X

കേരളീയര്‍ക്ക് 3.5 കോടി അക്കൗണ്ടുകളെന്ന് പരിഹസിച്ച കുമ്മനത്തിന് അക്കൗണ്ടുകള്‍ നാല്

കോഴിക്കോട്: മൂന്നേകാല്‍ കോടി ജനങ്ങളുള്ള സംസ്ഥാനത്ത് എങ്ങനെ മൂന്നരക്കോടി സഹകരണ ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടായെന്ന് കേരളീയരെ പരിഹസിച്ച ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് അക്കൗണ്ടുകള്‍ നാല്. എസ്ബിഐയില്‍ രണ്ട് അക്കൗണ്ടുകളും എസ്ബിടിയിലും എച്ച്ഡിഎഫ്‌സിയിലും ഓരോ അക്കൗണ്ടുകളുമാണ് രാജശേഖരന്റെ പേരിലുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍കാവില്‍ മത്സരിച്ച രാജശേഖരന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സ്വന്തം പേരിലുള്ള ബാങ്ക് അക്കൗണ്ടുകള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. തെരഞ്ഞെടുപ്പിന് ശേഷം പുതിയ അക്കൗണ്ട് തുടങ്ങിയിട്ടുണ്ടോ എന്നതിനെ കുറിച്ച് വിവരമില്ല.

നിലവില്‍ എസ്ബിഐയില്‍ കുമ്മനത്തിന്റെ പേരില്‍ മാത്രം കലൂര്‍ ബ്രാഞ്ചിലും എളമക്കര ബ്രാഞ്ചിലും അക്കൗണ്ടുകളുണ്ട്. അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടുകള്‍ ഇങ്ങനെയാണ്: എച്ച്ഡിഎഫ്‌സി കലൂര്‍: 50100120309687, എസ്ബിഐ കലൂര്‍: 30057350490, എസ്ബിഐ എളമക്കര: 20068369118, എസ്ബിടി പേരൂര്‍ക്കട: 67360171762. ഒരാള്‍ക്ക് തന്നെ വിവിധ ബാങ്കുകളില്‍ അക്കൗണ്ട് തുടങ്ങുന്നതിനും ഓരേ ബാങ്കിന്റെ തന്നെ വിവിധ ശാഖകളിലും ഒരാള്‍ക്ക് വ്യത്യസ്ത അക്കൗണ്ട് തുടങ്ങുന്നതിനും നിലവിലെ നിയമമനുസരിച്ച് തടസ്സമില്ല.

 
പക്ഷെ, ഒരു സംസ്ഥാനത്തെ മൊത്തം ജനങ്ങളെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയ വ്യക്തിതന്നെ സ്വന്തം പേരില്‍ ഇത്രയും അക്കൗണ്ടുകള്‍ ഉള്ളത് വിസ്മരിച്ച് ദുരാരോപണം ഉന്നയിക്കുകയായിരുന്നു. സംസ്ഥാനത്താകെ 27 ദേശസാല്‍കൃത ബാങ്കുകളും 17 സ്വകാര്യ ബാങ്കുകളും പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ നിരവധി സഹകരണ ബാങ്കുകളും. രണ്ട് വര്‍ഷം മുമ്പ് ഈ ബാങ്കുകള്‍ക്കെല്ലാം കൂടി 5,876 ബ്രാഞ്ചുകളുണ്ടെന്നാണ് കഴിഞ്ഞ വര്‍ഷത്തെ സ്‌റ്റേറ്റ് ലവല്‍ ബാങ്കേഴ്‌സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ ഏകീകൃത സംവിധാനത്തിന് കീഴിലല്ല.

 
ഓരോ സഹകരണ ബാങ്കും സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കുന്നത്. ഒരു സഹകരണ ബാങ്കില്‍ അക്കൗണ്ടുള്ളവര്‍ക്ക് മറ്റേതെങ്കിലും സഹകരണ ബാങ്കിലോ ദേശസാല്‍കൃത ബാങ്കിലോ സ്വകാര്യ ബാങ്കിലോ പുതിയ അക്കൗണ്ട് തുടങ്ങുന്നതിനും തടസ്സമില്ല. ഇതനുസരിച്ചാണ് ഒരാള്‍ക്ക് തന്നെ വിവിധ ബാങ്കുകളിലും ഒരേ ബാങ്കിന്റെ വിവിധ ശാഖയിലും അക്കൗണ്ട് തുടങ്ങാന്‍ കഴിയുന്നത്. കേന്ദ്ര സര്‍ക്കാറിന്റെ എല്ലാവര്‍ക്കും ബാങ്ക് എക്കൗണ്ട് എന്ന പദ്ധതി ലക്ഷ്യത്തോടടുത്ത സംസ്ഥാനമാണ് കേരളം. എന്നിട്ടും മൊത്തം ജനങ്ങളെക്കാള്‍ ചെറിയ വ്യത്യാസം മാത്രമാണ് അക്കൗണ്ടുകളുടെ എണ്ണത്തിലുള്ളത്.

chandrika: