X

നാലാം വയസില്‍ സുഡാനിലേക്ക് പോയ നാദിറിനെ ഉമ്മ കാത്തിരിക്കുന്നു കോഴിക്കോട്ട്

കോഴിക്കോട്: പതിനേഴ് ആണ്ടിന്റെ കാത്തിരിപ്പിനും വിരഹത്തിന്റെ നൊമ്പരത്തിനും ശേഷം കാത്തുകാത്തിരുന്ന ഏക സഹോദരന്‍ സുഡാനില്‍ നിന്നെത്തുമ്പോള്‍ അവളുടെ കണ്ണുകള്‍ ആഹ്ലാദം കൊണ്ട് നിറഞ്ഞു തൂവി. കോഴിക്കോട് സ്വദേശിയായ ദുബായില്‍ ജോലി ചെയ്യുന്ന ശമീറയും സഹോദരന്‍ ഹാനി നാദിര്‍ മെര്‍ഗാനി അലിയും കണ്ടുമുട്ടിയത് ഖലീജ് ടൈംസ് ഉള്‍പ്പെടെ ഒട്ടേറെ വിദേശ മാധ്യമങ്ങള്‍ പ്രാധാന്യത്തോടെയാണ് അവതരിപ്പിച്ചത്.
വര്‍ഷങ്ങള്‍ക്കു മുമ്പാണ് കേരളത്തില്‍ പഠിക്കാനെത്തിയ സുഡാന്‍ സ്വദേശിയും കോഴിക്കോട് സ്വദേശിനി നൂര്‍ജഹാനും വിവാഹിതരായത്. മൂന്ന് പെണ്ണും ഒരാണും അവര്‍ക്കുണ്ടായി. 17 വര്‍ഷം മുമ്പ് ദമ്പതികള്‍ പിണങ്ങിയതോടെ ഏക ആണ്‍ മകനെയും കൂട്ടി പിതാവ് സുഡാനിലേക്ക് പോയി. ഉമ്മയും ശമീറയും മറ്റു സഹോദരിമാരും വര്‍ഷങ്ങളോളമായി കുഞ്ഞാങ്ങളക്കായി കണ്ണീരോടെ കാത്തിരിപ്പിലായി. എന്നെങ്കിലുമൊരിക്കല്‍ തങ്ങളെ തേടി ഹാനി വരുമെന്ന് തന്നെ അവര്‍ കരുതി.
ചെറുപ്പത്തില്‍ ഉമ്മയേയും സഹോദരിമാരേയും വിട്ട് പിരിഞ്ഞ ശേഷം ഉപ്പയോടൊപ്പം സുഡാനില്‍ കഴിഞ്ഞ വര്‍ഷങ്ങള്‍ ഒരു പേടി സ്വപ്‌നം പോലെയാണ് ഹാനി ഒര്‍ക്കുന്നത്. പിതാവ് രണ്ടാം വിവാഹം ചെയ്തതോടെ രണ്ടു പേരില്‍ നിന്നും ഒരുപാട് പീഡനങ്ങള്‍ അനുഭവിക്കേണ്ടി വന്നു. ഉമ്മയുടേയും സഹോദരിമാരുടേയും അടുത്തെത്താനായിരുന്നു ഇക്കാലമത്രയും ആഗ്രഹിച്ചത്. എന്നാല്‍ ഉപ്പ അതിന് ഒരിക്കലും സമ്മതിച്ചില്ലെന്നും ഹാനി പറയുന്നു.
കയ്യിലുണ്ടായിരുന്ന ജനന സര്‍ട്ടിഫിക്കറ്റും മറ്റു രേഖകളും ഉമ്മയുടെ ഫോട്ടോയും വച്ച് സുഡാനില്‍ കണ്ടു മുട്ടിയ മലയാളികളോടെല്ലാം ഹാനി തന്റെ കഥ പറഞ്ഞു. കുടുംബത്തെ കണ്ടെത്താന്‍ സഹായം തേടി. ഈയടുത്ത് ഫാറൂഖ് എന്നയാള്‍ ഈ രേഖകളെല്ലാമെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതാണ് കണ്ണികള്‍ തമ്മില്‍ ചേരാന്‍ നിമിത്തമായത്.
ഉമ്മയേയും സഹോദരിമാരേയും തേടയുള്ള ഹാനിയുടെ സന്ദേശം അബുദാബിയിലുള്ള മാതാവിന്റെ ബന്ധുവായ റഹീമിലൂടെയാണ് ശമീറയിലെത്തിയത്. ഇതോടെ ഹാനിയുമായി ബന്ധപ്പെട്ടു. നേരിട്ട് എങ്ങനെ കാണാനാകുമെന്നതിനെ കുറിച്ച് ഇരുവര്‍ക്കും ഒരു വഴിയുമുണ്ടായിരുന്നില്ല. സുഡാന്‍ പൗരനായിരുന്നതിനാല്‍ അവിടെ നിന്ന് നേരിട്ട് ഇന്ത്യയിലേക്ക് വരാനാവില്ല. ശമീറ ഒരു സന്ദര്‍ശക വിസ തരപ്പെടുത്തി സുഹൃത്തുക്കളുടെ സഹായത്തോടെ ഹാനിയെ യു.എ.ഇയിലെത്തിക്കുകയായിരുന്നു. ഷാര്‍ജയില്‍ വിമാനമിറങ്ങിയ ഹാനിയെ ശമീറ വരവേല്‍ക്കുമ്പോള്‍ ഇരുവരും പ്രായത്തില്‍ ഏറെ മാറിയിരുന്നു. ”ഉമ്മയുടെയും സഹോദരിമാരുടേയും സ്വര്‍ണം വിറ്റാണ് ഹാനിയെ ഇവിടെ എത്തിക്കാനുള്ള പണം സംഘടിപ്പിച്ചതെന്ന് ശമീറ പറയുന്നു. എങ്കിലും സഹോദരനെ തിരിച്ചു കിട്ടിയതിലുള്ള സന്തോഷമുണ്ടല്ലോ അത് എത്രയോ വലുതാണ്”-ശമീറ പറയുന്നു. കേരളത്തിലെ ചെറുപ്പ കാലത്തെ കുറിച്ചും ഹാനിക്ക് മങ്ങിയ ഓര്‍മ്മകള്‍ ബാക്കിയുണ്ട്. ഫോണില്‍ ഉമ്മയോട് സംസാരിച്ച ഹാനി ഒരുപാട് കരഞ്ഞു. മലയാളം അറിയാത്ത ഹാനിക്ക് ഉമ്മ പറയുന്നത് ഒന്നും മനസ്സിലായില്ലെങ്കിലും ആ സ്‌നേഹം അനുഭവിച്ചു.
ഇടക്കിടെ വീഡിയോ കോളുകള്‍ നടത്തി ഇരുവരും പരസ്പരം കാണുന്നു. വൈകാതെ നേരില്‍ കാണാമെന്നാണ് ആശ. ഇന്ത്യന്‍ പൗരത്വം നേടി ഉമ്മക്കും സഹോദരമാര്‍ക്കുമൊപ്പം കഴിയാനാണ് ഹാനിയുടെ ആഗ്രഹം. ഇതിനായി യു.എ.ഇയില്‍ ഹാനിക്കായി ഒരു ജോലി കണ്ടെത്താനുള്ള ശ്രമത്തിലാണ് ശമീറയും കൂട്ടുകാരും. ജോലി ലഭിച്ചാല്‍ റസിഡന്റ് വിസ ലഭിക്കുമെന്നാണ് പ്രതീക്ഷ.
ഇതോടെ ഇന്ത്യയില്‍ ചെന്ന് ഉമ്മയേയും സഹോദരിമാരേയും കാണല്‍ എളുപ്പമാകും. നാലു വയസ്സുകാരന്‍ 21ന്റെ യുവത്വത്തിലെത്തിയിട്ടുണ്ട്. 17 ആണ്ടിന്റെ കണ്ണീര്‍ ചോര്‍ന്ന മാതൃസ്‌നേഹത്തിന്റെ സന്തോഷത്തിലേക്ക് ഏക മകന്‍ സ്വപ്‌നത്തിലെന്നപോലെ തിരിച്ചെത്തുന്നതിന് കാത്തിരിക്കുകയാണ് കോഴിക്കോട്ടെ കുടുംബം. പൗരത്വ സഹായത്തിനായി യു.എ.ഇയിലെ ഇന്ത്യന്‍ എംബസിയുമായും ബന്ധപ്പെട്ടിട്ടുണ്ട്.

chandrika: