X

നിതീഷ്‌കുമാറിനെ എന്‍ഡിഎയില്‍ എത്തിച്ചത് ഭീഷണിപ്പെടുത്തി: ലാലു പ്രസാദ് യാദവ്

റാഞ്ചി: മഹാസഖ്യം തകര്‍ത്ത് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറിനെ എന്‍ഡിഎയില്‍ എത്തിച്ചത് ഭീഷണിപ്പെടുത്തിയാണെന്ന് ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ്. നിതീഷിനെക്കുറിച്ചുള്ള ചില രഹസ്യരേഖകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപി അധ്യക്ഷന്‍ അമിത്ഷായുടെയും കൈവശമുണ്ട്. ഈ രേഖകള്‍ കാട്ടിയാണ് ദേശീയ സഖ്യം തകര്‍ത്ത് നിതീഷിനെ ബിജെപി പാളയത്തിലെത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. കാലിത്തീറ്റ കുംഭകോണക്കേസ് വിചാരണക്കു റാഞ്ചിയിലെത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിക്കെതിരെ ശബ്ദിക്കുന്നവരെ അടിച്ചമര്‍ത്തുന്ന പ്രവണതയാണ് രാജ്യത്തുടനീളം നടക്കുന്നത്. സിബിഐയെയും എന്‍ഫോഴ്‌സ്‌മെന്റിനെയും ഉപയോഗിച്ച് പ്രതിപക്ഷത്തെ അടിച്ചമര്‍ത്താനാണ് ബിജെപി നേതൃത്വം ശ്രമിക്കുന്നത്. മോദിക്കു ധൈര്യമുണ്ടെങ്കില്‍ അദാനി ഉള്‍പ്പെടെ വമ്പന്മാരുടെ വസതികളിലും ഓഫീസുകളിലും റെയ്ഡ് നടത്തട്ടെ. പാനമ രേഖകളില്‍ ഇടംപിടിച്ച അമിതാഭ് ബച്ചന്‍, ഐശ്വര്യ തുടങ്ങിയ 422 ഇന്ത്യക്കാരുടെ വസതികളും റെയ്ഡ് നടത്തണം. ഗുജറാത്തിലെ എംഎല്‍എമാരെ പാര്‍പ്പിച്ച വസതികളില്‍ എന്‍ഫോഴ്‌സ്‌മെന്റിനെ ഉപയോഗിച്ച് റെയ്ഡ് നടത്തിയത് ഏകാധിപത്യത്തിന്റെ അവസാനത്തെ ഉദാഹരണമാണ്. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും ലാലു പ്രസാദ് യാദവ് പറഞ്ഞു.

chandrika: