X

പിണറായിയെ രണ്ടുവട്ടം അധികാരത്തിലേറ്റിയത് സോളാര്‍കേസ് ; സമഗ്ര അന്വേഷണം വേണമെന്ന് കെ സുധാകരന്‍

പത്തുകോടി രൂപ മുടക്കി ഒരു വ്യാജാരോപണം ഉയര്‍ത്തിക്കൊണ്ടു വരുകയും അതേക്കുറിച്ച് അന്വേഷിച്ച ജുഡീഷ്യല്‍ കമ്മീഷനെ അഞ്ചു കോടി രൂപ മുടക്കി അട്ടിമറിക്കുകയും ചെയ്ത് രണ്ടു തവണ പിണറായി വിജയന്‍ അധികാരം പിടിച്ചെടുത്തതിന്റെ ഞെട്ടിപ്പിക്കുന്ന ഗൂഢാലോചനയാണ് സിപിഐ നേതാവ് സി ദിവാകരന്‍ പുറത്തുവിട്ടതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള നിരപരാധികളെ കുരിശിലേറ്റിയാണ് പിണറായി വിജയന്‍ രണ്ടു തവണ മുഖ്യമന്ത്രിയായത് എന്ന യാഥാര്‍ത്ഥ്യം ജനങ്ങളില്‍ എത്തിയതോടെ ഇനി പിണറായി വിജയന്‍ എങ്ങനെ ജനങ്ങളുടെ മുഖത്തുനോക്കുമെന്നു സുധാകരന്‍ ചോദിച്ചു.

ഉമ്മന്‍ ചാണ്ടിയുടെ പേരു പറയാന്‍ സിപിഎം തനിക്ക് 10 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന് പരാതിക്കാരി നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്. തുടര്‍ന്ന് പെരുമഴപോലെ ആരോപണങ്ങള്‍ പെയ്തിറങ്ങുകയും സിപിഎം സമരപരമ്പരകര്‍ അഴിച്ചുവിടുകയും ചെയ്തതിനുശേഷമാണ് യുഡിഎഫ് സര്‍ക്കാര്‍ 2014ല്‍ ജൂഡീഷ്യല്‍ അന്വേഷണം നടത്തിയത്. 2016, 2021 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പിണറായി വിജയന്റെ പ്രധാന ആയുധം സോളാര്‍ വിവാദമായിരുന്നു.

കമ്മീഷന്റെ പ്രവര്‍ത്തനം തുടക്കംമുതല്‍ സംശയാസ്പദമായിരുന്നു. ഉമ്മന്‍ ചാണ്ടിയെ മുള്‍മുനയില്‍ നിര്‍ത്തി പാതിരാവരെ വിചാരണ ചെയ്തപ്പോള്‍ പരാതിക്കാരിയോട് മൃദുല സമീപനം സ്വീകരിച്ചു. ഉമ്മന്‍ ചാണ്ടിയേയും സഹപ്രവര്‍ത്തകരേയും ആണിതറച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് പുറത്തുവന്നതിന്റെ പിന്നാമ്പുറത്തുനടന്ന കാര്യങ്ങളാണ് സി ദിവാകരന്‍ ഇപ്പോള്‍ വെളിപ്പെടുത്തിയത്. തികച്ചും വസ്തുതാവിരുദ്ധമായ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഹൈക്കോടതി ചവറ്റുകൊട്ടയില്‍ തള്ളി.

പിണറായി വിജയന്‍ 2016ല്‍ അധികാരമേറ്റ ഉടനെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെക്കൊണ്ട് 3 തവണ അന്വേഷണം നടത്തിച്ച് വിഷയം സജീവമാക്കി നിര്‍ത്തി. എന്നാല്‍ ആരോപണവിധേയരായവരെ കുടുക്കാന്‍ പിണറായിയുടെ കേരള പോലീസിനു കഴിയാതെ വന്നപ്പോള്‍ 2021ല്‍ കേസ് സിബിഐക്കു വിട്ടുകൊണ്ടാണ് പിണറായി വിജയന്‍ നിയമസഭാ തെരഞ്ഞെടുപ്പ് നയിച്ചത്. പിണറായി വിജയന്‍ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ജയിച്ചതിന്റെ പിന്നിലെ കുടില തന്ത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. സോളാര്‍ കേസിലെ കോഴ ഇടപാടുകളെക്കുറിച്ചും ഗൂഢാലോചനയെക്കുറിച്ചും സമഗ്രമായ ജൂഡീഷ്യല്‍ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.

webdesk15: