X

ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്ററുടെ നടപടികളെ ന്യായീകരിച്ച് കലക്ടര്‍; കൊച്ചിയില്‍ കനത്ത പ്രതിഷേധം

ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്ററുടെ നടപടികളെ ന്യായീകരിച്ച് കളക്ടര്‍. അഡ്മിനിസ്‌ട്രേറ്റര്‍ കൊണ്ടുവരുന്ന നിയമങ്ങള്‍ ജനങ്ങളുടെ ഭാവിയെക്കരുതിയാണെന്നും ഭരണകൂടത്തിനെതിരേ വ്യാജപ്രചാരണങ്ങളാണ് നടക്കുന്നതെന്നും കളക്ടര്‍ അസ്‌കര്‍ അലി കൊച്ചിയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. അഡ്മിനിസ്‌ടേറ്റര്‍ കൊണ്ടുവന്ന എല്ലാ പുതിയ നടപടികളെയും കളക്ടര്‍ ന്യായീകരിച്ചു.

ഇതേ തുടര്‍ന്ന് കൊച്ചിയില്‍ കളക്ടര്‍ക്കെതിരെ പ്രസ് ക്ലബ്ബിന് മുന്നില്‍ ജനം പ്രതിഷേധിക്കുകയാണ്. ഗോബാക്ക് വിളിയുമായി എത്തിയ പ്രതിഷേധക്കാരെ തടയാന്‍ പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്.

നിലവില്‍ നടക്കുന്ന പ്രതിഷേധങ്ങളും ആരോപണങ്ങളും സ്ഥാപിത താല്‍പ്പര്യക്കാരുടേതാണെന്നും അവര്‍ നുണക്കഥകള്‍ പ്രചരിപ്പിക്കുകയാണെന്നും കളക്ടര്‍ ആരോപിച്ചു. ദ്വീപില്‍ നിയമ വിരുദ്ധമായ ബിസിനസുകള്‍ നടത്തുന്നവരും പ്രചാരണങ്ങള്‍ക്ക് പിന്നിലുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അത്യാസന്ന രോഗികളെ കൊച്ചിയില്‍ എത്തിക്കാന്‍ എല്ലാ സംവിധാനുമുണ്ട്. അനധികൃത കൈയേറ്റക്കാരെ മാത്രമാണ് ഒഴിപ്പിച്ചിട്ടുള്ളത്. ദ്വീപിലെ ജനങ്ങളുടെ പിന്തുണ ഭരണകൂടത്തിനുണ്ട്. ബീഫും ചിക്കനും ഉച്ചഭക്ഷണത്തില്‍ നിന്ന് മാറ്റിയിട്ടുണ്ട്. ഇത് നയപരമായ തീരുമാനമാണ്. ചിക്കനും ബീഫും വിപണിയില്‍ കിട്ടാനുള്ള ബുദ്ധിമുട്ടും കാരണമായി. മീനും മുട്ടയുമാണ് കുട്ടികള്‍ക്ക് നല്ലത്. കവരത്തിയിലാണ് ആദ്യമായി പ്രതിഷേധം ഉണ്ടായത്.സമരക്കാര്‍ക്കെതിരെ നടപടി എടുത്തു.

ഏതാനും ദിവസം മുന്‍പ് 3000 കോടി രൂപയുടെ 300 കെയ്‌സ് ഹെറോയിന്‍, എകെ 47 തോക്കുകള്‍ തുടങ്ങിയവ പിടിച്ചെടുത്തിരുന്നു. കൂടാതെ മരിജുവാന, മദ്യം തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകളും പോക്‌സോ കേസുകളും ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവയുടെ പശ്ചാത്തലത്തിലാണ് കൂടുതല്‍ കര്‍ശനമായ നിയമങ്ങള്‍ ദ്വീപില്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചത്. നിക്ഷിപ്ത താല്‍പര്യം ഉള്ളവരെയാണ് പുതിയ പരിഷ്‌കാരം പ്രകോപിപ്പിക്കുന്നത്. അഡ്മിനിസ്‌ട്രേഷന് എതിരായി പ്രതിഷേധം നടത്തുന്നത് അത്തരക്കാരാണെന്നും കലക്ടര്‍ പറഞ്ഞു.

 

 

web desk 1: