X
    Categories: indiaNews

ബിഹാര്‍ തെരഞ്ഞെടുപ്പില്‍ മലയാളി സാന്നിധ്യമായി രണ്ട് കോഴിക്കോട്ടുകാര്‍

ലഖ്‌നൗ: ഈ മാസം അവസാനം നടക്കാനിരിക്കുന്ന ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മലയാളി സാന്നിധ്യമായി രണ്ട് കോഴിക്കോട്ടുകാര്‍. ബിഹാര്‍ കേന്ദ്രസര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറായ എപിഎ കബീറും സാമൂഹിക ശാസ്ത്ര വിഭാഗം ഡീന്‍ ആയ കൃഷ്ണന്‍ ചാലിലുമാണ് ബിഹാര്‍ തെരഞ്ഞെടുപ്പില്‍ പെട്രോളിങ് ഓഫീസര്‍മാരായി പ്രവര്‍ത്തിക്കുന്നത്. ബുദ്ധ സ്മൃതികളുടെ ചരിത്രമുറങ്ങുന്ന ബോധ്ഗയയില്‍ ഗയ ജില്ലാ കളക്ടര്‍ അഭിഷേക് സിങ്ങിന് കീഴിലാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്.

മൂന്ന് ഘട്ടങ്ങളായാണ് ബിഹാറില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബര്‍ 28, നവംബര്‍ മൂന്ന്, ഏഴ് തിയതികളിലാണ് വോട്ടെടുപ്പ്. നവംബര്‍ 10നാണ് ഫലം പ്രഖ്യാപിക്കുന്നത്. ബിജെപി-ജെഡിയു പാര്‍ട്ടികളുടെ എന്‍ഡിഎ സഖ്യവും കോണ്‍ഗ്രസ്-ആര്‍ജെഡി പാര്‍ട്ടികള്‍ നേതൃത്വം കൊടുക്കുന്ന മഹാസഖ്യവും തമ്മിലാണ് ബിഹാറില്‍ ഏറ്റുമുട്ടുന്നത്.

എന്‍ഡിഎ ഘടകകക്ഷിയായ ലോക് ജനശക്തി പാര്‍ട്ടി ബിഹാറില്‍ ഒറ്റക്കാണ് മത്സരിക്കുന്നത്. രാം വിലാസ് പാസ്വാന്റെ മകന്‍ ചിരാഗ് പാസ്വാനാണ് പാര്‍ട്ടിയെ നയിക്കുന്നത്. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം മുഖ്യമന്ത്രി നിതീഷ് കുമാറിനെ പ്രതിരോധത്തിലാക്കാനാണ് എല്‍ജെപി ഒറ്റക്ക് മത്സരിക്കുന്നതെന്നും ആരോപണമുണ്ട്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: