X
    Categories: keralaNews

കേന്ദ്രസര്‍ക്കാര്‍ അന്വേഷണം; കെ.ടി ജലീല്‍ രാജിവെച്ചേക്കും

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ മന്ത്രി കെ.ടി ജലീല്‍ രാജിവെക്കാന്‍ സാധ്യത. മുന്നണിക്കും സര്‍ക്കാറിനും നിരന്തരം തലവേദന സൃഷ്ടിക്കുന്ന ജലീലിനെ ഇനിയും സംരക്ഷിക്കേണ്ടെന്ന നിലപാടിലാണ് സിപിഎം നേതൃത്വം. യുഎഇ കോണ്‍സുലേറ്റുമായി ചട്ടങ്ങള്‍ മറികടന്ന് മന്ത്രി ജലീല്‍ നടത്തിയ ഇടപാടുകള്‍ വിവാദമായതില്‍ സിപിഐ നേതൃത്വത്തിനും അതൃപ്തിയുണ്ട്. ഇക്കാര്യം സിപിഐ നേതാക്കള്‍ സിപിഎം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. യുഎഇ കോണ്‍സുലേറ്റുമായി ജലീല്‍ സ്വന്തം ഇഷ്ടപ്രകാരം നടത്തിയ ഇടപാടുകള്‍ സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കിയതോടെ ന്യായീകരിച്ച് കുഴങ്ങുന്ന അവസ്ഥയിലാണ് പാര്‍ട്ടി നേതൃത്വം. നേരത്തെ ബന്ധുനിയമന വിവാദത്തിലും അവിഹിതമായി മോഡറേഷന്‍ നല്‍കിയതിലും പാര്‍ട്ടി ജലീലിനെ സംരക്ഷിച്ചിരുന്നു. എന്നാല്‍ സ്ഥിരമായി ജലീല്‍ സൃഷ്ടിക്കുന്ന വിവാദങ്ങള്‍ക്ക് മറുപടി പറയാന്‍ ചാനലുകളില്‍ പോയി ചാവേറാവാന്‍ തങ്ങള്‍ക്കാവില്ലെന്ന നിലപാടിലാണ് സിപിഎം യുവനേതാക്കള്‍.

കോവിഡ് മഹാമാരിയുടെ മറവില്‍ മുഖ്യമന്ത്രിയുടെ വീരകഥകള്‍ വാഴ്ത്തി രക്ഷപ്പെടാനുള്ള ശ്രമങ്ങള്‍ക്കിടെ വന്നു വീണ ജലീലിന്റെ കോണ്‍സുലേറ്റ് ഇടപാടുകള്‍ ഇടത് മുന്നണിക്ക് ഇരുട്ടടിയാവുകയായിരുന്നു. കോണ്‍സുലേറ്റ് ഇടപാടുകള്‍ വിവാദമായതോടെ രക്ഷപ്പെടാന്‍ ഖുര്‍ആനെ കൂട്ടുപിടിച്ചതിലും മുന്നണിയില്‍ അസ്വാരസ്യമുണ്ടാക്കിയിട്ടുണ്ട്. രാഷ്ട്രീയ ലാഭത്തിനായി മതത്തേയും മതഗ്രന്ഥത്തേയും കൂട്ടുപിടിക്കുന്നത് വിശ്വാസികള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കുമെന്ന ഭയവും സിപിഎം നേതൃത്വത്തിനുണ്ട്.

എല്ലായിപ്പോഴും ജലീലിന്റെ സംരക്ഷകനായിട്ടുള്ള മുഖ്യമന്ത്രിയും ജലീലിനെ കൈവിട്ടതായാണ് വിവരം. മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ആരോപണവിധേയമായതോടെ പ്രതിരോധത്തിലായ മുഖ്യമന്ത്രിയെ കൂടുതല്‍ കുരുക്കിലാക്കുന്നതായിരുന്നു ജലീലിന് യുഎഇ കോണ്‍സുലേറ്റുമായുള്ള ബന്ധം. ബന്ധുനിയമനം, വിവാദ മോഡറേഷന്‍ തുടങ്ങി നിരന്തരമായ വിവാദങ്ങളിലൂടെ സ്വയം കെട്ടിപ്പൊക്കിയ വ്യാജ പ്രതിച്ഛായ തകര്‍ന്നതോടെ ജലീലിന് ഇനി അധികം ചുമക്കേണ്ടെന്ന നിലപാടിലാണ് സിപിഎം നേതൃത്വം. മുഖ്യമന്ത്രി സമ്മതം മൂളുകയാണെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജലീലിനെ രാജിവെപ്പിച്ച് പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിനെ കുറിച്ചുള്ള ചര്‍ച്ചയും സിപിഎം നേതൃത്വം നടത്തുന്നുണ്ട്.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: