X

കുമാരസ്വാമി ഡല്‍ഹിയില്‍, രാഹുലിനേയും മായവതിയേയും കാണും: മന്ത്രിസഭ രൂപികരണത്തിനായി തിരക്കിട്ട ചര്‍ച്ചകള്‍

ന്യൂഡല്‍ഹി: കര്‍ണാടക നിയുക്ത മുഖ്യമന്ത്രി എച്ച്. ഡി കുമാരസ്വാമി ബി.എസ്.പി അധ്യക്ഷ മായാവതിയെ കാണും. കര്‍ണടക മന്ത്രിസഭ രൂപികരണത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കാണാന്‍ ഡല്‍ഹിയിലെത്തിയ കുമാരസ്വാമി ഇതിനു ശേഷമായിരിക്കും മായാവതിയുമായി കൂടിക്കാഴ്ച നടത്തുക. ജെ.ഡി.എസ്-ബി.എസ്.പി സഖ്യം ഒന്നിച്ചായിരുന്നു നിയമസഭ തെരഞ്ഞെടുപ്പിനെ നേരിട്ടത്.

ബുധനാഴ്ച നിയുക്ത മുഖ്യമന്ത്രി കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്ത അധികാരമേല്‍ക്കുന്നതോടെ കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് മന്ത്രിസഭ നിലവരും. അതേസമയം ബുധനാഴ്ച കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ മാത്രമേ നടക്കൂ. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിച്ചതിന് ശേഷമായിരിക്കും ബാക്കി മന്ത്രിമാര്‍ അധികാരമേല്‍ക്കുക.

33 അംഗ മന്ത്രിസഭയില്‍ സിംഹഭാഗവും കോണ്‍ഗ്രസിനായിരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കോണ്‍ഗ്രസില്‍ നിന്ന് 20 മന്ത്രിമാരുണ്ടാകും കോണ്‍ഗ്രസിന്റെ ജി.പരമേശ്വര ഉപമുഖ്യമന്ത്രിയാകുമെന്നാണ് വിവരം. വിശ്വാസ വോട്ടെടുപ്പിന് കോണ്‍ഗ്രസിന്റെ തന്ത്രങ്ങള്‍ക്ക് നേതൃത്വം നല്‍കി ഡി.കെ ശിവകുമാറിനേയും ഉപമുഖ്യമന്ത്രിയായി പരിഗണിക്കുന്നുണ്ട്. എന്നാല്‍ ധനകാര്യ വകുപ്പ് നിയുക്ത മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി തന്നെ കൈകാര്യം ചെയ്യാനാണ് സാധ്യത.

ആഭ്യന്തര വകുപ്പ് കോണ്‍ഗ്രസിനായിരിക്കും. ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുന്ന കെ.പി.സി.സി അധ്യക്ഷന്‍ കൂടിയായ ജി.പരമേശ്വര ആഭ്യന്തരം കൈകാര്യം ചെയ്യുമെന്നാണ് വിവരം. ഇതുസംബന്ധിച്ചും മറ്റു വകുപ്പുകളെക്കുറിച്ചുമുള്ള അന്തിമ തീരുമാനത്തിലെത്താന്‍ വേണ്ടിയാണ് കുമാരിസ്വാമി രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തുന്നത്. അതേസമയം മന്ത്രിസഭ രൂപികരണവുമായി ബന്ധപ്പെട്ട് മുതിര്‍ന്ന പാര്‍ട്ടി നേതാക്കളായ ഗുലാം നബി ആസാദ്, കെ.സി വേണുഗോപാല്‍, അശോക് ഗെഹ്‌ലോട്ട് തങ്ങളുടെ അഭിപ്രായങ്ങള്‍ രാഹുലുമായി പങ്കുവെച്ചു.

രാഹുല്‍ ഗാന്ധിയുമായുള്ള ചര്‍ച്ചക്ക് ശേഷമായിരിക്കും മായാവതിയെ കുമാരിസ്വാമി കാണുക. ഒരു എം.എല്‍.എയുള്ള ബി.എസ്.പിക്ക് മന്ത്രിസഭയില്‍ പ്രാതിനിധ്യം ഉണ്ടാവുമോയെന്ന് കൂടിക്കാഴ്ചക്ക് ശേഷം വ്യക്തമാവും. അടുത്ത വര്‍ഷത്തെ പൊതുതെരഞ്ഞെടുപ്പ് അടക്കം ദേശീയ തലത്തില്‍ ബി.ജെ.പിക്കെതിരെ സഖ്യം തുടരണമെന്ന കാര്യം ചര്‍ച്ചയില്‍ വിഷയമാവുമെന്നാണ് വിലയിരുത്തല്‍.

 

chandrika: