X

പാചകവാതക സബ്‌സിഡി നിര്‍ത്തുന്നത് ജനവഞ്ചന

ജനങ്ങളുടെ മൂന്നിലൊന്ന് മാത്രം വോട്ടുകൊണ്ട് അച്ഛാദിന്‍ ആയേഗാ (നല്ലകാലം വരുന്നു) എന്നു പറഞ്ഞ് രാജ്യഭരണത്തിലേറിയ നരേന്ദ്രമോദിയുടെ സര്‍ക്കാര്‍ അതേ ജനങ്ങളുടെയും പാവപ്പെട്ടവരുടെയും വയറ്റത്തടിക്കുകയും പരിഹസിക്കുകയുമാണിപ്പോള്‍. അന്താരാഷ്ട്ര വിപണിയില്‍ റെക്കോര്‍ഡ് വിലക്കുറവ് അനുഭവപ്പെടുന്ന പെട്രോളിയത്തിന്റെ ഉപോല്‍പന്നമായ പാചക വാതകത്തിനുള്ള സബ്‌സിഡി അപ്പാടെ നിര്‍ത്തലാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. തിങ്കളാഴ്ച മന്ത്രി ധര്‍മേന്ദ്ര പ്രധാനാണ് ഇക്കാര്യം പാര്‍ലെമന്റിനെ അറിയിച്ച് ജനങ്ങളെയും ജനപ്രതിനിധികളെയും ഒറ്റയടിക്ക് ഞെട്ടിച്ചുകളഞ്ഞത്. എട്ടു മാസത്തിനകം- 2018 മാര്‍ച്ചോടെ- പാചകവാതക സബ്‌സിഡി പൂര്‍ണമായും നിര്‍ത്തലാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍ ചൊവ്വാഴ്ച പ്രതിപക്ഷം പാര്‍ലമെന്റില്‍ നടത്തിയ കടുത്ത പ്രതിഷേധത്തെതുടര്‍ന്ന് പാവപ്പെട്ടവര്‍ക്കു മാത്രമായി പാചകവാതക സബ്‌സിഡി പരിമിതപ്പെടുത്തുമെന്നാക്കി മാറ്റിയിരിക്കയാണ്.
കഴിഞ്ഞ കുറെക്കാലമായി മോദിയും കൂട്ടരും അഭിമാനത്തോടെ പറഞ്ഞുകൊണ്ടിരിക്കുന്നതാണ് കൂടുതല്‍ പാവപ്പെട്ടവര്‍ക്ക് പാചകവാതക സബ്‌സിഡി കൊടുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ് എന്ന്. മാധ്യമങ്ങളിലൂടെയും മറ്റും സബ്‌സിഡി തുക ഉപേക്ഷിക്കാനും ആ തുക പാവപ്പെട്ട കുടുംബങ്ങള്‍ക്ക് എത്തിക്കാനും സര്‍ക്കാരിനെ സഹായിക്കണമെന്നാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികള്‍ വിറക് ഇന്ധനം ഉപയോഗിക്കുന്നതുകൊണ്ടുണ്ടാകുന്ന ശ്വാസകോശതടസ്സം ഒഴിവാക്കണമെന്നും മോദിയുടെ ദീനാനുകമ്പയായി സര്‍ക്കാര്‍ പരസ്യങ്ങള്‍ അച്ചുനിരത്തുകയുണ്ടായി. ഇതനുസരിച്ച് പലരും പാചകവാതക സബ്‌സിഡി ഉപേക്ഷിച്ചു. എന്നാല്‍ വിരോധാഭാസമെന്നോണം ഇതിനിടെതന്നെ പാചകവാതകത്തിന്റെ വില ഓരോ തവണയും കൂട്ടിക്കൂട്ടിക്കൊണ്ടുവരികയും ചെയ്തു. 2016 ജൂലൈ മുതല്‍ സിലിണ്ടറൊന്നിന് രണ്ടുരൂപ കൂട്ടാന്‍ കമ്പനികള്‍ക്ക് അനുമതി നല്‍കിയ മോദി സര്‍ക്കാര്‍ കഴിഞ്ഞദിവസം മുതല്‍ പ്രതിമാസം നാലു രൂപവെച്ച് വര്‍ധിപ്പിക്കാന്‍ വിതരണ കമ്പനികളോട് നിര്‍ദേശിച്ചിരിക്കുകയാണ്. സിലിണ്ടറൊന്നിന് അറുപത് രൂപയാണ് ഒരു വര്‍ഷംകൊണ്ട് കൂടിയത്. ജൂലൈ ഒന്നു മുതല്‍ രാജ്യത്ത് നിലവില്‍വന്ന ചരക്കുസേവനനികുതി കൂടിയായതോടെ വിലയില്‍ പിന്നെയും ഗണ്യമായ മാറ്റംവന്നു. ജി.എസ്.ടി 32 രൂപയാണ് സിലിണ്ടറൊന്നിന് കൂടിച്ചേര്‍ന്നത്. ഇതോടെ സബ്‌സിഡിയെ പടിപടിയായി ദയാവധം നടത്തുന്നതിനാണ് മോദി സര്‍ക്കാര്‍ ശ്രമിച്ചുവന്നതെന്ന് വ്യക്തമായി. കഴിഞ്ഞ ജൂണില്‍ 419.18 രൂപയായിരുന്ന സബ്‌സിഡി സിലിണ്ടറിന്റെ ഇന്നത്തെ ശരാശരിവില 477.46 രൂപയാണ്. സബ്‌സിഡി ഇല്ലാത്ത സിലിണ്ടറിനാകട്ടെ 564 രൂപയും. അപ്പോള്‍ വ്യത്യാസം 85 രൂപ മാത്രം. രാജ്യത്തെ 24 കോടി കുടുംബങ്ങളില്‍ 18.11 കോടി കുടുംബങ്ങള്‍ മാത്രമാണ് ഇപ്പോള്‍ സബ്‌സിഡി സിലിണ്ടര്‍ പ്രയോജനപ്പെടുത്തുന്നത് എന്നോര്‍ക്കണം.
പാര്‍ലമെന്റില്‍ കോണ്‍ഗ്രസിലെ കെ.സി വേണുഗോപാല്‍ ഉന്നയിച്ച സബ്മിഷനില്‍ ചര്‍ച്ചക്കെടുക്കാന്‍ കൂട്ടാക്കാതിരുന്നെങ്കിലും വിഷയത്തില്‍ ഭരണപക്ഷം പ്രതിക്കൂട്ടിലാകുന്ന കാഴ്ചയാണ് കാണാനായത്. ജനങ്ങളാകട്ടെ, പ്രത്യേകിച്ചും വീട്ടമ്മമാര്‍ കൂട്ടത്തോടെ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കയാണ്. തൃണമൂല്‍ കോണ്‍ഗ്രസ്, സി.പി.എം, ബി.എസ്.പി തുടങ്ങിയ കക്ഷികളുടെ പ്രതിനിധികളും ചേര്‍ന്ന് നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെ ലോക്‌സഭ നിര്‍ത്തിവെക്കേണ്ടിയും വന്നു. ജനതാദള്‍ (യു) വിമത നേതാവ് ശരത്‌യാദവും സര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തി. എന്നാല്‍ ഇതിനിടെ പെട്രോളിയം മന്ത്രി ധര്‍മേന്ദ്രപ്രധാന്‍ എഴുന്നേറ്റ് കഴിഞ്ഞ ദിവസത്തെ തന്റെ വാക്കുകള്‍ വിഴുങ്ങി, സബ്‌സിഡി പൂര്‍ണമായും ഇല്ലാതാക്കാനല്ല, യുക്തിസഹമാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് എന്ന ന്യായവാദവുമായി രംഗത്തുവന്നത് കൗതുകകരമായി. ഡോ. മന്‍മോഹന്‍സിങ് സര്‍ക്കാരിനെ വിമര്‍ശിക്കാനും മന്ത്രി പ്രധാന്‍ മുതിര്‍ന്നു.
ഡോ. മന്‍മോഹന്‍ സര്‍ക്കാരിന്റെ കാലത്താണ് അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുത്തനെ ഉയര്‍ന്നതും ഗള്‍ഫ് മേഖലയിലും ലോകത്താകെയും ഇതിന്റെ പ്രതിഫലനം ഉണ്ടായതും. 150 ഡോളര്‍ ബാരലിനുണ്ടായിരുന്ന ക്രൂഡ്ഓയില്‍ വില ഇന്ന് അമ്പത് ഡോളറിലും താഴെയാണ്. വിലയിടിഞ്ഞതിനെതുടര്‍ന്ന് മിക്കവാറുമെല്ലാ രാജ്യങ്ങളും പെട്രോളിയം ഉത്പന്നങ്ങളുടെ വിലയിലും ആനുപാതികമായതും ഗണ്യവുമായ കുറവ് വരുത്തി. പെട്രോളിന് അറുപത് രൂപ വരെയുണ്ടായിരുന്നത് പല രാജ്യങ്ങളിലും ഇന്ന് നാല്‍പതിലും താഴെയാണ്. 22 രൂപ മാത്രമാണ് യഥാര്‍ഥത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് കമ്പനികള്‍ക്ക് വരുന്നവില. ഇതില്‍ നികുതികൂടി ചേര്‍ന്നാണ് വിലകുത്തനെ വര്‍ധിക്കുന്നത്.
നിര്‍ഭാഗ്യകരമെന്നുപറയട്ടെ, ഇന്ത്യയില്‍ ഇക്കാലത്ത് പെട്രോളിയം ഉത്പന്നങ്ങളുടെ വില കുറഞ്ഞില്ലെന്ന് മാത്രമല്ല, ഈയവസരം മുതലാക്കി വിലകൂട്ടി ജനങ്ങളില്‍ നിന്ന് പരമാവധി ധനസമാഹാരണം നടത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. അമിതമായും അനര്‍ഹമായും ഉപയോഗിക്കുന്ന സിലിണ്ടറുകളുടെ കാര്യത്തില്‍ ദുരുപയോഗം തടയുന്നതിനായി യു.പി.എ സര്‍ക്കാര്‍ സബ്‌സിഡി സിലിണ്ടറുകള്‍ മാസത്തില്‍ ഒന്നായി കുറച്ചു. ആധാര്‍ പ്രകാരമാക്കിയതോടെ സബ്‌സിഡിയുടെ ദുരുപയോഗവും ഗണ്യമായി കുറഞ്ഞു. പക്ഷേ ഇന്നും ഡല്‍ഹി അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഒന്നില്‍ കൂടുതല്‍ സബ്‌സിഡി സിലിണ്ടറുകള്‍ ഉള്ളവരുടെ എണ്ണം വളരെ കൂടുതലാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ 90 ശതമാനത്തിന് മുകളിലാണ് സബ്‌സിഡി കണക്ഷനുകളുടെ എണ്ണമെങ്കില്‍ ഡല്‍ഹിയില്‍ ഇത് 126 ശതമാനമാണ്. യഥാര്‍ഥത്തില്‍ അനര്‍ഹരെ ഒഴിവാക്കുക എന്ന ന്യായം അംഗീകരിക്കാനാവുമെങ്കിലും പാവപ്പെട്ടവര്‍ക്ക് ജീവിക്കാനാവശ്യമായ സബ്‌സിഡി തുക സര്‍ക്കാര്‍ തന്നെ നല്‍കുകയാണ് ജനാധിപത്യ സര്‍ക്കാരിന്റെ കര്‍ത്തവ്യം. എന്നാല്‍ സബ്‌സിഡി ഒന്നാകെ ഇല്ലാതാക്കുകയെന്ന മോദി സര്‍ക്കാരിന്റെ തീരുമാനം കമ്പനികളുടെ ലാഭം വര്‍ധിപ്പിക്കുന്നതിനും പാവപ്പെട്ട ജനങ്ങളെ പട്ടിണിക്കിടുന്നതിനും തുല്യമായിരിക്കും. ജനകീയസര്‍ക്കാരുകള്‍ക്ക് ജനങ്ങളെ, പ്രത്യേകിച്ചും സമൂഹത്തിലെ പാവപ്പെട്ടവരെ സഹായിക്കേണ്ട ബാധ്യതയുണ്ട്. ഇതിന് പണം കണ്ടെത്തേണ്ടത് ധനികരില്‍നിന്ന് അധികധനം നികുതിയായി സമാഹരിച്ചാണ്. പാചകവാതക സബ്‌സിഡി കാര്യത്തില്‍ ഇത്തരമൊരു നയം എന്തുകൊണ്ട് മോദി സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല എന്നത് കോര്‍പറേറ്റുകള്‍ക്കനുകൂലമായ ഈ സര്‍ക്കാരിന്റെ നയങ്ങളെയാണ് വെളിച്ചത്തുകൊണ്ടുവരുന്നത്. ഇതില്‍നിന്ന് പിന്തിരിയികയാണ് ബി.ജെ.പി സര്‍ക്കാരിന്റെ ബുദ്ധി.

chandrika: