X
    Categories: indiaNews

കോവിഡിന്റെ മറവില്‍ കരിനിയമങ്ങളുടെ പരമ്പരയുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കോവിഡിന്റെ മറവില്‍ കൂടുതല്‍ കരിനിയമങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് ഏകപക്ഷീയമായി നിയമമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. രാജ്യത്തിന്റെ കാര്‍ഷികാഭിവൃദ്ധിയേയും ഭക്ഷ്യ സുരക്ഷയേയും തകിടം മറിക്കുന്ന കാര്‍ഷിക നിയമഭേദഗതിക്ക് പിന്നാലെയാണ് കൂടുതല്‍ നിയമങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങിയിരിക്കുന്നത്. 44 തൊഴില്‍ നിയമങ്ങള്‍ക്ക് പകരമായി രൂപം നല്‍കിയ നാല് ലേബര്‍ കോഡുകളില്‍ മൂന്നെണ്ണം ലോകസഭയില്‍ അവതരിപ്പിച്ചു. കോവിഡ് ആഘാതം മറികടക്കുന്നതിനുള്ള സാമ്പത്തിക പരിഷ്‌കാരങ്ങളുടെ മറവിലാണ് പതിറ്റാണ്ടുകള്‍കൊണ്ട് തൊഴിലാളി സമൂഹം ആര്‍ജ്ജിച്ചെടുത്ത അവകാശങ്ങളെ ഒന്നാകെ ഇല്ലാതാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം.

ലേബര്‍ കോഡ് നിയമമാകുന്നതോടെ 300ലധികം തൊഴിലാളികളുള്ള കമ്പനികള്‍ക്ക് സര്‍ക്കാറിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടുകയോ കമ്പനി അടച്ചുപൂട്ടുകയോ ചെയ്യാം. നിലവില്‍ അതത് സംസ്ഥാന സര്‍ക്കാറുകളുടെ മുന്‍കൂര്‍ അനുമതി തേടുകയും സര്‍ക്കാര്‍ വിജ്ഞാപനം ഗസറ്റ് വിജ്ഞാപനത്തിലൂടെ പൂറത്തുവരികയും ചെയ്താല്‍ മാത്രമേ 100 ലധികം തൊഴിലാളികളുള്ള കമ്പനികള്‍ക്ക് തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടാന്‍ അനുമതിയുള്ളൂ.

വന്‍കിട കോര്‍പറേറ്റ് കമ്പനികളെ പ്രീതിപ്പെടുത്താനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കമെന്നാണ് വിമര്‍ശനം. ട്രേഡ് യൂണിയനുകളുടെ അവകാശങ്ങള്‍ക്കും ലേബര്‍ കോഡ് കടിഞ്ഞാണിടുന്നു. 14 ദിവസം മുമ്പ് മൂന്‍കൂര്‍ നോട്ടീസ് നല്‍കി മാത്രമേ സമരവും പണിമുടക്കം പാടുള്ളൂ എന്നാണ് ഇതില്‍ ഒന്ന്. മാത്രമല്ല ഒരു സ്ഥാപനത്തിലെ എല്ലാ യൂണിറ്റിലും സമരം നടത്തണമെങ്കില്‍ എല്ലാ യൂണിറ്റുകളിലും മുന്‍കൂര്‍ നോട്ടീസ് നല്‍കണം. മസ്റ്റര്‍ റോളില്‍ ഹാജര്‍ രേഖപ്പെടുത്തുന്ന മൊത്തം തൊഴിലാളികളില്‍ 50 ശതമാനത്തിന്റെയെങ്കിലും പിന്തുണയുള്ള യൂണിയനുകള്‍ക്ക് മാത്രമേ മാനേജ്‌മെന്റുകളുമായുള്ള ചര്‍ച്ചകളില്‍ ഉള്‍പ്പെടെ പ്രതിനിധീകരിക്കാനാവൂ എന്നതാണ് മറ്റൊരു വ്യവസ്ഥ. ഒക്യുപേഷനല്‍ സേഫ്റ്റി കോഡ്, ഹെല്‍ത്ത് ആന്‍ഡ് വര്‍ക്കിങ് കണ്ടീഷന്‍സ് കോഡ്, സോഷ്യല്‍ സെക്യൂരിറ്റി കോഡ് എന്നിവയാണ് സഭയില്‍ അവതരിപ്പിച്ചത്. ഐആര്‍ കോഡ് ആണ് ഇനി അവതരിപ്പിക്കാനുള്ളത്. ബില്ലുകള്‍ നേരത്തെ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരുന്നെങ്കിലും സ്റ്റാന്റിങ് കമ്മിറ്റിക്ക് വിടുകയായിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: