X

എലിപ്പനി; കോഴിക്കോട് ഇന്ന് മൂന്ന് മരണം

കോഴിക്കോട്: എലിപ്പനി ബാധിച്ച് ജില്ലയില്‍ 3 പേര്‍ കൂടി മരിച്ചു. ഇതോടെ സ്ഥിരീകരിച്ച കേസുകളില്‍ മരണം ആറും സംശയാസ്പദമായ കേസുകളില്‍ മരണം പതിമൂന്നും ആയി. എരഞ്ഞിക്കല്‍ നെട്ടൂടി താഴത്ത് അനില്‍(54),വടകര തെക്കന്‍ കുഴമാവില്‍ നാരായണി(80)കല്ലായ് അശ്വനി ഹൗസില്‍ രവി(59) എന്നിവരാണ് മരിച്ചത്. ഇന്ന് എട്ട് സംശയാസ്പദമായ കേസുകള്‍ കൂടെ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സ്ഥിരീകരിച്ച കേസുകള്‍ 84 ഉം സംശയാസ്പദമായ കേസുകള്‍ 195 ഉം ആയി.

അതേസമയം പ്രതിരോധ മരുന്ന് കഴിക്കാത്തത് എലിപ്പനി മരണസംഖ്യ കൂട്ടിയെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. പ്രതിരോധ മരുന്നിന് സംസ്ഥാനത്ത് ക്ഷാമമില്ലെന്നും ജനങ്ങള്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കെ.കെ.ശൈലജ ആവശ്യപ്പെട്ടു. 30 ദിവസത്തിനുള്ളിൽ നിയന്ത്രണ വിധേയമാക്കാൻ കഴിയുമെന്നാണ് വിലയിരുത്തുന്നത്.

മൊബൈല്‍ മെഡിക്കല്‍ ക്യാമ്പ് ഇന്ന് മുതല്‍

കോഴിക്കോട്: എലിപ്പനി പടരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത നിര്‍ദ്ദേശങ്ങളുമായി ആരോഗ്യ വകുപ്പ്. കോര്‍പറേഷന്‍ കേന്ദ്രീകരിച്ച് കൂടുതല്‍ മെഡിക്കല്‍ ക്യാമ്പുകളും പ്രതിരോധ മരുന്നായ ഡോക്‌സി സൈക്ലിന്‍ വിതരണവും നടത്തുന്നുണ്ട്. മൊബൈല്‍ മെഡിക്കല്‍ ടീം നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ്, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ എന്നിവയുമായി ചേര്‍ന്ന് തിങ്കളാഴ്ച താഴെപറയുന്ന സ്ഥലങ്ങളില്‍ ക്യാമ്പുകള്‍ നടത്തും. എരഞ്ഞിക്കല്‍, കല്ലായി, കണ്ണാടിക്കല്‍, എരഞ്ഞിപ്പാലം, ബേപ്പൂര്‍ എന്നിവിടങ്ങളിലാണ് ഉച്ചക്ക് രണ്ടു മണി മുതല്‍ അഞ്ച് മണി വരെയാണ് ക്യാമ്പുകള്‍ സംഘടിപ്പിക്കുക. അടുത്ത ദിവസങ്ങളില്‍ സ്വകാര്യ ആസ്പത്രികളുമായി ചേര്‍ന്ന് കൂടുതല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും.

chandrika: