X
    Categories: Newsworld

യൂറോപ്പിനെ വീണ്ടും വിഴുങ്ങാന്‍ കോവിഡ്; ജര്‍മനിയില്‍ കേസുകള്‍ വര്‍ധിക്കുന്നു

ബര്‍ലിന്‍: യൂറോപ്പിനെ വീണ്ടും ഭീതിയിലാഴ്ത്തി കോവിഡ് വ്യാപനം. കഴിഞ്ഞ നാലാഴ്ചകളിലായി യൂറോപ്പില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ വന്‍ വര്‍ധനവാണ് ഉണ്ടായത്. വ്യാഴാഴ്ച 50,196 പുതിയ കോവിഡ് വൈറസ് കേസുകളാണ് ജര്‍മ്മനിയില്‍ റിപോര്‍ട്ട് ചെയ്തത്. തുടര്‍ച്ചയായ നാലാം ദിവസമാണ് കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തുന്നത്. മരണപ്പെടുന്ന രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ട്. കോവിഡിന്റെ പുതിയ തരംഗമായിട്ടാണ് രാജ്യത്തെ ആരോഗ്യ വിദഗ്ധര്‍ ഇതിനെ കാണുന്നത്. റോബര്‍ട്ട് കോച്ച് ഇന്‍സ്റ്റിറ്റിയൂട്ട് പബ്ലിക് ഹെല്‍ത്ത് അതോറിറ്റിയുടെ കണക്കനുസരിച്ച് രാജ്യത്ത് സ്ഥിരീകരിച്ച വൈറസ് കേസുകളുടെ ആകെ എണ്ണം ഇപ്പോള്‍ 49 ലക്ഷം കവിഞ്ഞിരിക്കുകയാണ്.

കോവിഡിന്റെ തുടക്കത്തിനുശേഷം ജര്‍മ്മനിയില്‍ 50,000 കേസുകള്‍ കവിയുന്നത് ഇതാദ്യമായാണ്. ഒക്ടോബര്‍ പകുതി മുതലാണ് അണുബാധകളും മരണങ്ങളും കുതിച്ചുയരാന്‍ തുടങ്ങിയത്. ആകെ മരണ സംഖ്യ 97,822 ആയി ഉയര്‍ന്നു. കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളില്‍ രാജ്യത്ത് ഒരു ലക്ഷം പേരില്‍ രോഗം ബാധിക്കുന്നവരുടെ എണ്ണം 232 ല്‍ നിന്ന് 249 ആയി ഉയര്‍ന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് പകരം, മാസ്‌ക് ധരിക്കല്‍, പൊതു ഇടങ്ങളില്‍ സാമൂഹിക അകലം എന്നിവ പോലുള്ള നടപടികള്‍ അടുത്ത മാര്‍ച്ച് വരെ നടപ്പിലാക്കുന്നത് തുടരാന്‍ അനുവദിക്കുന്നതിന് നിലവിലുള്ള നിയമനിര്‍മ്മാണം ഭേദഗതി ചെയ്യുന്ന ഒരു കരട് നിയമം തിങ്കളാഴ്ച അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

 

web desk 3: