X

കോവിഡ്; തിരുവനന്തപുരത്തും എറണാകുളത്തും പ്രത്യേക ജാഗ്രത

തിരുവനന്തപുരം: കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലകളിലും പ്രതിരോധം ശക്തമാക്കാന്‍ തീരുമാനം. കോവിഡ് കേസുകള്‍ 1000ന് മുകളില്‍ റിപ്പോര്‍ട്ട് ചെയ്ത എറണാകുളം, തിരുവനന്തപുരം ജില്ലകള്‍ക്ക് പ്രത്യേക ജാഗ്രത നിര്‍ ദേശം നല്‍കി.

27,991 ആക്ടീവ് കേസുകളുള്ളതില്‍ 1285 പേര്‍ ആശുപത്രികളിലും 239 പേര്‍ ഐ.സി.യുവിലും 42 വെന്റിലേറ്ററുകളിലുമാണ് ചികിത്സയിലുള്ളത്. പ്രായമായവരിലും അനുബന്ധ രോഗമുള്ളവരിലും വാക്സിന്‍ എടുക്കാത്തവരിലുമാണ് രോഗം ഗുരുതരമാകുന്നത്. അതിനാല്‍ അവര്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അടച്ചിടല്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണം എക്കാലവും ഏര്‍പ്പെടുത്താന്‍ കഴിയില്ല. കോവിഡിനോടൊപ്പം ജീവിക്കുക എന്നതാണ് പ്രധാനം. നിര്‍ബന്ധമായി മാസ്‌ക് ധരിക്കണം. ഇടയ്ക്കിടയ്ക്ക് സോപ്പും വെള്ളവും ഉപയോഗിച്ചോ സാനിറ്റൈസര്‍ ഉപയോഗിച്ചോ കൈ വൃത്തിയാക്കണം. കൈ വൃത്തിയാക്കാതെ കണ്ണ്, മൂക്ക്, വായ് എന്നിവ സ്പര്‍ശിക്കരുത്. ആദ്യ ഡോസും രണ്ടാം ഡോസും കരുതല്‍ ഡോസും എടുക്കാനുള്ള എല്ലാവരും വാക്സിന്‍ എടുക്കണം.

സ്‌കൂള്‍ തുറന്ന സാഹചര്യത്തില്‍ കുട്ടികളെയും ശ്രദ്ധിക്കണം. 12 വയസിന് മുകളിലുള്ള എല്ലാ കുട്ടികള്‍ക്കും കോവിഡ് വാക്സിന്‍ നല്‍കുക. കുട്ടികളില്‍ നിന്നും പ്രായമുള്ളവരിലേക്കും മറ്റസുഖമുള്ളവരിലേക്കും കോവിഡ് ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികള്‍ സ്‌കൂളില്‍ നിന്നും മുതിര്‍ന്നവര്‍ ജോലിക്ക് പോയിട്ടും വീട്ടില്‍ എത്തിയാലുടന്‍ വസ്ത്രങ്ങള്‍ മാറ്റി കുളിച്ചതിന് ശേഷം മാത്രമേ ഇവരുമായി ഇടപെടാവൂ.

ജലദോഷം, പനി, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവര്‍ ഇവരോട് ഇടപഴകരുത്. പുറത്ത് പോയി വരുന്നവരില്‍ നിന്നും അവരിലേക്ക് രോഗം പടരാനും ഗുരുതരമാകാനും സാധ്യതയേറെയാണ്. രോഗലക്ഷണങ്ങളുള്ള കുട്ടികളെ സ്‌കൂളുകളില്‍ വിടരുത്. രോഗലക്ഷണങ്ങളുള്ളവര്‍ കോവിഡ് പരിശോധന നടത്തുകയും വിശ്രമിക്കുകയും വേണം.

Chandrika Web: