X

അതി പ്രഗത്ഭനായ ഒരു നിയമതന്ത്രജ്ഞനെയാണ് മുൻ അഡ്വക്കേറ്റ് ജനറൽ കെ.പി ദണ്ഡപാണിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നത്: പി.കെ.കുഞ്ഞാലിക്കുട്ടി

അതി പ്രഗത്ഭനായ ഒരു നിയമതന്ത്രജ്ഞനെയാണ് മുൻ അഡ്വക്കേറ്റ് ജനറൽ കെ.പി ദണ്ഡപാണിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നതെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വ്യക്തിപരമായി ഏറെ അടുപ്പവും, സ്വാധീനവും ചെലുത്തിയിരുന്ന വ്യക്തിത്വമായിരുന്നു ശ്രീ. ദണ്ഡപാണി. മലപ്പുറം വെടിവെപ്പ് കാലം മുതൽ ആരംഭിച്ചതാണ് അദ്ദേഹവുമായുള്ള ആത്മബന്ധം. അന്ന് കേസ് നടത്തിയിരുന്ന മുൻ അഡ്വക്കേറ്റ് ജനറൽ രത്‌നസിംഗിന്റെ കൂടെ ഉണ്ടായിരുന്ന അഡ്വ.ദണ്ഡപാണിയുടെ നിയമ സഹായങ്ങളും കേസ് നടത്തിക്കൊണ്ട് പോകുന്നതിൽ ഉപകരിച്ചത് ഓർത്ത് പോകുകയാണ്. പിന്നീടങ്ങോട്ട് രാഷ്ട്രീയ ജീവിതത്തിലും വ്യക്തി ജീവിതത്തിലും അദ്ദേഹത്തിന്റെ നിയമോപദേശങ്ങളും, പിന്തുണയും വലിയ കരുത്തായിട്ടുണ്ട് എന്നത് ഈ അവസരത്തിൽ സ്മരിക്കുകയാണ്. ഒരഭിഭാഷകൻ എന്നതിനപ്പുറത്ത് വ്യക്തിപരമായൊരു അടുപ്പം ഞങ്ങൾക്കിടയിലുണ്ടായിരുന്നു.അദ്ദേഹം അനുസ്മരിച്ചു.

കഴിഞ്ഞ യുഡിഎഫ് ഗവണ്മെന്റിന്റെ കാലത്ത് അഡ്വക്കേറ്റ് ജനറൽ ആയി സേവനം അനുഷ്ഠിച്ച അദ്ദേഹം ഗവണ്മെന്റിന് വേണ്ടി വളരെ സമർത്ഥമായി കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നു. നിയമത്തിലെ അപാരമായ അവഗാഹവും, അത് പ്രായോഗിക തലത്തിൽ പ്രയോഗിച്ച് ഫലിപ്പിക്കാനുള്ള വൈഭവവും സർക്കാരിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ഏറെ ഉപകാരപ്പെട്ടിട്ടുണ്ട്. ദിനേനയെന്നോണം അദ്ദേഹം ഞങ്ങളുമായൊക്കെ ബന്ധപ്പെടുകയും ആശയ വിനിമയം നടത്തുകയും ചെയ്തിരുന്നു. പ്രമാദമായ പല കേസുകളിലും സർക്കാരിന് നേട്ടമുണ്ടാക്കി തരുന്നതിൽ അദ്ദേഹത്തിന്റെ അഭിഭാഷക മികവ് വിജയിച്ചിരുന്നു.പി.കെ.കുഞ്ഞാലിക്കുട്ടി അനുസ്മരണ കുറിപ്പിൽ ചൂണ്ടിക്കാട്ടി.

കെ.പി.ദണ്ഡപാണിയുടെ വസതിയിലെത്തി അന്തിമോപചാരം അർപ്പിച്ച പി.കെ.കുഞ്ഞാലിക്കുട്ടി കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്ക് ചേരുകയും ചെയ്തു.

webdesk15: