X

നിയമസഭാ സമ്മേളനം നാളെ പുനരാരംഭിക്കും; ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ രാവിലെ 10ന്

തിരുവനന്തപുരം: പുതുപ്പള്ളിയില്‍ നിന്ന് അഭിമാനകരമായ വിജയവുമായി എത്തുന്ന ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞയോടെ നിയമസഭാ സമ്മേളനം നാളെ പുനരാരംഭിക്കും. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് പതിനഞ്ചാം കേരള നിയമസഭയുടെ ഒന്‍പതാം സമ്മേളനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്. നാളെ രാവിലെ 10നാണ് ചാണ്ടി ഉമ്മന്‍ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യുന്നത്.

നാല് ദിവസം മാത്രം ചേരുന്ന സമ്മേളനത്തില്‍ സര്‍ക്കാരിനെതിരെ വിവിധ ആരോപണങ്ങളുയര്‍ത്തി പ്രതിപക്ഷം കടന്നാക്രമിച്ചേക്കും. സമ്മേളനത്തിന് താല്‍കാലിക ഇടവേള നല്‍കിയ ദിവസം മാത്യു കുഴല്‍നാടന്‍ മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ നിയമസഭയില്‍ ഉയര്‍ത്തുകയും കുഴല്‍നാടന്റെ മൈക്ക് ഓഫ് ചെയ്തത് അടക്കമുള്ള സംഭവങ്ങളുണ്ടാകുകയും ചെയ്തിരുന്നു. തുടര്‍ന്ന് കുഴല്‍നാടനെതിരെ റവന്യൂവകുപ്പിന്റെ പരിശോധനകളും കേസുകളുമൊക്കെയുണ്ടായി. വിഷയം വീണ്ടും സഭയിലെത്തിക്കാന്‍ സാധ്യതയേറെയാണ്.

വിവാദങ്ങളിലും തിരഞ്ഞെടുപ്പ് തോല്‍വിയിലും പ്രതികരിക്കാത്ത മുഖ്യമന്ത്രിയുടെ നിലപാടിനെ സഭയില്‍ പ്രതിപക്ഷം ചോദ്യം ചെയ്യും. പുതുപ്പള്ളി പ്രചാരണത്തിലുണ്ടായ സൈബര്‍ ആക്രമണവും മരണശേഷവും ഉമ്മന്‍ചാണ്ടിയെയും കുടുംബത്തെയും അധിക്ഷേപിച്ചതും അടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ന്നുവരുന്നതോടെ സഭാതലം പ്രക്ഷുബ്ധമാകും. നാല് ദിവസം മാത്രം ബാക്കിയുള്ളപ്പോള്‍ 14 ബില്ലുകള്‍ പാസാക്കേണ്ടതുണ്ട്. നാളെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരായ അതിക്രമം തടയല്‍ ഭേദഗതി ഉള്‍പെടെ മൂന്ന് ബില്ലുകള്‍ പാസാക്കും. കേരള മോട്ടോര്‍ വാഹന തൊഴിലാളികള്‍ക്ക് ന്യായമായ വേതനം നല്‍കല്‍, കേരള ക്ഷീരകര്‍ഷക ക്ഷേമനിധി ഭേദഗതി ബില്ലുകള്‍ എന്നിവയാണ് മറ്റ് രണ്ടെണ്ണം.

webdesk11: