X

ഇടതുപക്ഷം വളര്‍ത്തിയ സംഘ്പരിവാര്‍ ഫാസിസം

അബ്ദുസ്സമദ് പൂക്കോട്ടൂര്‍

കേരള വ്യവസായ മന്ത്രിയയായിരുന്ന ഇ. അഹമ്മദ് ഡല്‍ഹിയില്‍ പോയിട്ട് എന്ത് കാര്യമെന്ന് അദ്ദേഹം എം.പി സ്ഥാനത്തേക്ക് മത്സരിക്കുമ്പോള്‍ മുക്രയിട്ടവര്‍ക്ക് കാലം മറുപടി നല്‍കി. അഹമ്മദിന് സേട്ടു സാഹിബാകാന്‍ കഴിയുമോ എന്ന് സംശയം ജനിപ്പിച്ചവര്‍ക്ക് 26 വര്‍ഷം എം.പിയും 10 വര്‍ഷം കേന്ദ്ര മന്ത്രിയും വികസന വിപ്ലവത്തിന്റെ നായകനും ന്യൂനപക്ഷത്തിന്റെ ആത്മവിശ്വാസവുമായി അഹമ്മദ് മറുപടി നല്‍കി. പി.കെ കുഞ്ഞാലിക്കുട്ടി മത്സരിക്കുമ്പോള്‍ ഇതേ ചോദ്യമുന്നയിക്കുന്നവര്‍ ചരിത്രം മറക്കുകയോ മറയ്ക്കുകയോ ചെയ്യുകയാണ്. കേരള രാഷ്ട്രീയത്തില്‍ പയറ്റിത്തെളിഞ്ഞ ഈ ചാണക്യന് കേന്ദ്രത്തിലെ കരുത്തുറ്റ രാഷ്ട്രീയ നേതാക്കളുമായുള്ള അടുത്ത ബന്ധം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പുതിയ സൂത്രവാക്യങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് അദ്ദേഹത്തെ അടുത്തറിയുന്നവര്‍ക്ക് ബോധ്യമുണ്ട്.
മത വര്‍ഗീയതയുടെ ഫണം വിടര്‍ത്തി ആടിത്തിമിര്‍ക്കുന്ന ഫാസിസ ്റ്റുകള്‍ക്കെതിരെ മതേതര ചേരിയെ ശക്തമാക്കാന്‍ രാഷ്ട്രീയ തന്ത്രവും പരിചയ സമ്പന്നതയും വിപുലമായ വ്യക്തി ബന്ധവുമുള്ള ഒരാള്‍ ന്യൂനപക്ഷത്തിന്റെ പ്രതിനിധിയായി ഡല്‍ഹിയില്‍ ഉണ്ടായിരിക്കണം. ഇന്ത്യന്‍ ന്യൂനപക്ഷത്തിന് ഇ അഹമ്മദിലൂടെ ലഭിച്ച ആത്മവിശ്വാസം അതി വിദൂരമല്ലാത്ത ഭാവിയില്‍ കുഞ്ഞാലിക്കുട്ടിയില്‍ നിന്ന് രാഷ്ട്രവും സമുദായവും പ്രതീക്ഷിക്കുന്നു. ബാഫഖി തങ്ങളുടെ അനുഗ്രഹാശിസുകളോടെ ഉയരങ്ങള്‍ താണ്ടി ഇ അഹമ്മദിന്റെ ചരിത്രം ശിഹാബ് തങ്ങളുടെ ആശീര്‍വാദം നെഞ്ചേറ്റിയ കുഞ്ഞാലിക്കുട്ടിയിലൂടെ ആവര്‍ത്തിക്കുക തന്നെ ചെയ്യും. പാര്‍ലമെന്റില്‍ ന്യൂനപക്ഷത്തിന്റെ അവകാശ പോരാട്ടത്തിനും ശരീഅത്ത് സംരക്ഷണത്തിനും പൊരുതാന്‍ കെല്‍പ്പുള്ള ജനപ്രതിനിധിയെ തെരഞ്ഞെടുക്കണമെന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റിന്റെയും ജനറല്‍ സെക്രട്ടറിയുടെയും സംയുക്ത പ്രസ്താവന സാഹചര്യത്തിന്റെ മര്‍മ്മം നോക്കിയുള്ള ഉദ്‌ബോധനമാണ്.
ഫാസിസം ഇ അഹമ്മദിന്റെ മരണക്കിടക്കയിലേക്കും കാസര്‍കോട് പള്ളിയില്‍ വിശ്രമിക്കുന്ന മുഅല്ലിമിന്റെ കൊലയിലേക്കും കടന്ന് കയറിയ കാലത്ത് ഏക സിവില്‍കോഡിന് വേണ്ടി മുറവിളി കൂട്ടുന്ന മോദി സര്‍ക്കാറിനെ ന്യൂനപക്ഷത്തിന്റെ വികാരമറിയിക്കാന്‍ ജനപിന്തുണയുള്ള ഒരു നേതാവ് പാര്‍ലമെന്റില്‍ അനിവാര്യമാണ്. ശരീഅത്ത് നിയമത്തെ അപഹസിച്ച ഇ.എം.എസിന്റെ അതേ കാഴ്ചപ്പാട് പിന്തുടരുന്ന ഇടതുപക്ഷത്തിന് പ്രത്യേകിച്ച് സി.പി.എമ്മിന് ശരീഅത്ത് സംരക്ഷിക്കാനാവില്ലെന്നത് അവരുടെ ലക്ഷ്യത്തില്‍ നിന്ന് വ്യക്തമാണ്.
പള്ളിയില്‍ കയറി കൊലപാതകം നടത്തിയ സംഘ്പരിവാര്‍ സമീപനവും മകന്റെ മരണത്തില്‍ നീതി തേടിയെത്തിയ അമ്മയുടെ വയറ്റത്തു ചവിട്ടിയ പൊലീസിനെ ന്യായീകരിക്കുന്ന മുഖ്യമന്ത്രിയും ഓരേ തൂവല്‍ പക്ഷികള്‍ തന്നെ. ഫൈസല്‍ വധക്കേസിലെ പ്രതികളെ പിടികൂടാന്‍ നിയോഗിച്ച പൊലീസ് സംഘത്തെ ഒന്നിച്ച് ശബരിമല ഡ്യൂട്ടിക്കയച്ചതും ഇതിനെതിരെ അബ്ദുറബ്ബ് എം.എല്‍.എയുടെ നേതൃത്വത്തില്‍ എന്‍.എച്ച് ഉപരോധ സമരം നടത്തേണ്ടിവന്നതും പൊലീസിന്റെ സംഘ്പരിവാര്‍ ബന്ധത്തിന്റെ ബഹിര്‍സ്ഫുരണമായിരുന്നു. ശബരിമലയിലെ ആരാധനക്കും അയ്യപ്പ ഭക്തര്‍ക്കും സംരക്ഷണം നല്‍കല്‍ അനിവാര്യമാണ്. അതിന് ഫൈസല്‍ വധക്കേസിലെ അന്വേഷണ ടീമിനെ തന്നെ നിയോഗിക്കണമായിരുന്നോ? ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് രജിസ്റ്റര്‍ ചെയ്ത കേസില്‍ വളരെ പെട്ടെന്ന് പ്രതികള്‍ക്ക് ജാമ്യം കിട്ടിയത് പൊലീസും പബ്ലിക് പ്രോസിക്യൂട്ടറും സര്‍ക്കാര്‍ സമീപനം നടപ്പാക്കിയതിന്റെ മറ്റൊരു തെളിവാണ്. ഇവരെയാണോ ശരീഅത്ത് സംരംക്ഷിക്കാന്‍ ഡല്‍ഹിയിലേക്കയക്കേണ്ടത്. റിയാസ് മൗലവിയുടെ മയ്യിത്ത് 9 വര്‍ഷം ജോലി ചെയ്ത നാട്ടില്‍ കൊണ്ടുവന്ന് ജനാസ നമസ്‌കരിക്കാന്‍ അനുമതി നല്‍കാതെ സ്ഥലം എം.എല്‍.എ സ്‌റ്റേഷനില്‍ കുത്തിയിരിപ്പ് നടത്തിയിട്ടും പൊലീസ് ബലമായി ആംബുലന്‍സ് കൊടകിലേക്ക് ഓടിച്ച് പോയ സംഭവം ആര്‍ക്ക് ന്യായീകരിക്കാന്‍ കഴിയും?. ചൂരി ഗ്രാമത്തില്‍ സംഘര്‍ഷമുണ്ടാകുമെന്നാണ് പൊലീസ് ഭാഷ്യം. മുസ്‌ലിം ചെറുപ്പക്കാരന്‍ പൊലീസ് വെടിവെപ്പില്‍ മരിച്ചപ്പോഴും ഇത് പോലെ മുമ്പ് കൊലപാതകം നടന്നപ്പോഴും മയ്യിത്ത് നാട്ടില്‍ കൊണ്ടു വന്നിട്ട് സംഘര്‍ഷമുണ്ടായോ? ആ മുഅല്ലിം കാസര്‍കോട്ടുകാരനായിരുന്നുവെങ്കില്‍ അവിടെ മറവ് ചെയ്യേണ്ടി വരില്ലേ? ചുവന്ന ഫാസിസവും കാവി ഫാസിസവും തമ്മില്‍ നിറത്തിന്റെ വ്യത്യാസം മാത്രമാണ് കാണുന്നത്. നന്ദിഗ്രാമില്‍ ചുകപ്പന്‍ ഫാഷിസം അഴിഞ്ഞാടിയതും ഗുജറാത്തില്‍ കാവിപ്പട ക്രൂരത കാണിച്ചതും ന്യൂനപക്ഷത്തെ ഒറ്റപ്പെടുത്താനും ഭയപ്പെടുത്തി ഒതുക്കാനുമായിരുന്നുവല്ലോ.
മുസ്്‌ലിം ഏകീകരമാണ് ലീഗ് ലക്ഷ്യമിടുന്നതെന്ന് വര്‍ഗീയ ശൈലിയില്‍ പറഞ്ഞ് ഭൂരിപക്ഷത്തെ തൃപ്തരാക്കുന്ന ഇടതുപക്ഷം സൗഹൃദത്തിന്റെ വിളനിലമായ മലപ്പുറത്ത് വിഷ വിത്തിറക്കാന്‍ ശ്രമം നടത്തുകയാണ്. അതിന്റെ ഭാഗമാണ് ശിഹാബ് തങ്ങള്‍ മഹല്ല് ഖാസിയാണെന്നും അതിനാല്‍ ലീഗ് മത മൗലിക പാര്‍ട്ടിയാണെന്നുമുള്ള സി.പി.എം സെക്രട്ടറിയുടെ പ്രസ്താവന. ബൈത്തുറഹ്മയടക്കമുള്ള ജീവകാരുണ്യ പ്രവര്‍ത്തനം ജാതി നോക്കാതെ നിര്‍വഹിച്ച് വരുന്ന പാര്‍ട്ടിയെയും അങ്ങാടിപ്പുറം തളിക്ഷേത്രത്തിന്റെ ശ്രീ കോവില്‍ കവാടം ദുഷ്ട ശക്തികള്‍ അഗ്നിക്കിരയാക്കിയപ്പോള്‍ അവിടെ ഓടിയെത്തിയ ശിഹാബ് തങ്ങളുടെ പാരമ്പര്യം പേറുന്ന സഹോദരനെയും മത മൗലിക വാദികളെന്ന് ആക്ഷേപിക്കുന്നത് തെരഞ്ഞടുപ്പിലെ നാല് വോട്ട് മറിക്കാനാണെങ്കിലും ചരിത്രത്തോടും വര്‍ത്തമാന കാലത്തോടും ചെയ്യുന്ന കാടത്തമാണ്. ട്രെയിനില്‍ പാട്ടുപാടി ജീവിക്കുന്ന കൃഷ്‌ണേട്ടന്‍, കുഞ്ഞാലിക്കുട്ടിയുടെ കേരള യാത്രാ വേളയില്‍ ഒരു വീടിനായി നിവേദനം നല്‍കി. അയാള്‍ക്ക് സ്വപ്‌നം പോലും കാണാന്‍ കഴിയാത്ത വീട് നിര്‍മ്മിക്കാന്‍ സത്വര നടപടികള്‍ സ്വീകരിച്ച് അതു യാഥാര്‍ത്ഥ്യമാക്കിയ സ്ഥാനാര്‍ത്ഥിയാണ് മലപ്പുറത്ത് മത്സരിക്കുന്നത്. സവര്‍ണ്ണന്റെ വീട്ടുമുറ്റത്ത് കയറാന്‍ സമ്മതം ചോദിച്ച് അറച്ച് നില്‍ക്കേണ്ടവനായ എനിക്ക് ചോറ് വിളമ്പി വെച്ച് എന്റെ ശിഹാബ് തങ്ങള്‍ അടുത്തിരുന്ന് ഊട്ടിയെന്ന ഓര്‍മ്മ കണ്ണ് നനച്ചു പ്രസംഗിച്ച കീഴാളനാണ് മുസ്്‌ലിം ലീഗിന്റെ കോണി കയറി മലപ്പുറം ജില്ലാ പഞ്ചായത്ത് ഭരിക്കുന്നത്. ചരിത്രത്തിലെവിടെയും വര്‍ഗീയതയുടെ കറുത്ത പാടുകള്‍ മുസ്‌ലിം ലീഗിനുണ്ടായിട്ടില്ല. മഹല്ലിന്റെ ഖാസിമാര്‍ മതങ്ങളുടെ സമാധാന സന്ദേശവും മനുഷ്യ സൗഹൃദവുമാണ് ഉദ്‌ബോധിപ്പിച്ച്‌കൊണ്ടിരിക്കുന്നത്. ബി.ജെ.പിയും സി.പി.എമ്മും ശക്തി കേന്ദ്രങ്ങളാക്കി വെച്ച പാര്‍ട്ടി ഗ്രാമങ്ങളില്‍ ചോരപ്പാട് മായുന്ന കാലമില്ലെന്ന വസ്തുത മറക്കാതിരിക്കുക. വോട്ടു തേടി ഊരു ചുറ്റുന്ന പീത വര്‍ണ്ണവും രക്ത നിറവും സൗഹൃദത്തിന്റെയും സമാധാനത്തിന്റെയും ഭാഷയിലല്ല തങ്ങളുടെ ശക്തി കേന്ദ്രങ്ങളില്‍ പെരുമാറി വരുന്നത്. മലപ്പുറത്തിന്റെ രീതി ശാസ്ത്രം അതല്ല. സഹിഷ്ണുതയും സമാധാനവുമാണ് മലപ്പുറത്തിന്റെ തറവാടിത്തം. മലപ്പുറത്ത് ഉയര്‍ന്ന് നില്‍ക്കുന്ന കുന്നുമ്മല്‍ കുരിശു പള്ളിയുടെ സംസ്ഥാപനത്തില്‍ വരെ പാണക്കാട്ടെ മനുഷ്യ സൗഹൃദത്തിന്റെ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്ന് ക്രൈസ്തവ സുഹൃത്തുക്കള്‍ക്കറിയാം. വാഹന ബന്ദ് ദിനത്തില്‍ മലപ്പുറത്ത് കുടുങ്ങിക്കിടന്ന അയ്യപ്പ ഭക്തര്‍ക്ക് ചോറ് വെച്ച് വിളമ്പിക്കൊടുത്ത മലപ്പുറത്തുകാര്‍ വര്‍ഗീയ പ്രചരണത്തില്‍ വഞ്ചിതരാകില്ലെന്ന് പല തവണ തെളിയിച്ചിട്ടുണ്ട്.
ശരീഅത്ത് മുറുകെ പിടിച്ചുകൊണ്ട് തന്നെ, ഇസ്്‌ലാമിക പാരമ്പര്യത്തില്‍ അടിയുറച്ച് നിന്നു തന്നെ ഇന്ത്യന്‍ മതേതരത്വത്തെയും മനുഷ്യ സൗഹൃദത്തെയും നെഞ്ചേറ്റി മുന്നേറാന്‍ ഈ ജനതക്ക് കരുത്ത് പകരണം. മദയാനയെ പോലെ ഇളക്കിയാടുന്ന ഫാഷിസത്തിന്റെ മസ്തകത്തില്‍ ആഘാതമേല്‍പ്പിക്കും വിധം ഞെട്ടിപ്പിക്കുന്ന ഭൂരിപക്ഷവുമായി പി.കെ കുഞ്ഞാലിക്കുട്ടിയെ പാര്‍ലമെന്റില്‍ എത്തിച്ചാല്‍ കാവി ഭരണകൂടത്തിന്റെ ഹുങ്ക് കുറയുമെന്നു തീര്‍ച്ച. പൊലീസ് തലപ്പത്ത് സംഘ്പരിവാറിനെ വാഴിച്ച് തെറ്റു പറ്റിയെന്ന് ആവര്‍ത്തിച്ച് കുമ്പസരിക്കുന്നവര്‍ക്ക് ജനം ഭരണകൂടത്തില്‍ നിന്ന് അകന്നിരിക്കുന്നു എന്ന് ബോധ്യപ്പെടുത്താന്‍ ഈ അവസരം വിനിയോഗിക്കണം.
കേരള രാഷ്ട്രീയത്തില്‍ വേറിട്ട വ്യക്തിത്വമാണ് മത്സരിക്കുന്നന്നത്. മുന്നണി പുറത്ത് നിന്ന് കെ.എം മാണി പോലും പറഞ്ഞു: വിശ്വസിക്കാന്‍ പറ്റുന്ന വ്യക്തിയാണ് കുഞ്ഞാലിക്കുട്ടി, കൂടെ നിന്നാല്‍ ചതിക്കാത്ത പാര്‍ട്ടിയാണ ്മുസ്‌ലിംലീഗ്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചരിത്രത്തിലില്ലാത്ത വിധം കോണ്‍ഗ്രസ് നേതൃനിര മലപ്പുറത്ത് തമ്പടിച്ചത് യു.ഡി.എഫ് നേതൃത്വത്തിന് സ്ഥാനാര്‍ത്ഥിയിലുള്ള പ്രതീക്ഷയാണ് വിളിച്ചറിയിക്കുന്നത്. തിരുവനന്തപുരത്ത് ചെന്നാല്‍ അമുസ്‌ലിം ഉദ്യോഗസ്ഥര്‍ പോലും ഈ സ്ഥാനാര്‍ത്ഥിയുടെ കഴിവും ചടുലതയും എടുത്തു പറയുന്നത് കേള്‍ക്കാം. മന്ത്രിയല്ലാതിരുന്നിട്ടും തന്റെ വീടിനോട് ചേര്‍ന്ന് സന്ദര്‍ശകര്‍ക്കായി നിര്‍മ്മിച്ച ഔട്ട് ഹൗസില്‍ ആവശ്യക്കാര്‍ തിങ്ങി നിറയുന്നത് കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിനുള്ള കഴിവിന്റെ മകുടോദാഹരണമാണ്. പരിണതപ്രജ്ഞനായ ഈ ജനനായകന് ഡല്‍ഹിയും വഴങ്ങുമെന്നത് കാത്തിരുന്ന് കാണാം.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ശ്രമിച്ച ഇടതുപക്ഷമാണ് സംഘ്പരിവാറിനെ വളര്‍ത്തിയത.് അതിന്റെ തിക്തഫലമാണ് ഇന്ത്യ ഇന്ന് അനുഭവിക്കുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അരിവാള്‍ കൊണ്ട് വകഞ്ഞ് മാറ്റാവുന്നതല്ല ഫാസിസം. അതിനുള്ള ശക്തി ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൈപ്പത്തിയോളം അവര്‍ക്കില്ലെന്നും രാഷ്ട്രീയ നിരീക്ഷകര്‍ക്ക് ബോധ്യമുണ്ട്. അതിന് കരുത്ത് പകരാന്‍ കുഞ്ഞാലിക്കുട്ടി ജയിച്ചാല്‍ പോരാ, ഭൂരിപക്ഷം അവിസ്മരണീയമാക്കണം. ഭിന്നതകള്‍ മാറ്റിവെച്ച് സമുദായം ഒന്നിക്കാനും സഹോദര സമുദായ സൗഹൃദം നിലനിര്‍ത്താനും നമുക്ക് വിവേകമുണ്ടായാല്‍ ഇന്ത്യന്‍ മതേതരത്വത്തിന്റെ മാറ്റു കൂട്ടി ഫാഷിസത്തിന്റെ മൂര്‍ച്ച കുറക്കാന്‍ കഴിയും. ഇനിയും തിരിച്ചറിവില്ലാതെ സമൂഹവും സമുദായവും ചിതറിയാല്‍ നഷ്ടം കനത്തതായിരിക്കും.

chandrika: