X

കൃഷ്ണ തേജ ആലപ്പുഴ കലക്ടറായി ചുമതലയേറ്റു; ചുമതല കൈമാറ്റത്തിന് ശ്രീറാം എത്തിയില്ല

ആലപ്പുഴ: ആലപ്പുഴ ജില്ലയുടെ 55-ാമത്തെ കളക്ടറായി വി.ആര്‍. കൃഷ്ണ തേജ ചുതമലയേറ്റു. ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയ ഒഴിവിലേക്കാണ് കൃഷ്ണ തേജയെ നിയമിച്ചത്. അതേസമയം ചുമതല കൈമാറുന്നതിന് ശ്രീറാം വെങ്കിട്ടരാമന്‍ എത്തിയില്ല. ഈ സാഹചര്യത്തില്‍ എ.ഡി.എമ്മില്‍ നിന്നാണ് തേജ ചുമതല ഏറ്റെടുത്തത്. ചട്ടമനുസരിച്ച് ജില്ലാ ഭരണാധികരിയാണ് ചുമതല കൈമാറേണ്ടത്. കലക്ടര്‍ അല്ലെങ്കില്‍ എഡിഎമ്മാണ് ഈ ചുമതല വഹിക്കുന്നത്. ശ്രീറാം ഇന്നലെ തന്നെ കലക്ടറുടെ ചുമതല ഒഴിഞ്ഞിരുന്നു.

രാവിലെ പത്തിന് കലക്ട്രേറ്റിലെത്തിയ കൃഷ്ണ തേജയെ ജില്ലാ വികസന കമ്മീഷണര്‍ കെ.എസ്.അഞ്ജു, എ.ഡി.എം. എസ്. സന്തോഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. ആഡ്രാ പ്രദേശിലെ ഗുണ്ടൂര്‍ സ്വദേശിയായ കൃഷ്ണ തേജ 2015 ഐ.എ.എസ്. ബാച്ചുകാരനാണ്. 2018ലെ മഹാപ്രളയ സമയത്ത് ആലപ്പുഴ സബ് കളക്ടറായിരിക്കെ ഐ ആം ഫോര്‍ ആലപ്പി എന്ന പ്രളയാനന്തര പുനരധിവാസ പദ്ധതി ആവിഷ്‌കരിച്ചു നടപ്പാക്കി.

കെ.ടി.ഡി.സി മാനേജിംഗ് ഡയറക്ടര്‍, ടൂറിസം വകുപ്പ് ഡയറക്ടര്‍, പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ തുടങ്ങിയ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരവന്‍ കേരള, കെ.ടി.ഡി.സി.യുടെ മിഷന്‍ ഫേസ് ലിഫ്റ്റ് പദ്ധതികള്‍ അവതരിപ്പിക്കുകയും നിര്‍വഹണത്തിന് നേതൃത്വം നല്‍കുകയും ചെയ്തു.

പ്രകൃതിക്ഷോഭ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ രക്ഷാ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കാകും ആദ്യ ഘട്ടത്തില്‍ മുന്‍ഗണന നല്‍കുകയെന്ന് അദ്ദേഹം പറഞ്ഞു. ഡപ്യൂട്ടി കളക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍ എന്നിവരുടെ യോഗത്തിലാണ് കളക്ടര്‍ ആദ്യമായി പങ്കെടുത്തത്.
ശ്രീറാ്ം വെങ്കിട്ടരാമന് സപ്ലൈകോ ജനറല്‍ മാനേജരായാണ് നിയമനം നല്‍കിയത്. അതേസമയം ശ്രീറാമിന്റെ ഈ നിയമനം വകുപ്പു മന്ത്രി അറിയാതെയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

Chandrika Web: