X
    Categories: indiaNews

ഭൂമി തര്‍ക്കം; ഗുജറാത്തില്‍ ദളിത് സഹോദരങ്ങളെ തല്ലിക്കൊന്നു

അഹമ്മദാബാദ്: ഗുജറാത്തിലെ സുരേന്ദ്രനഗര്‍ ജില്ലയില്‍ ഭൂമി തര്‍ക്കത്തിന്റെ പേരില്‍ ദളിത് സഹോദരന്‍മാരെ 20 അംഗ സവര്‍ണ സംഘം തല്ലിക്കൊന്നു. സുരേന്ദ്ര നഗര്‍ ജില്ലയിലെ സമദിയാലയില്‍ ബുധനാഴ്ച വൈകുന്നേരം ക്രൂര മര്‍ദ്ദനത്തിനിരയായ ഇരുവരും ചികിത്സയില്‍ ഇരിക്കെ ഇന്നലെയാണ് മരിച്ചത്. ആല്‍ജി പാര്‍മര്‍ (60), സഹോദരന്‍ മനോജ് പാര്‍മര്‍ (54) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവല്‍ ആറു പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. വര്‍ഷങ്ങളായി അഹമ്മദാബാദില്‍ കഴിയുകയായിരുന്ന പാര്‍മര്‍ സഹോദരന്‍മാര്‍ കൃഷി ആവശ്യാര്‍ത്ഥമാണ് ബുധനാഴ്ച ഗ്രാമത്തിലെത്തിയത്.

ഇവരുടെ ഉടമസ്ഥതയിലുള്ള ഭൂമിയെ ചൊല്ലി നേരത്തെ തര്‍ക്കമുണ്ടായിരുന്നു. ഈ ഭൂമി കൃഷിക്കായി ഉഴുതു മറിച്ചതോടെ 20 പേരടങ്ങുന്ന സംഘം ഇരുമ്പ് വടികളുമായി ഇവരെ ആക്രമിക്കുകയായിരുന്നു. ഇവരെത്തിയ വാഹനവും ട്രാക്ടറും സി.സി.ടി.വികളും അക്രമികള്‍ അടിച്ചു തകര്‍ത്തു. കൊല്ലപ്പെട്ട സഹോദരങ്ങള്‍ വേലികെട്ടാനായി കൊണ്ടുവന്നിരുന്ന ഒരു ലക്ഷം രൂപയും അക്രമികള്‍ കവര്‍ന്നതായി എഫ്.ഐ.ആര്‍ പറയുന്നു. പാര്‍മര്‍ സഹോദരന്‍മാര്‍ക്കൊപ്പമുണ്ടായിരുന്ന സ്ത്രീകള്‍ക്കെതിരെ മുളകു പൊടി വിതറി ക്രൂരമായി മര്‍ദ്ദിച്ചതായും പരാതിയുണ്ട്. തങ്ങളുടെ ഭൂമി മറ്റുള്ളവര്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് പാര്‍മര്‍ സഹോദരങ്ങള്‍ നേരത്തെ കലക്ടര്‍ക്കും പൊലീസിനും പരാതി നല്‍കിയിരുന്നു. തര്‍ക്കത്തെ തുടര്‍ന്ന് വിചാരണ കോടതി പാര്‍മര്‍ സഹോദരന്‍മാര്‍ക്ക് ഭൂമിയുടെ അവകാശം നല്‍കിയിരുന്നു. അതേ സമയം ദളിത് സഹോദരന്‍മാരെ തല്ലിക്കൊന്ന സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും ഗുജറാത്ത് എം.എല്‍.എയുമായ ജിഗ്‌നേഷ് മേവാനി രംഗത്തെത്തി.

ഓരോ ദിവസം കഴിയുന്തോറും ഗുജറാത്തില്‍ ദളിതുകളുടെ അവസ്ഥ അതി ദയനീയമായി മാറുകയാണെന്നും സംസ്ഥാനം രാജ്യത്തിന്റെ പീഡന തലസ്ഥാനമായി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്ത് ദളിതുകള്‍ക്ക് നേരെ നടക്കുന്ന ക്രൂരത തടയാന്‍ ബി.ജെ.പി സര്‍ക്കാര്‍ എന്ത് ചെയ്യുന്നുവെന്നും അദ്ദേഹം ചോദിച്ചു.

 

webdesk11: