X

കുവൈത്തില്‍ രാജകുമാരനടക്കം ഏഴുപേരെ തൂക്കിലേറ്റി

കുവൈത്ത് സിറ്റി: കുവൈത്തില്‍ രാജകുടുംബാംഗമായ ഷെയ്ഖര്‍ ഫൈസല്‍ അബ്ദുല്ല അല്‍ ജാബിര്‍ അല്‍ സബാഹ് അടക്കം ഏഴു പേരെ തൂക്കിലേറ്റി. ബന്ധുവായ ഷെയ്ഖ് ബാസില്‍ സലെം സബാഹ് അല്‍ സലെം അല്‍ മുബാറക് അല്‍ സബാഹിനെ കൊലപ്പെടുത്തിയ കേസില്‍ 2011ലാണ് ക്രിമിനല്‍ കോടതി ഷെയ്ഖ് ഫൈസലിന് വധശിക്ഷ വിധിച്ചത്. ഫൈസല്‍ സൈ നിക ക്യാപ്റ്റനായിരുന്നു. 2010 ലാണ് കേസിനാസ്പദമായ സംഭവം. മസീല കൊട്ടാരത്തില്‍ ഷെയ്ഖ് ബാസിലിനെ കാണാനെത്തിയ ഷെയ്ഖ് ഫസല്‍ ഒറ്റക്ക് സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുപോകുകയും വെടിവെച്ചു കൊല്ലുകയുമായിരുന്നു.
വെടിയൊച്ച കേട്ട് ഓടിയെത്തിയ അതിഥികള്‍ ഫൈസലിനെ കീഴ്‌പ്പെടുത്തി പൊലീസില്‍ എല്‍പിച്ചു. കുവൈത്തിലെ പന്ത്രണ്ടാം അമീറായിരുന്ന സലബ് അല്‍ സലെം അല്‍ സലിബന്റെ കൊച്ചുമകനായിരുന്നു കൊല്ലപ്പെട്ട ബാസില്‍. ലണ്ടനില്‍നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദമെടുത്ത ശേഷം സൈന്യത്തില്‍ ചേര്‍ന്നെങ്കിലും ശാരീരിക വൈഷമ്യങ്ങളെ തുടര്‍ന്ന് വിരമിച്ചു. ഷെയ്ഖ് ഫൈസലിനെക്കൂടാതെ വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട മൂന്ന് സ്ത്രീകളടക്കം ആറുപേരെയും തൂക്കിലേറ്റി. ഭര്‍ത്താവിന്റെ രണ്ടാം വിവാഹത്തിന് ഒരുക്കിയ പന്തലിന് തീവെച്ച് 57 പേര്‍ മരിച്ച സംഭവത്തിലെ പ്രതിയും കുവൈത്തി വനിതയുമായ നസ്ര അല്‍ അനേസിയാണ് തീക്കിലേറ്റപ്പെട്ട മറ്റൊരാള്‍. സ്‌പോണ്‍സറുടെ മകളെ ഉറങ്ങുന്നതിനിടെ വെട്ടിക്കൊലപ്പെടുത്തിയ ഫിലിപ്പീന്‍ വേലക്കാരി, വിവിധ കൊലപാതക കേസുകളില്‍ പ്രതികളായ എത്യോപ്യന്‍ സ്ത്രീ, ബംഗ്ലാദേശുകാരന്‍, രണ്ട് ഈജിപ്തുകാര്‍ എന്നിവരുടെ വധശിക്ഷയും നടപ്പാക്കി.

chandrika: