X
    Categories: MoreViews

മുഖ്യമന്ത്രിയുടെ നിലപാട് ശത്രുതാപരം: കെ.പി.എ മജീദ്

 

മലപ്പുറം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ സംവരണം നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ നിര്‍ബന്ധ ബുദ്ധി ഭരണഘടനാവിരുദ്ധവും പിന്നോക്ക ജനവിഭാഗങ്ങളോടുള്ള ശത്രുതാപരമായ സമീപനവുമാണ് വ്യക്തമാക്കുന്നതെന്ന് മുസ്‌ലിംലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. ഭരണഘടനാ നിര്‍മാണ സമയത്ത് വളരെയധികം ചര്‍ച്ചകള്‍ക്ക് ശേഷമാണ് സംവരണം എന്ന തത്വം സ്വീകരിച്ചിട്ടുള്ളത്. വിദ്യാഭ്യാസപരവും സാമൂഹ്യവുമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും സര്‍വീസില്‍ അര്‍ഹമായ പ്രാതിനിധ്യമില്ലാത്തവര്‍ക്കുമാണ് സംവരണമെന്ന് അര്‍ഥശങ്കക്കിടമില്ലാതെ വ്യക്തമാക്കപ്പെട്ടതാണ്. സംവരണം ആരുടെയും ഔദാര്യമല്ല. പിന്നോക്ക ജനവിഭാഗങ്ങള്‍ക്ക് നൂറ്റാണ്ടുകളായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന അവകാശാനുകൂല്യങ്ങള്‍ക്ക് പകരമുള്ള നാമമാത്രമായ പ്രായശ്ചിതമാണ്. നിരന്തരമായ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശമാണ് സംവരണം. സംവരണം ഒരിക്കലും ഒരു സാമ്പത്തിക പാക്കേജല്ല. സാമൂഹ്യനീതി നടപ്പാക്കുന്നതിനുള്ള ഒരു ഉപാധിയാണ്. നൂറ്റാണ്ടുകളായി പുറത്ത് നിര്‍ത്തപ്പെട്ട പിന്നോക്ക ജനവിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യം നല്‍കലാണ് സംവരണമെന്ന് ഭരണഘടനാ ശില്‍പിയായ ഡോ. ബി.ആര്‍ അംബേദ്കര്‍ ഊന്നിപ്പറഞ്ഞിട്ടുണ്ട്.
കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റിന്റെ കാലത്ത് ഭരണ പരിഷ്‌കാര കമ്മിറ്റിയുടെ ശുപാര്‍ശയായി സാമ്പത്തിക സംവരണവാദം ഉയര്‍ത്തിക്കൊണ്ടുവന്നപ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തന്നെ ആ വാദം തള്ളിക്കളഞ്ഞതാണ്.
സാമ്പത്തിക സംവരണ വാദവുമായി മുഖ്യമന്ത്രി മുന്നോട്ട് വരുന്നത് സാമൂഹ്യനീതിനിഷേധവും പിന്നോക്ക ജനവിഭാഗങ്ങളോടുള്ള വെല്ലുവിളിയുമാണ്. ഭരണഘടനാ വിരുദ്ധവും സാമൂഹ്യ നീതിക്കെതിരെയുമുള്ള ഈ സമീപനത്തില്‍ നിന്ന് മുഖ്യമന്ത്രി പിന്മാറണം. അല്ലാത്തപക്ഷം ശക്തമായ സമരവുമായി പിന്നോക്ക ജനവിഭാഗങ്ങള്‍ രംഗത്തിറങ്ങേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

chandrika: