X

പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിലേക്ക് കടന്ന് കെപിസിസി നേതൃത്വം; രാഷ്ട്രീയകാര്യ സമിതിയോഗം 4ന്

പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിലേക്ക് കടന്ന് കെപിസിസി നേതൃത്വം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ ഭരണം പൊതുസമൂഹത്തിന് മുന്നില്‍ തുറന്ന് കാട്ടുന്ന ശക്തമായ പ്രക്ഷോഭ പരിപാടികളും പ്രചരണ തന്ത്രങ്ങളും സംഘടനാ പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്തു രൂപം നല്‍കും. അതിന്റെ ഭാഗമായി ഒക്ടോബര്‍ 4ന് കെപിസിസി ആസ്ഥാനത്ത് എംപിമാരെകൂടി പങ്കെടുപ്പിച്ച് രാഷ്ട്രീയകാര്യ സമിതി യോഗവും 5ന് കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും കെപിസിസി പാര്‍ലമെന്റിന്റെ ചുമതലനല്‍കിയ നേതാക്കളുടെയും അടിയന്തിര സംയുക്തയോഗവും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി വിളിച്ചുചേര്‍ത്തതായി സംഘടനാ ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു. എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി യോഗങ്ങളില്‍ പങ്കെടുക്കും.

ഒക്ടോബര്‍ 4ന് രാവിലെ 10ന് കെപിസിസി ആസ്ഥാനത്താണ് രാഷ്ട്രീയകാര്യ സമിതി യോഗം. കെപിസിസി പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ സമകാലിക രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. തൊട്ടടുത്ത ദിവസം രാവിലെ 10ന് നടക്കുന്ന കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും കെപിസിസി പാര്‍ലമെന്റിന്റെ ചുമതലനല്‍കിയ നേതാക്കളുടെയും സംയുക്ത യോഗത്തില്‍ തിരഞ്ഞെടുപ്പ് മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പദ്ധതികളുടെ രൂപരേഖ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി വിശദീകരിക്കും.

 

webdesk11: