X

മദ്യവ്യാപന നയത്തിനെതിരെ വിട്ടുവീഴ്ചയില്ല: മുസ്്‌ലിംലീഗ്

കോഴിക്കോട്: എല്‍.ഡി.എഫ് സര്‍ക്കാറിന്റെ മദ്യവ്യാപന നയത്തിനെതിരെ മുസ്്‌ലിംലീഗ് പ്രക്ഷോഭം ശക്തമാക്കുന്നു. വിദ്യാലയങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും അരികെ ബാറുകള്‍ അനുവദിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ആവശ്യപ്പെട്ടു. ഫോര്‍സ്റ്റാര്‍ മുതലുള്ള ബാറുകള്‍ അനുവദിക്കാനുള്ള ദൂരപരിധി 200ല്‍ നിന്ന് 50 മീറ്റര്‍ ആയി കുറച്ചത് കുട്ടികളോടും വിശ്വാസികളോടുമുള്ള വെല്ലുവിളിയാണ്.

മദ്യവര്‍ജ്ജനമാണ് നയമെന്നും പൂട്ടിയ ബാറുകള്‍ തുറക്കില്ലെന്നും വാഗ്ദാനം നല്‍കി അധികാരത്തിലെത്തിയവര്‍ മദ്യലോബിയുടെ ഇംഗിതത്തിന് തുള്ളുന്നവരായി അധപ്പതിച്ചു. പൂട്ടിയ ബാറുകള്‍ തുറന്നെന്നു മാത്രമല്ല, ഇടതു സര്‍ക്കാര്‍ കൂടുതല്‍ മദ്യശാലകള്‍ തുടങ്ങുമെന്ന വാശിയിലുമാണ്. മദ്യം ഘട്ടംഘട്ടമായി കുറച്ചുകൊണ്ടുവന്ന് മദ്യനിരോധനത്തിലേക്ക് കേരളത്തെ എത്തിക്കാനായിരുന്നു യു.ഡി.എഫ് സര്‍ക്കാര്‍ തീരുമാനം.
കുടുംബ ഭദ്രതക്കും അപകടങ്ങള്‍ കുറക്കാനും സാമൂഹ്യ സുരക്ഷക്കും അനുഗുണമായ യു.ഡി. എഫ് മദ്യനയത്തെ ഇല്ലാത്ത അഴിമതിയുടെ പേരില്‍ കല്ലെറിഞ്ഞവര്‍ കേരളത്തെ മദ്യത്തില്‍ മുക്കി കൊല്ലാനാണ് ശ്രമിക്കുന്നത്.

വൈജ്ഞാനിക-ആരോഗ്യ-സാമൂഹ്യ മേഖലകളില്‍ വിശ്വോത്തര മാതൃക തീര്‍ത്ത കേരളത്തിന്റെ യശ്ശസിന് കളങ്കം ചാര്‍ത്തുന്നതും നവോത്ഥാനങ്ങളില്‍ നിന്ന് തിരിഞ്ഞു നടക്കുന്നതുമായ മദ്യവ്യാപന നയം തിരുന്നത്തുന്നതു വരെ വിട്ടുവീഴ്ചയില്ലെന്നും 11ന് തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ താലൂക്ക് എക്‌സൈസ് കേന്ദ്രങ്ങളിലേക്കും മുസ്്‌ലിംലീഗ് മാര്‍ച്ച് നടത്തുമെന്നും കെ.പി.എ മജീദ് പറഞ്ഞു.

chandrika: