X
    Categories: CultureMoreViews

തൂക്കുസഭാ പ്രവചനങ്ങള്‍ക്കിടെ കുമാരസ്വാമി സിംഗപ്പൂരിലേക്ക് പറന്നു

ബെംഗളൂരു: കര്‍ണാടകയില്‍ തൂക്കുനിയമസഭ നിലവില്‍ വരുമെന്ന എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ജനതാദള്‍ (എസ്) നേതാവ് എച്ച്.ഡി കുമാരസ്വാമി സിംഗപ്പൂരിലേക്ക് പറന്നു. മകന്‍ എച്ച്.കെ നിഖില്‍ ഗൗഡയും കുമാരസ്വാമിക്കൊപ്പമുണ്ട്. തൂക്കുസഭ വരികയാണെങ്കില്‍ രാഷ്ട്രീയ കുതിരക്കച്ചവടം നടത്താനുള്ള സാധ്യതകള്‍ മുന്‍കൂട്ടി കണ്ടാണ് കുമാരസ്വാമി സിംഗപ്പൂരിലേക്ക് പറന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് ശേഷം മാത്രമേ കുമാരസ്വാമി തിരിച്ചു വരൂ എന്നാണ് റിപ്പോര്‍ട്ട്.

തൂക്കുസഭയായിരിക്കുമെന്ന സൂചന ലഭിച്ചതോടെ കോണ്‍ഗ്രസ്, ബി.ജെ.പി നേതാക്കള്‍ കുമാരസ്വാമിയുമായി ബന്ധപ്പെട്ടിരുന്നതായി ജനതാദള്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ഇതിനിടെ കുമാരസ്വാമി കര്‍ണാടക മുഖ്യമന്ത്രിയാകുമെന്ന മമതാ ബാനര്‍ജിയുടെ പ്രസ്താവനയും ശ്രദ്ധേയമായി. ഒരു ചാനല്‍ ചര്‍ച്ചക്കിടെയാണ് മമത ഇക്കാര്യം പറഞ്ഞത്.

അതിനിടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഒരു വിനോദമായി കണ്ടാല്‍ മതിയെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ ആശങ്കപ്പെട്ടിരിക്കാതെ അവധി ദിവസം ആസ്വദിക്കാനും സിദ്ധരാമയ്യ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: