഡ്രൂ ആവശ്യപ്പെട്ടു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: