X
    Categories: CultureMoreViews

എന്‍.ഡി.എയില്‍ പൊട്ടിത്തെറി: മോദിയെ കാണിച്ചാല്‍ ബീഹാറിലെ ജനങ്ങള്‍ വോട്ട് ചെയ്യില്ലെന്ന് ജെ.ഡി.യു

പാറ്റ്‌ന: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോദിയെ കാണിച്ചാല്‍ ബീഹാറിലെ ജനങ്ങള്‍ വോട്ട് ചെയ്യില്ലെന്ന് ജെ.ഡി.യു. 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോദി എന്‍.ഡി.എയുടെ മുഖമായിരിക്കാം. പക്ഷെ ബീഹാറില്‍ ജനങ്ങള്‍ വോട്ട് ചെയ്യുക നിതീഷ് കുമാര്‍ ഗവര്‍ണമെന്റിന്റെ പ്രവര്‍ത്തനം വിലയിരുത്തിയാകും-ജെ.ഡി.യു വക്താവ് അജയ് അലോക് പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എന്‍.ഡി.എയുടെ സുപ്രധാന യോഗം വ്യാഴാഴ്ച നടക്കാനിരിക്കെയാണ് ജെ.ഡി.യു നേതൃത്വത്തിന്റെ നിര്‍ണായക ഇടപെടല്‍. നേരത്തെ പലകാര്യങ്ങളിലും ജെ.ഡി.യു നേതൃത്വം ബി.ജെ.പി നേതൃത്വത്തോട് വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു.

നോട്ട് നിരോധനത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി നിതീഷ് കുമാര്‍ തന്നെ രംഗത്ത് വന്നിരുന്നു. ബീഹാറിന് പ്രത്യേക പാക്കേജ് വേണമെന്ന ആവശ്യവും അദ്ദേഹം ശക്തമായി ഉന്നയിച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ശേഷിക്കുമ്പോള്‍ പ്രതിപക്ഷം ശക്തിപ്പെടുകയാണ്. വിശാല പ്രതിപക്ഷ ഐക്യനിര അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പുകളിലെല്ലാം വന്‍ വിജയം നേടിയിരുന്നു.

മോദി പ്രഭാവം മങ്ങിത്തുടങ്ങിയതും എന്‍.ഡി.എ ഘടകകക്ഷികള്‍ തിരിച്ചറിയുന്നുണ്ട്. മോദിയുടേയും അമിത് ഷായുടേയും തന്ത്രങ്ങളൊന്നും ഏല്‍ക്കാത്ത സാഹചര്യമാണ് രാജ്യത്ത് കാണുന്നത്. കര്‍ണാടകയില്‍ അമിത് ഷാ നാണം കെടുന്നതും രാജ്യം കണ്ടതാണ്. വിശാല പ്രതിപക്ഷ സഖ്യത്തിന് മുന്നില്‍ യഥാര്‍ഥത്തില്‍ മോദി-ഷാ അച്ചുതണ്ട് പ്രതിസന്ധിയിലാണ്. ഇത് തിരിച്ചറിഞ്ഞ് അവസരം മുതലാക്കാനാണ് നിതീഷ് കുമാര്‍ അടക്കമുള്ളവര്‍ ശ്രമിക്കുന്നത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: