X
    Categories: indiaNews

2000 രൂപയുടെ നോട്ടുകള്‍ ബാങ്കുകളിലൂടെ മാറിയെടുക്കാനുള്ള അവസാന തീയതി ഇന്ന്; ഇനിയും തിരിച്ചെത്താനുള്ളത് 12,000 കോടിയുടെ 2000 രൂപ നോട്ടുകള്‍

ആര്‍ബിഐ പിന്‍വലിച്ച രണ്ടായിരം രൂപയുടെ നോട്ടുകള്‍ ബാങ്കുകളിലൂടെ മാറിയെടുക്കാനുള്ള അവസാന തീയതി ഇന്ന് അവസാനിക്കും. രാജ്യത്തെ വിവിധ ബാങ്ക് ശാഖകള്‍ വഴി 20,000 രൂപ വരെ മൂല്യമുള്ള നോട്ടുകള്‍ ഇന്ന് നേരിട്ട് മാറിയെടുക്കാം. സമയം കഴിഞ്ഞാല്‍ 19 ആര്‍.ബി.ഐ ഇഷ്യൂ ഓഫിസുകളില്‍ 2000 നോട്ടുകളുടെ കൈമാറ്റം അനുവദിക്കും.

അതേസമയം പിന്‍വലിച്ച 2000 രൂപ നോട്ടുകളില്‍ 87 ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. കഴിഞ്ഞ മേയ് 19 വരെ പ്രചാരത്തിലുണ്ടായിരുന്ന 3.56 ലക്ഷം കോടി രൂപ മൂല്യമുള്ള 2000 രൂപ നോട്ടുകളില്‍ 12,000 കോടി രൂപ ഇനിയും തിരികെ വരാനുണ്ടെന്ന് ദ്വൈമാസ ധനനയ അവലോകനത്തിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.

സെപ്തംബര്‍ 29 വരെ 3.42 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ തിരികെ ലഭിച്ചെന്നും 14,000 കോടി രൂപയുടെ 2000 രൂപ നോട്ടുകളാണ് തിരികെ വരാനുള്ളതെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിരുന്നു. സെപ്തംബര്‍ 30 വരെയായിരുന്നു 2000 രൂപയുടെ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സമയപരിധി. എന്നാല്‍, പിന്നീടിത് ഒക്ടോബര്‍ ഏഴ് വരെ നീട്ടി. ഒക്‌ടോബര്‍ ഏഴിന് ശേഷം, 19 ആര്‍.ബി.ഐ ഇഷ്യൂ ഓഫിസുകളില്‍ 2000 നോട്ടുകളുടെ കൈമാറ്റം അനുവദിക്കും.

ഓരോ ഇടപാടിനും പരമാവധി 20,000 രൂപയുടെ നോട്ട് നിക്ഷേപിക്കാം. രാജ്യത്തിനകത്തുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും 2000 രൂപ നോട്ടുകള്‍ പോസ്റ്റ് ഓഫിസ് വഴി 19 ആര്‍.ബി.ഐ ഇഷ്യൂ ഓഫിസുകളില്‍ ഏതിലേക്കും അയക്കാനും ഇന്ത്യയിലെ അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്യാനും അവസരം ഉണ്ടാകും.

webdesk11: