X
    Categories: MoreViews

ആര്‍.എസ്.എസിന്റെ കുടുംബ പ്രബോധനം ഏക സിവില്‍കോഡിന്റെ മുന്നൊരുക്കം: കെ.പി.എ മജീദ്

കോഴിക്കോട്: കുടുംബ പ്രബോധനം എന്ന പേരില്‍ സംഘ്പരിവാര്‍ ജീവിത ശൈലി പിന്തുരാന്‍ ആജ്ഞാപിച്ച് ആര്‍.എസ്.എസ് കേഡര്‍മാര്‍ വീടുകളിലെത്തുന്നത് ഏക സിവില്‍കോഡ് അടിച്ചേല്‍പ്പിക്കാനുള്ള മുന്നൊരുക്കമാണെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. ഭരണകൂട പിന്തുണയോടെ, ഏതെങ്കിലും മതത്തിന്റെയോ ജാതിയുടെയോ ആചാര അനുഷ്ടാനങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം രാജ്യത്തെ നാശത്തിലേക്ക് നയിക്കും.
ഭക്ഷണം, വസ്ത്രം എന്നിവ തെരഞ്ഞെടുക്കാനുള്ള പൗരന്റെ അവകാശത്തിനു മേലെയുള്ള കയ്യേറ്റം മൗലികാവകാശ ലംഘനമാണ്. ക്യാമ്പയിനില്‍ മാംസാഹാരം ഉപേക്ഷിക്കാനുള്ള ആഹ്വാനം, ബീഫ് വിരുദ്ധ രാഷ്ട്രീയത്തിന്റെ ആക്രമണോത്സുകത ശക്തിപ്പെടുത്തുമെന്ന വെല്ലുവിളിയാണ്. വിശേഷാവസരങ്ങളില്‍ സ്ത്രീകള്‍ സാരിയും പുരുഷന്മാര്‍ കുര്‍ത്തയും പൈജാമയും ധരിക്കണം, ടെലിവിഷന്‍ കാണരുത്, പ്രഭാതത്തില്‍ ഗുഡ് മോര്‍ണിംഗ് പറയരുത്, ജന്മദിനാഘോഷത്തിന് മെഴുകുതിരി കത്തിക്കരുത് തുടങ്ങിയ നിര്‍ദേശങ്ങളും സംഘപരിവാര്‍ കോഡ് രാജ്യത്താകെ വ്യാപിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്.
ഏതു മത വിശ്വാസ പ്രകാരവും വിശ്വാസി അല്ലാതെയും ജീവിക്കാനുള്ള അവകാശം രാജ്യത്തുണ്ട്. നാനാത്വത്തില്‍ ഏകത്വമാണ് ഇന്ത്യയുടെ സൗന്ദര്യം. അതില്ലാതാക്കാനുള്ള ബോധ പൂര്‍വ്വമായ ശ്രമങ്ങള്‍ പ്രലോഭനത്തിലൂടെയും ഭീഷണിയിലൂടെയും അടിച്ചേല്‍പ്പിക്കാന്‍ ഒരു വിഭാഗം രംഗത്തു വരുന്നത് ആപല്‍കരമാണ്. ഇത്തരം വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപിടിയെടുക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ തയ്യാറാവണം.
ജനങ്ങളില്‍ മൂല്യബോധമുണ്ടാക്കാനാണ് കുടുംബ പ്രബോധനവുമായി വീടുകളിലെത്തുന്നതെന്നാണ് ആര്‍.എസ്.എസ് വ്യാഖ്യാനമെങ്കിലും മനുസൃമിയില്‍ അധിഷ്ടിതമായ ഏക സിവില്‍ നിയമം കൊണ്ടുവരാനുള്ള അന്തരീക്ഷം സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഏക സിവില്‍കോഡ് രാജ്യത്ത് പ്രായോഗികമല്ലെന്ന മുസ്്‌ലിംലീഗ് നിലപാടിനെ തള്ളിപ്പറഞ്ഞിരുന്ന മതേതര കക്ഷികള്‍ക്ക് കാര്യങ്ങളുടെ ഗൗരവം ഇനിയെങ്കിലും ബോധ്യപ്പെടണം.
ഭൂരിപക്ഷ വിഭാഗത്തിലെ ശക്തരായ ന്യൂനപക്ഷത്തിന്റെ ആചാര അനുഷ്ടാനങ്ങള്‍ രാജ്യത്താകമാനം അടിച്ചേല്‍പ്പിക്കുക എന്നതാണ് ഏകസിവില്‍കോഡ് വാദക്കാരുടെ മനസ്സിലിരിപ്പെന്ന് കുടുംബ പ്രബോധനത്തിന്റെ മാര്‍ഗനിര്‍ദേശം വ്യക്തമാക്കുന്നുണ്ട്. ചിന്തിക്കാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനുമുള്ള പൗരാവകാശത്തിനു മേലുള്ള കടന്നുയറ്റത്തിനെതിരെ പൊതു സമൂഹം ഉണര്‍ന്നു ചിന്തിക്കണം. ആരുടെയെങ്കിലും തിട്ടൂരം പൗരന്മാര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ഒളിഞ്ഞും തെളിഞ്ഞുമുളള ശ്രമങ്ങള്‍ ഒറ്റക്കെട്ടായി ചെറുത്തു തോല്‍പ്പിക്കണമെന്നും കെ.പി.എ മജീദ് ആവശ്യപ്പെട്ടു.

chandrika: