X

കുറുമ്പാലക്കോട്ട വിളിക്കുന്നു, ആകാശം തൊടുന്ന മായക്കാഴ്ചകളിലേക്ക്

കല്‍പ്പറ്റ: ഒരു വിശദീകരണങ്ങള്‍ക്കും പകര്‍ന്നുനല്‍കാനാവാത്ത ഹൃദ്യമായ കാഴ്ചാനുഭൂതിയുമായി കുറുമ്പാലക്കോട്ട മല വിളിക്കുന്നു. മായക്കാഴ്ചകളുടെ സൗന്ദര്യം നുകരാനും നൂറുകണക്കിനാളുകള്‍ മലകയറിത്തുടങ്ങിയ കുറുമ്പാലക്കോട്ട പതിയെ വയനാടിന്റെ ഏറ്റവും മനോഹരമായ കാഴ്ചാസ്ഥലങ്ങളിലൊന്നായി മാറുകയാണ്. സര്‍ക്കാര്‍ സംവിധാനങ്ങളുടെ വകയുള്ള ഒരു സൂചനാബോര്‍ഡുപോലുമില്ലാതിരുന്നിട്ടും അയല്‍സംസ്ഥാനങ്ങളില്‍ നിന്നടക്കം കാഴ്ചക്കാരെത്തുകയാണ് ഇവിടുത്തെ ഉദയാസ്തമന സൂര്യനെ കാണാനും അനുഭൂതി നുകരാനും. ദിവസങ്ങള്‍ കഴിയുന്തോറും ഇവിടേക്കുള്ള സഞ്ചാരികളുടെ എണ്ണം കുത്തനെ കൂടുകയാണ്. കുറുമ്പാലക്കോട്ടയില്‍ നിന്നുള്ള വയനാടിന്റെ പുലര്‍കാലം കാണാനാണ് ഈ യാത്ര. ആറ് മണിയാവുമ്പേഴേക്കും മലയുടെ നെറുക സഞ്ചാരികളെ കൊണ്ട് നിറഞ്ഞിരിക്കും. പിന്നെയാണ് കാഴ്ച. മേഘങ്ങളുടെ തൂവെള്ള കൊട്ടാരത്തില്‍ നിന്നും സ്വര്‍ണ്ണരഥത്തില്‍ സൂര്യന്‍ എഴുന്നെള്ളുന്ന ദൃശ്യം. പഞ്ഞിക്കെട്ടുകള് കൊണ്ട് താഴ്‌വാരമാകെ മൂടുമ്പോള്‍ അതിനുമുകളില് നിന്നും നോക്കെത്താ ദൂരമുള്ള ആകാശ വിസ്മയങ്ങള്‍ ഏതൊരു ഹില്‍ പോയിന്റില്‍ നിന്നും പകരമാവാത്ത ഈ കാഴ്ചകള്‍ തന്നെയാണ് കുറുമ്പാലക്കോട്ടയിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. ഒട്ടേറെ സഞ്ചാരികള്‍ വന്നു തുടങ്ങിയതോടെ നാട്ടുകാരും അതിരാവിലെ തന്നെ കുറുമ്പാലക്കോട്ടയിലേക്ക് ഇപ്പോള്‍ അതിരാവിലെ വെച്ചുപിടിക്കുന്നു. ഇത്രയടുത്തായിട്ടും ഈ വിസ്മയങ്ങള മുമ്പേ കാണാത പോയതിലാണ് അവരുടെ സങ്കടം.

സഞ്ചാരികള്‍ കണ്ടെത്തിയ വിനോദകേന്ദ്രം

ഒരു ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ പവലിയന്‍ പോലെ ചുറ്റിലും മാനം തൊടുന്ന മലനിരകള്‍ അതിന് ഒത്ത നടുവിലാണ് കുറുമ്പാലക്കോട്ടയെന്ന ഒറ്റ മലയുള്ളത്. ഇതിനു മുകളില്‍ ഇപ്പോള്‍ സഞ്ചാരികളുടെ തിരക്കാണ്. വയനാട് ടൂറിസത്തിന്റെ പട്ടികയിലൊന്നും ഉള്‍പ്പെട്ടിട്ടില്ലെങ്കിലും സഞ്ചാരികള്‍ തന്നെയാണ് ഈ മലയുടെ നെറുകയിലേക്കുള്ള വഴി കണ്ടെത്തിയത്. അതിരാവിലെ അഞ്ചുമണിയാവുമ്പോഴേക്കും ഗ്രാമവഴികളിലൂടെ എവിടെ നിന്നൊക്കെയോ ബുള്ളറ്റുകളും ബൈക്കുകളും പറന്നെത്തി തുടങ്ങും. അവധി ദിനമായ ഇന്നലെ അഞ്ഞൂറിലധികം പേരാണ് ഇവിടെ സൂര്യോദയം കാണാനെത്തിയത്. വയനാട്ടിലെ മഴ നനയാനും പ്രകൃതിയെ തൊട്ടറിയാനും കുറുമ്പാലക്കോട്ട ഗംഭീരം. വേനല്‍ക്കാലത്താണെങ്കില്‍ തെളിഞ്ഞ ആകാശത്തിന് താഴെ അനേകം പൊട്ടുകളായി മേഘങ്ങളെ അടുത്തുകാണാം. പുലര്‍ച്ചെ കാറ്റുണ്ടെങ്കില്‍ ഈ മേഘപാളികള തൊട്ടുരുമി അകന്നു പോകും. വയനാടിന്റെ പൂര്‍ണ്ണമായ ആകാശക്കാഴ്ചയാണ് നട്ടുച്ചയിലും ഇവിടെയെത്തുന്നവരെ കാത്തിരിക്കുക. വൈകുന്നേരം അങ്ങ് ദൂരെ ബാണാസുരന്റെ നെറുകയിലേക്ക് ചെഞ്ചായം വിതറി സൂര്യന്‍ ഒളിച്ചുപോകുന്നതും ഇവിടെ നിന്നും കാണുമ്പോള്‍ കൂടുതല്‍ മനോഹരം. സാങ്കല്‍പ്പികമായ കോട്ടയുടെ ഐതിഹ്യങ്ങള്‍ പശ്ചിമഘട്ടത്തിലെ ഈ ഒറ്റമലയെ സമ്പുഷ്ടമാക്കുന്നു. ഒരര്‍ത്ഥത്തില്‍ പ്രകൃതിയുടെ ഒരു ജലസംഭരണികൂടിയാണ് ഈ മല. മഴക്കാലത്ത് വേണ്ടുവോളം മഴവെള്ളം ആവാഹിക്കുന്ന ഈ സഹ്യന്‍ ് വേനല്‍ ക്കാലത്ത് താഴ്‌വാരത്ത് വരള്‍ച്ചയുടെ നോവറിയിക്കുന്നേയില്ല. പച്ചവിരിപ്പിട്ട തെരുവ പുല്ലുകള്‍ക്കിടയിലൂടെ നനഞ്ഞ് കുതിര്‍ന്ന് കാറ്റിനെ പ്രണയിച്ച് മഴ മേഘങ്ങളെ തൊടാന്‍് ഇഷ്ടമുള്ളവരക്ക് ഇവിടേക്ക് സ്വാഗതം.

റിസോര്‍ട്ട് ലോബിയുടെ കയ്യേറ്റം

മഴ പെയ്തു തീര്‍ന്നാലും മരം പെയ്യുന്ന കുള്ളന്‍ കാടുകളാണ് കുറുമ്പാലക്കോട്ടയുടെ വരദാനം. കുളിരിന്റെ കൂടാരമാണ് ഈ കുഞ്ഞിക്കാടുകള്‍. പണ്ടുകാലത്തൊക്കെ വന്യമൃഗങ്ങളും ഉണ്ടായിരുന്നു. എന്നാലിപ്പോഴിതൊന്നും ഇവിടെയില്ല. താഴെ ഭാഗങ്ങളൊക്കെ സ്വകാര്യ വ്യക്തികള്‍ സ്വന്തമാക്കിയതോടെ ശേഷിക്കുന്നത് ഈ മലയുടെ നെറുക മാത്രം. സര്‍ക്കാര്‍ നിസംഗരായി നോക്കിന്നപ്പോള്‍ കേന്ദ്രത്തിന്റെ വിനോദസാധ്യത മനസ്സിലാക്കിയ റിസോര്‍ട്ട് ലോബി വന്‍തോതില്‍ പ്രദേശത്തെ സ്ഥലങ്ങള്‍ വാങ്ങിക്കൂട്ടുകയായിരുന്നു. ഇത് കേന്ദ്രം ഏറ്റെടുക്കാനുള്ള ഡി.ടി.പി.സിയുടെ ശ്രമങ്ങളെയടക്കം ബാധിക്കും. പുറമെ കേന്ദ്രത്തിലേക്കുള്ള വഴിയില്‍ വാഹനങ്ങള്‍ നിര്‍ത്തുന്നതിനും രാത്രികളിലെ ടെന്റുകള്‍ക്കും തോന്നിയ പോലെ പണം ഈടാക്കുന്നതും സഞ്ചാരികളുടെ മനംനടുപ്പിക്കുന്നുണ്ട്. എങ്കിലും തലക്കു മുകളിലേ നീലാകാശത്തേ വിസ്മയിപ്പിക്കുന്ന മലക്കു കീഴിലേ മഞ്ഞാകാശം ഓര്‍മ്മകളില്‍ ഏറെനാള്‍ നിറഞ്ഞ് നില്‍ക്കും.

കാണാതെ പോവരുത് ഈ മായക്കാഴ്ചകള്‍

പ്രകൃതിയുടെ മനോഹക്കാഴ്ചകള്‍ കാണാനാഗ്രഹിക്കുന്നവരും ജനങ്ങളോട് താല്‍പര്യമുള്ള സര്‍ക്കാരും ഈ കേന്ദ്രം കാണാതെ പോവരുത്. ചരിത്രകാലം മുതലേ പേരുകേട്ടതായിരുന്നു ഈ മല. കുറുമ്പാലകോട്ടയുടെ തറയാണ് പിന്നീട് കോട്ടത്തറയായതെന്നാണ് അനുമാനം. യുദ്ധതന്ത്രപ്രദേശമായി ടിപ്പുവും പഴശ്ശിയും ഈ മലയെ നോട്ടമിട്ടിരുന്നു. താഴ്‌വാരത്തെ മനോഹരമായ പുഴകളും കോട്ടമുകളിലേ സൂക്ഷ്മനിരീക്ഷണവും ശത്രുവിന്റെ വരവറിയാന്‍ സഹായകമായിരുന്നു.
വയല്‍നാടിന്റെ ഹൃദയ മുറ്റത്ത് സ്ഥിതി ചെയ്യുന്ന കറുമ്പാലകോട്ട വയനാടിന്റെ മീശപ്പുലി മലയാണ്. ഉദയവും അസ്തമയവും കണ്‍കുളിര്‍ക്കേ കാണാനെത്തുന്ന സഞ്ചാരികള്‍ക്ക് പച്ചയുടുപ്പിട്ട് അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന വയലുകളും കുന്നുകളും മനോഹരമായ് വിരുന്നാണൊരുക്കുന്നത്. പ്രകൃതിയുടെ പച്ചപ്പ് കണ്ണിലേ കൃഷ്ണമണി പോലെ കാത്തു പുതിയൊരു ടൂറിസ്റ്റ് കേന്ദ്രം കെട്ടിപ്പടുക്കാന്‍ അധികാരികളുടെ ഒരു കണ്ണെങ്കിലും ഈ മലക്കുമുകളിള്‍ പതിയുമെന്ന പ്രത്യാശയിലാണ് ഓരോ കാഴ്ചക്കാരനും മലയിറങ്ങുന്നത്.

chandrika: