X

സി.പി.എമ്മിന്റെ രാഷ്ട്രീയ കുതന്ത്രങ്ങള്‍ക്ക് രാഘവന്റെ ഹാട്രിക് തടയാനായില്ല

കോഴിക്കോട്: ചരിത്രനഗരമായ കോഴിക്കോട്ട് ഹാട്രിക് നേടാനുള്ള എം.കെ രാഘവന്റെ ശ്രമം തടയാന്‍ സി.പി.എം എല്ലാ അടവുകളും എടുത്തിരുന്നു. ജനപ്രതിനിധി എന്ന നിലയില്‍ രാഘവന്‍ ഏറ്റെടുത്ത് നടപ്പാക്കിയ പദ്ധതികളും മണ്ഡലത്തിലെ അദ്ദേഹത്തിന്റെ സജീവ സാന്നിധ്യവും അവഗണിക്കാന്‍ സി.പി.എമ്മിനും ഇടതുമുന്നണിക്കും സാധിക്കുമായിരുന്നില്ല. അതോടെയാണ് ഒളിക്യാമറാ വിവാദവുമായി സി.പി.എം രംഗത്തെത്തിയത്. ഡി.വൈ.എഫ്.ഐ ദേശീയ നേതാവ് അഡ്വ. പി.എ മുഹമ്മദ് റിയാസ്, ജില്ലാ സെക്രട്ടറി പി. മോഹനന്‍, എളമരം കരീം എം.പി തുടങ്ങിയ നേതാക്കള്‍ ഇതുമായി ബന്ധപ്പെട്ട് സജീവമായി രംഗത്തെത്തിയിരുന്നു. വ്യക്തിഹത്യ മാത്രമായിരുന്നു ലക്ഷ്യം. വാര്‍ത്താസമ്മേളനം നടത്തിയും പൊതുയോഗം സംഘടിപ്പിച്ചും സി.പി.എം വിഷയം ആളികത്തിക്കാന്‍ തുടര്‍ച്ചയായി ശ്രമിച്ചു. പൊലീസിന്റെയും മറ്റും പിന്തുണ സി.പി.എമ്മിന് ലഭിച്ചിരുന്നു.
എന്നാല്‍, ഇതൊട്ടും ജനങ്ങളെ ബാധിച്ചില്ല എന്നാണ് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്. എം.കെ രാഘവന്റെ ഭൂരിപക്ഷം വര്‍ധിച്ചു. സി.പി.എം സ്ഥാനാര്‍ത്ഥി എ. പ്രദീപ്കുമാറിന്റെ അസംബ്ലി മണ്ഡലമായ കോഴിക്കോട് നോര്‍ത്തില്‍ പോലും ലീഡ് നേടാനായില്ല എന്ന വസ്തുത സി.പി.എമ്മിനെ ഞെട്ടിച്ചിരിക്കുകയാണ്. അതുപോലെ ബേപ്പൂര്‍, കുന്ദമംഗലം ഉള്‍പ്പെടെ സി.പി.എം കോട്ടകളിലും രാഘവന് ലീഡ് വര്‍ധിച്ചു. എം.എല്‍.എ സ്ഥാനത്ത് നിന്ന് മാറി ലോക്്‌സഭയില്‍ മത്സരിക്കാനിറങ്ങിയ എ. പ്രദീപ്കുമാറിന് സ്വാഭാവികമായും തിരിച്ചടിയുണ്ടായി. എം.പി എന്ന നിലയില്‍ എം.കെ രാഘവന്‍ മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ജനം തിരിച്ചറിയുകയായിരുന്നു. അത് കണ്ടില്ലെന്ന് നടിച്ച സി.പി.എമ്മിന് ഒടുവില്‍ അടിതെറ്റി.

chandrika: