X
    Categories: keralaNews

കോഴിക്കോട്- പാലക്കാട് ഗ്രീന്‍ഫീല്‍ഡ് ഹൈവേ; കേന്ദ്ര വിജ്ഞാപനം ജൂണ്‍ നാലിനകം

പി.എ. അബ്ദുല്‍ ഹയ്യ്
മലപ്പുറം

കോഴിക്കോട്-പാലക്കാട് ഗ്രീന്‍ഫീല്‍ഡ് ഹൈവേക്കു വേണ്ടി ഏറ്റെടുക്കേണ്ട ഭൂമിയുടെ വിശദാംശം, അലൈന്‍മെന്റ് സംബന്ധിച്ച കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ പരിശോധന അന്തിമഘട്ടത്തില്‍. പരിശോധന പൂര്‍ത്തീകരിച്ച് 3 എ വിജ്ഞാപനം ജൂണ്‍ നാലിനകം പുറത്തിറങ്ങുമെന്ന് ഭൂമിയേറ്റെടുക്കല്‍ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി കലക്ടറുടെ ഓഫീസ് അറിയിച്ചു.

വിജ്ഞാപനം ഇറങ്ങുന്ന മുറക്ക് സര്‍ക്കാര്‍ ഇതുസംബന്ധിച്ച ഗസറ്റ് പുറപ്പെടുവിക്കും. ഇതു കഴിഞ്ഞ് സ്ഥലമെടുപ്പുമായി നടപടികള്‍ വേഗത്തിലാക്കാനാണ് അധികൃതരുടെ നീക്കം. കഴിഞ്ഞ 16നാണ് ഇതു സംബന്ധിച്ച രേഖകള്‍ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ പ്രത്യേക സോഫ്റ്റ്‌വെയര്‍ ആയ ‘ഭൂമിരാശി’ വഴി അനുമതിക്കായി സമര്‍പ്പിച്ചത്.

നിലവില്‍ സമര്‍പ്പിച്ച അലൈന്‍മെന്റിലോ ഏറ്റെടുക്കേണ്ട ഭൂമിയുടെ കാര്യത്തിലോ യാതൊരു മാറ്റത്തിനും സാധ്യതയില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. പ്രമുഖ പ്രൈവറ്റ് കമ്പനി വിവിധ ഘട്ടങ്ങളിലായി നടത്തിയ സര്‍വേകളുടെ അടിസ്ഥാനത്തിലാണ് അലൈന്‍മെന്റ് തയാറാക്കിയിട്ടുള്ളത്. പ്രദേശങ്ങളെക്കുറിച്ചും നാശനഷ്ടങ്ങളെക്കുറിച്ചും വിശദമായി പഠിച്ചതിന് ശേഷമാണ് അവര്‍ കേന്ദ്രത്തിന്റെ അനുമതിക്കായി സമര്‍പ്പിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ പുറത്തിറങ്ങുന്ന 3 എ വിജ്ഞാപനത്തില്‍ സൂചിപ്പിക്കുന്ന പ്രദേശങ്ങളില്‍ കൂടെ തന്നെ പാത കടന്നു പോകും.

ഔദ്യോഗിക നടപടിയെന്നോണം പ്രാദേശിക പത്രങ്ങളില്‍ പരസ്യം നല്‍കും. പരാതികള്‍ ബോധിപ്പിക്കാമെങ്കിലും സര്‍ക്കാറിന്റെ ലാഭ, നഷ്ടക്കണക്കുകള്‍ പ്രകാരമാകും കാര്യങ്ങള്‍ മുന്നോട്ടു പോകുക. പരാതിക്കാര്‍ക്ക് നേരിട്ട് കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ അവസരം നല്‍കുമെന്നു പറയുന്നുണ്ടെങ്കിലും ഗൗരവമുള്ള പരാതികള്‍ മാത്രമാകും പരിഹരിക്കുക. ഇതിനു ശേഷമാണ് അന്തിമ അലൈന്‍മെന്റ് പ്രസിദ്ധീകരിക്കുക. ഭൂമി സര്‍ക്കാറില്‍ നിക്ഷിപ്തമായ ശേഷം നഷ്ടപരിഹാര വിതരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആരംഭിക്കും. രണ്ടു വര്‍ഷത്തിനുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തീകരിച്ച് പണി ആരംഭിക്കാനാവുമെന്നാണ് അധികൃതര്‍ പറയുന്നത്.

അതേസമയം ഹൈവേ കടന്നു പോകുമെന്ന് പ്രതീക്ഷിക്കുന്ന മേഖലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, ക്രയവിക്രയങ്ങള്‍ എന്നിവ പ്രതിസന്ധിയിലാണ്. ഈ മേഖലയില്‍ നിര്‍മാണം ആരംഭിച്ച വീടുകള്‍, കെട്ടിടങ്ങള്‍ എന്നിവയുടെ പ്രവൃത്തിയെല്ലാം ആശങ്കയുള്ളത് കാരണം നിര്‍ത്തിവെച്ചിരിക്കുകയാണ്.

Chandrika Web: