X
    Categories: keralaNews

കോഴിക്കോട്ട് രോഗവ്യാപനം രൂക്ഷം; കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

കോഴിക്കോട്: രോഗവ്യാപനം കുതിച്ചുയരുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ ജില്ലാ ഭരണകൂടം കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പാളയം മാര്‍ക്കറ്റില്‍ കഴിഞ്ഞ ദിവസം 233 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ തീരുരമാനിച്ചിരിക്കുന്നത്. ഹാര്‍ബറുകള്‍, മാര്‍ക്കറ്റുകള്‍ അങ്ങാടികള്‍ എന്നിവിടങ്ങളില്‍ ക്വിക് റെസ്‌പോണ്‍സ് ടീമുകളെ നിയോഗിക്കും. റവന്യൂ, പൊലീസ്, തദ്ദേശം വകുപ്പുകളിലെ പ്രതിനിധികള്‍ ടീമിലുണ്ടാവും. ഹാര്‍ബറുകള്‍, മാര്‍ക്കറ്റുകള്‍ അങ്ങാടികള്‍ എന്നിവിടങ്ങളിലെ പ്രവേശന കവാടങ്ങളില്‍ പൊലീസിന്റെ പരിശോധനയുണ്ടാവും.

സാനിറ്റൈസര്‍, മാസ്‌ക്, സാമൂഹിക അകലം എന്നിവ ഉറപ്പു വരുത്തിയ ശേഷമായിരിക്കും പ്രവേശനം. മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ പിഴ ചുമത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഓരോ കേന്ദ്രങ്ങളിലും പ്രവേശനം അനുവദിക്കേണ്ടവരുടെ എണ്ണം ക്യുആര്‍ടികള്‍ നിശ്ചയിക്കും. ഇതനുസരിച്ച് പൊലീസ് പ്രവേശനം നിയന്ത്രിക്കും. ഓരോ കേന്ദ്രങ്ങളിലും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ കോവിഡ് പരിശോധന നിര്‍ബന്ധിതമാക്കിയിട്ടുണ്ട്. പരിശോധനക്ക് വിധേയരാകാത്തവര്‍ക്ക് പ്രവേശനം ഉണ്ടാവുകയില്ല.

ജില്ലയില്‍ നാല് താലൂക്കുകളിലായി പുതുതായി 31 ക്യുക് റെസ്‌പോണ്‍സ് ടീമുകളെയാണ് നിയോഗിച്ചിരിക്കുന്നത്. കോഴിക്കോട് താലൂക്കിലെ ബേപ്പൂര്‍, വെള്ളയില്‍ ഹാര്‍ബറുകള്‍, വലിയങ്ങാടി, പാളയം, വേങ്ങേരി , കുന്നമംഗലം – ചാത്തമംഗലം, ചേളന്നൂര്‍ – കക്കോടി, പെരുമണ്ണ – ഒളവണ്ണ, പന്നിയങ്കര എന്നിവിടങ്ങളിലായി ഒമ്പത് ടീമുകളെ നിയോഗിച്ചു.

താമരശ്ശേരി താലൂക്കിലെ ഉണ്ണികുളം, രാരോത്ത്, കൊടുവള്ളി, പുതുപ്പാടി, പുത്തൂര്‍, കിഴക്കോത്ത് എന്നിവിടങ്ങളില്‍ നിയന്ത്രണങ്ങള്‍ക്കും നിരീക്ഷണത്തിനുമായി ആറ് ടീമുകളുണ്ടാവും. ചോമ്പാല ഹാര്‍ബര്‍, വടകര, അഴിയൂര്‍, നാദാപുരം റോഡ്, കുറ്റ്യാടി, നാദാപുരം – കല്ലാച്ചി, ആയഞ്ചേരി, കക്കട്ടില്‍, കൊയിലാണ്ടി, പേരാമ്പ്ര, നടുവണ്ണൂര്‍, മേപ്പയ്യൂര്‍, പയ്യോളി, അരിക്കുളം ടൗണ്‍, മൂടാടി ടൗണ്‍, കൊയിലാണ്ടി ഹാര്‍ബര്‍ എന്നിവിടങ്ങളിലേക്കും ക്യുക് റെസ്‌പോണ്‍സ് ടീമിനെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: