X

മലപ്പുറത്ത് വിജയിക്കേണ്ടത് മതേതരത്വവും ജനാധിപത്യവും

രമേശ് ചെന്നിത്തല

ദേശീയ – സംസ്ഥാന രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്ന തെരഞ്ഞെടുപ്പാണ് മലപ്പുറത്ത് നാളെ നടക്കാനിരിക്കുന്നത്. ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്ന പി.കെ കുഞ്ഞാലിക്കുട്ടിയുടെ വിജയം ഇവിടെ അനിവാര്യമാവുകയാണ്. നമ്മുടെ രാഷ്ട്രം ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെ നേരിടുകയാണ്. മത ഫാസിസത്തെ ആയുധമാക്കി രാജ്യത്തിന്റെ ബഹുസ്വരതയുടെയും മത നിരപേക്ഷതയുടെയും അടിവേരറുക്കാന്‍ അരയും തലയും മുറുക്കി രംഗത്ത്‌വന്ന നരേന്ദ്ര മോദിയും സംഘ്പരിവാര്‍ നിയന്ത്രണത്തിലുള്ള സര്‍ക്കാരും ജനങ്ങളെ ആശങ്കയുടെ പടുകുഴിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. രാജ്യത്തിന്റെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. ഇന്ത്യാക്കാര്‍ എന്ന അസ്തിത്വത്തില്‍ നിന്നും ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയുമാക്കി വിഭജിപ്പിച്ച്, വര്‍ഗീയ ധ്രുവീകരണം നടത്തി നികൃഷ്ടമായ വര്‍ഗീയ അജണ്ടകള്‍ സ്ഥാപിച്ചെടുക്കാനുള്ള സംഘ്പരിവാര്‍ തന്ത്രങ്ങള്‍ക്കെതിരെയുള്ള മുഖമടച്ചുള്ള മറുപടിയായിരിക്കണം മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഫലം. ഏപ്രില്‍ 12 ന് മലപ്പുറം ചിന്തിക്കുന്നതെന്തോ അതായിരിക്കും നാളെത്തെ ഇന്ത്യയും ചിന്തിക്കുക. അതുകൊണ്ട് പി. കെ കുഞ്ഞാലിക്കുട്ടിക്ക് മലപ്പുറത്തെ ജനങ്ങള്‍ സമ്മാനിക്കുന്ന ഉജ്ജ്വല വിജയം ഒരു പുതിയ തുടക്കമാകും. മതേതര-ജനാധിപത്യ ശക്തികളുടെ ഏകോപനത്തിനും അതിജീവനത്തിനും തിരിച്ചുപിടിക്കലിനും ഈ വിജയം നാന്ദി കുറിക്കും. വലിയൊരു ദൗത്യമാണ് കാലം നമ്മെ ഏല്‍പ്പിച്ചിരിക്കുന്നത്. ആ ദൗത്യം എറ്റെടുക്കുകയും വിജയത്തിലെത്തിക്കുകയും വേണം.
എന്തുകൊണ്ട് പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് ഐതിഹാസിക വിജയം നേടണം എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് മുകളില്‍ സൂചിപ്പിച്ചത്. അതോടൊപ്പം മറ്റു ചില ചിന്തകള്‍ കൂടി പങ്ക് വെക്കാനുണ്ട്. ഇന്ത്യന്‍ മതേതരത്വത്തിനെതിരെ സംഘ്പരിവാര്‍ ഉയര്‍ത്തുന്ന വെല്ലുവിളിയെ എങ്ങിനെ നേരിടണം എന്ന ചോദ്യത്തിന് ഇന്ത്യ ആഗ്രഹിക്കുന്ന, കേരളം നല്‍കുന്ന മറുപടിയായിരിക്കും കുഞ്ഞാലിക്കുട്ടിയുടെ വിജയം. കേവലം ഒരു ഉപതെരഞ്ഞെടുപ്പല്ല ഇത് എന്ന് ആദ്യമേ സൂചിപ്പിച്ചു. നാളെത്ത ഇന്ത്യയുടെ അസ്തിവാരമായിരിക്കും ഈ തെരഞ്ഞെടുപ്പിലൂടെ സൃഷ്ടിക്കപ്പെടാന്‍ പോകുന്നത്. നാളത്തെ ഇന്ത്യ എന്ന് ഉദ്ദേശിക്കുന്നത് ആര്‍.എസ്.എസ് വിമുക്ത ഇന്ത്യ എന്നു തന്നെയാണ്. ന്യൂനപക്ഷങ്ങളും ദലിത്- പിന്നാക്ക വിഭാഗങ്ങളും നിയാമക ശക്തിയാകുന്ന ഇന്ത്യ എന്ന് തന്നെയാണ്. ആ ഇന്ത്യക്ക് മാത്രമെ 125 കോടി ജനങ്ങളെ പുരോഗതിയിലേക്കും സാമാധാനത്തിലേക്കും നയിക്കാന്‍ കഴിയൂ. പി.കെ കുഞ്ഞാലിക്കുട്ടിക്ക് നല്‍കുന്ന അതുല്യ വിജയത്തിലൂടെയായിരിക്കും ആ ഇന്ത്യയുടെ ശിലാസ്ഥാപനം നടക്കുന്നത്.
നരേന്ദ്ര മോദി അധികാരത്തിലെത്തിയ ശേഷം വര്‍ഗീയ ഫാസിസ്റ്റുകള്‍ വര്‍ധിത വീര്യത്തോടെ ന്യൂനപക്ഷങ്ങളെയും ദലിതരെയും വേട്ടയാടുകയാണ്. ബീഫ് ഉപയോഗിച്ചു, പശുക്കളെ കടത്തി എന്നൊക്കെയുള്ള ദുര്‍ബലവും മനുഷ്യത്വ രഹിതവുമായ ആരോപണങ്ങള്‍ നിരത്തിക്കൊണ്ട് അവരെ ഉന്‍മൂലനം ചെയ്യുന്നു. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കി ബഹുസ്വരതയും മത സ്വാതന്ത്ര്യവും ഇല്ലായ്മ ചെയ്യാന്‍ ഗൂഢ ശ്രമം നടത്തുന്നു. അതോടൊപ്പം വര്‍ഗീയവെറി പൂണ്ട പ്രസ്താവനകളുമായി സംഘ്പരിവാര്‍ നേതാക്കള്‍ ഓരോ ദിവസവും ഭയത്തിന്റെയും വെറുപ്പിന്റെയും കാര്‍മേഘ പടലങ്ങള്‍ പരത്തുന്നു. ഭാരതത്തിന്റെ മഹാനായ പുത്രന്‍ ഇ. അഹമ്മദിന്റെ മരണത്തെപ്പോലും അപമാനിച്ച് വിവാദമാക്കി. പി.കെ കുഞ്ഞാലിക്കുട്ടിക്ക് നല്‍കുന്ന ഓരോ വോട്ടും ഉയര്‍ത്തിവിടുന്നത് ഇതിനെല്ലാമുള്ള എതിര്‍പ്പിന്റെ, പ്രതിഷേധത്തിന്റെ കൊടുങ്കാറ്റായിരിക്കും. ആ കൊടുങ്കാറ്റ് മോദിയുടെ ഫാസിസ്റ്റ് സര്‍ക്കാരിനെ കടപുഴക്കും. ഇവിടെ മലപ്പുറത്തിന്റെ മണ്ണില്‍ നിന്നാകും ആ കൊടുങ്കാറ്റിന്റെ കേളികൊട്ടുയരുന്നത് എന്നത് ഏറെ സന്തോഷം പകരുന്നതാണ്.
കേരളത്തില്‍ പിണറായി വിജയന്‍ നയിക്കുന്ന ഇടതു സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയുള്ള വിധിയെഴുത്ത് കൂടിയാകും മലപ്പുറം നല്‍കുന്നതെന്ന കാര്യത്തില്‍ അല്‍പ്പം പോലും സംശയമില്ല. പത്ത് മാസങ്ങള്‍കൊണ്ട് പിണറായി സര്‍ക്കാര്‍ കേരളത്തിന് വരുത്തിവച്ച ദോഷങ്ങളും വിഷമതകളും പറഞ്ഞറിയാക്കാന്‍ പറ്റാത്തതാണ്. യു.ഡി.എഫ് കാലത്ത് തുടങ്ങി വച്ച എല്ലാ വികസന പ്രവര്‍ത്തനങ്ങളും നിലച്ചിരിക്കുന്നു. സ്ത്രീ പീഡനങ്ങള്‍, കൊലപാതകങ്ങള്‍, രാഷ്ട്രീയ കൊലപാതകങ്ങള്‍ തുടങ്ങി മലയാളിയുടെ സൈ്വര്യ ജീവിതത്തെ തകര്‍ക്കുന്ന എല്ലാറ്റിന്റെയും മുഖ്യകാര്‍മികരായി ഇടതു സര്‍ക്കാര്‍ മാറിക്കഴിഞ്ഞു. ജനങ്ങള്‍ക്ക് ഭാരമായ ഒരു സര്‍ക്കാറായി പിണറായി സര്‍ക്കാര്‍ മാറിക്കഴിഞ്ഞു.
ജിഷ്ണു പ്രണോയ് എന്ന മകന്റെ കൊലയാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഡി.ജി.പി ക്ക് പരാതി നല്‍കാനെത്തിയ മഹിജ എന്ന അമ്മയെയും അവരുടെ കുടുംബാംഗങ്ങളെയും പിണറായിയുടെ പൊലീസ് തെരുവിലൂടെ വലിച്ചഴച്ചു. മകന്‍ നഷ്ടപ്പെട്ട ഒരമ്മയോട് ഇത്ര ക്രൂരത കാണിക്കാന്‍ ഇവര്‍ക്കെങ്ങിനെ കഴിഞ്ഞു. ഗത്യന്തരമില്ലാതെ അവര്‍ക്ക് നിരാഹാര സമരം ആരംഭിക്കേണ്ടി വന്നു. അവരുടെ മകള്‍, ജിഷ്ണുവിന്റെ കുഞ്ഞനുജത്തി അവിഷ്ണ അമ്മക്ക് പിന്തുണയായി വീട്ടിലും നിരാഹാരം കിടന്നു. ഇവരെ രണ്ടു പേരെയും കണ്ടിരുന്നു. അവരുടെ വിഷമതകളും സങ്കടങ്ങളും അവര്‍ പറയുകയും ചെയ്തു. ഒന്നോര്‍ത്ത് നോക്കൂ, സ്വന്തം മകന്റെ കൊലയാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട അമ്മക്ക് അവസാനം സര്‍ക്കാരില്‍ നിന്ന് നീതി കിട്ടാന്‍ പട്ടിണി കിടക്കേണ്ടിവന്നു. അത് മാത്രമോ അവരെ ഗൂഡാലോചനക്കാരാക്കി അപമാനിക്കാന്‍ ഈ സര്‍ക്കാരിലെ മന്ത്രിമാര്‍ ശ്രമിച്ചു.
പത്ത് മാസത്തിനുള്ളില്‍ കേരളത്തില്‍ അരങ്ങേറിയത് 15 രാഷ്ട്രീയ കൊലപാതകങ്ങളാണ്. അതില്‍ ഏഴെണ്ണവും മുഖ്യമന്ത്രിയുടെ നാടായ കണ്ണൂരിലായിരുന്നു. കൊച്ചു പെണ്‍കുട്ടികള്‍ പോലും ക്രൂരമായി മാനഭംഗം ചെയ്യപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തു. പൊലീസിന്റെ അനാസ്ഥ ഇതിലെല്ലാം പ്രകടമായിരുന്നു. പൊലീസിന് വീഴ്ച പറ്റിയെന്ന് മുഖ്യമന്ത്രി പോലും പലതവണ പറഞ്ഞു. പറയുന്നതല്ലാതെ പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രിക്കാവുന്നില്ല എന്നതാണ് സത്യം. കേരള ചരിത്രത്തിലാദ്യമായി റേഷന്‍ വിതരണം മുടങ്ങി. സംസ്ഥാനത്തിന്റെ പല ഭാഗത്തും റേഷന്‍ കടകളില്‍ അരിയില്ലാത്ത അവസ്ഥ വന്നു. അരി വില കുതിച്ചുയര്‍ന്നു. ജനങ്ങളെ പട്ടിണിക്കിട്ട സര്‍ക്കാരാണിതെന്ന് നിസ്സംശയം പറയാം. അതോടൊപ്പം വീട്ടിലെത്തിക്കുമെന്ന് പറഞ്ഞ ക്ഷേമ പെന്‍ഷനുകള്‍ ഇപ്പോള്‍ ആര്‍ക്കും ലഭിക്കാത്ത അവസ്ഥയിലായി.
താനൂരിലെ പൊലീസ് തേര്‍വാഴ്ച മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ അവിടെ നിഷ്‌കരുണം മര്‍ദ്ദിക്കപ്പെട്ടു. സി.പി.എം നിര്‍ദേശ പ്രകാരം പൊലീസാണ് അവിടെ അക്രമം അഴിച്ചുവിട്ടത്. പാവപ്പെട്ട മല്‍സ്യത്തൊഴിലാളികളുടെ ജീവനോപാധികളായ വള്ളവും വലയും ഉള്‍പ്പെടെയുള്ളവ പൊലീസ് നശിപ്പിച്ചു. പത്താം ക്ലാസ് പരീക്ഷയെഴുതാന്‍ പോയ കുട്ടികളെ പോലും തിരഞ്ഞുപിടിച്ച് മര്‍ദ്ദിച്ചു, കേസില്‍ കുടുക്കി. ജനങ്ങള്‍ക്ക് ആ കലാപ ഭൂമിയില്‍ നിന്ന് പലായനം ചെയ്യേണ്ടി വന്നു. സംഘ്പരിവാറും സി.പി.എം ഗുണ്ടകളും തമ്മില്‍ എന്ത് വ്യത്യസമാണ് ഇവിടെയുള്ളത്?
ഭരണ സ്തംഭനം കേരളത്തില്‍ തുടര്‍ക്കഥയായി. ക്രമസമാധാനം ഇത്രത്തോളം തകര്‍ന്ന കാലഘട്ടമില്ല. ഐ.പി.എസ്- ഐ.എ.എസ് ഉദ്യേഗസ്ഥര്‍ തമ്മിലുള്ള ശീതസമരം ഭരണത്തിന്റെ താളം തെറ്റിച്ചു. പക്ഷെ മുഖ്യമന്ത്രിക്ക് അതൊന്നും നോക്കാനോ തിരുത്താനോ കഴിവില്ല. ഭരണത്തിന്റെ തുടക്കത്തില്‍ തന്നെ ഒരു മന്ത്രിക്ക് ബന്ധു നിയമന വിവാദത്തില്‍ പെട്ട് രാജിവച്ച് പുറത്തുപോകേണ്ടി വന്നു. മറ്റൊരു മന്ത്രി ടെലിഫോണ്‍ സംഭാഷണത്തില്‍ കുടുങ്ങി രാജിവച്ചു. കേരളത്തില്‍ ഭരണം സമ്പൂര്‍ണ്ണമായി സ്തംഭിച്ചിരിക്കുകയാണ്. നിശ്ചലമായ സര്‍ക്കാര്‍ എന്ന് പിണറായി സര്‍ക്കാരിനെ ഒറ്റ വാചകത്തില്‍ വിശേഷിപ്പിക്കാം.
പി.കെ കുഞ്ഞാലിക്കുട്ടിയെ പറ്റി മലപ്പുറത്തുകാരെ പ്രത്യേകം പറഞ്ഞ് ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. കേരളം കണ്ട ഏറ്റവും മികച്ച വ്യവസായ മന്ത്രി, ഭരണകര്‍ത്താവ്, ജനകീയ നേതാവ് എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച പി.കെ കുഞ്ഞാലിക്കുട്ടി എല്ലാ ജനവിഭാഗങ്ങള്‍ക്കും സര്‍വ സമ്മതനായ നേതാവാണ്. ഇന്ത്യയിലെ മത നിരപേക്ഷ ചേരിക്ക് സജീവ നേതൃത്വം കൊടുക്കാന്‍ പി.കെ കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റിലെത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ജനാധിപത്യത്തിന്റെ അനിവാര്യതയാണ്. ആ അനിവാര്യതയെ അഭിസംബോധന ചെയ്ത് കൊണ്ടായിരിക്കണം ഓരോരുത്തരും പോളിങ് ബൂത്തിലെത്തേണ്ടത്. എനിക്കുറപ്പുണ്ട് മലപ്പുറത്തെ പി.കെ കുഞ്ഞാലിക്കുട്ടിയുടെ വിജയം ഇന്ത്യന്‍ മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും വലിയ വിജയങ്ങള്‍ക്ക് നാന്ദികുറിക്കും.

chandrika: