X
    Categories: MoreViews

കുമാരസ്വാമി രാജ്ഭവനില്‍; എം.എല്‍.എമാരെ തടഞ്ഞു; അനുമതി നല്‍കിയില്ലെങ്കില്‍ കുത്തിയിരുന്ന് പ്രതിഷേധം

ബംഗളൂരു: കോണ്‍ഗ്രസ് സഖ്യത്തോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി ജെ.ഡി.എസ് നേതാവ് കുമാരസ്വാമി രാജ്ഭവനില്‍. രാജ്ഭവന്് മുന്നിലെത്തിയ കോണ്‍ഗ്രസ്- ജെ.ഡി.എസ് എം.എല്‍.എമാരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞത് പ്രതിഷേധത്തിന് ഇടയാക്കി. തുടര്‍ന്ന് 10 എം.എല്‍.എമാരുമായി കുമാരസ്വാമി ഗവര്‍ണറെ കാണുകയാണ്. 118 എം.എല്‍.എമാരുടെ പിന്തുണയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് കുമാരസ്വാമി അവകാശപ്പെട്ടു. ഗവര്‍ണര്‍ അനുമതി നല്‍കുന്നില്ലെങ്കില്‍ രാജ്ഭവന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കാനാണ് കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യത്തിന്റെ തീരുമാനം.

ഗവര്‍ണറെ കണ്ട ശേഷം കോണ്‍ഗ്രസ് തങ്ങളുടെ എം.എല്‍.എമാരെ റിസോര്‍ട്ടിലേക്ക് മാറ്റും. റിസോര്‍ട്ടിലേക്ക് പോകും വഴി രാജ്ഭവനിലെത്തി ഗവര്‍ണ്ണര്‍ക്കു മുമ്പില്‍ എം.എല്‍.എമാരെ ഹാജരാക്കാനാണ് കോണ്‍ഗ്രസ്സിന്റെ പദ്ധതിയുണ്ടായിരുന്നത്. കെപിസിസി ആസ്ഥാനത്ത് നിന്ന് എം.എല്‍.എമാരെ പ്രത്യേക ബസ്സുകളിലാണ് റിസോര്‍ട്ടിലേക്ക് കൊണ്ടുപോകുന്നത്.

കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള ജെ.ഡി.എസ് സര്‍ക്കാരിനെ പിന്തുണക്കുന്ന കത്തുകള്‍ എം.എല്‍.എമാരില്‍ നിന്ന് ഒപ്പിട്ടു വാങ്ങിയ ശേഷമാണ് ഇവരെ റിസോര്‍ട്ടിലേക്ക് മാറ്റിയത്. 77 എംഎല്‍എമാരെയാണ് ബസ്സിലും മറ്റുമായി റിസോര്‍ട്ടിലേക്ക് മാറ്റുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും അടക്കമുള്ള നേതാക്കള്‍ കെ.പി.സി.സി ആസ്ഥാനത്ത് തുടരുകയാണ്. രാവിലെ കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് എല്ലാ എം.എല്‍.എമാരും എത്താത്തത് പാര്‍ട്ടിയെ ആശങ്കയിലാക്കിയിരുന്നു. എന്നാല്‍ രണ്ടുപേര്‍ ഒഴികെ എല്ലാവരും എത്തിച്ചേര്‍ന്നു. ബിഡദിയിലുള്ള ഈഗിള്‍ ടെന്‍ റിസോര്‍ട്ടിലേക്കാണ് ഇവരെ കൊണ്ടുപോകുന്നത്. നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കുന്ന ദിവസം ഇനി ഇവരെ നേരിട്ട് അവിടേക്ക് എത്തിക്കുകയേയുള്ളൂ.

chandrika: