X

സംസ്ഥാനത്തെ തട്ടുകടകള്‍ക്ക് ലൈസന്‍സും രജിസ്‌ട്രേഷനും നിര്‍ബന്ധമാക്കുന്നു

 

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ മുതല്‍ നക്ഷത്ര ഹോട്ടലുകള്‍വരെയുള്ള സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സും രജിസ്‌ട്രേഷനും നിര്‍ബന്ധമാക്കുന്നു. ഇതിന്റെ ഭാഗമായി തട്ടുകടകള്‍ മുതല്‍ നക്ഷത്ര ഹോട്ടലുകള്‍ വരെയുള്ളവയുടെ കൃത്യമായ കണക്കെടുക്കാന്‍ നടപടി തുടങ്ങി. ഭക്ഷ്യസുരക്ഷ ഗുണനിലവാര അതോറിറ്റിയാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്.

കേരളം ഉള്‍പ്പെടെ മിക്ക സംസ്ഥാനങ്ങളിലും ഇപ്പോഴും ഭക്ഷ്യസുരക്ഷാ ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാതെ നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സോ രജിസ്ട്രേഷനോ നിര്‍ബന്ധമാക്കാനാണ് ഇപ്പോള്‍ നിര്‍ദേശിച്ചിരിക്കുന്നത്. കൂടാതെ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോള്‍ അവ എത്രപേര്‍ക്ക് ഗുണകരമാകുന്നുവെന്ന് വിലയിരുത്താനും നിര്‍ദേശമുണ്ട്. ഭക്ഷണോല്‍പാദനത്തിനും വിതരണത്തിനും വില്‍പനക്കും ലൈസന്‍സോ രജിസ്ട്രേഷനോ വേണമെന്നത് നിര്‍ബന്ധമാണ്. എന്നാല്‍ ഇപ്പോഴും കുറെയേറെ സ്ഥാപനങ്ങള്‍ ഇതൊന്നും ഇല്ലാതെ പ്രവര്‍ത്തിക്കുകയാണ്. എന്നാല്‍ എത്ര സ്ഥാപനങ്ങള്‍ ഇങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നത് സംബന്ധിച്ച് വ്യക്തമായ കണക്ക് അധികൃതരുടെ പക്കല്‍ ലഭ്യമല്ല. ഈ സാഹചര്യത്തിലാണ് കണക്കെടുപ്പ് നടത്താന്‍ തീരുമാനിച്ചത്.

ഈ മാസം 18ന് മുന്‍പ് എല്ലാ സ്ഥാപനങ്ങളും ഇതുസംബന്ധിച്ച വിവരങ്ങള്‍ കേന്ദ്ര അതോറിറ്റിക്ക് നല്‍കാനാണ് നിര്‍ദേശം. നക്ഷത്ര ഹോട്ടലുകളും റസ്റ്റോറന്റുകളും കാറ്ററിംഗ് ഏജന്‍സികളും ഉള്‍പ്പടെയുള്ളവയുടെ കണക്ക് ശേഖരിക്കും. 2006ലെ ഭക്ഷ്യസുരക്ഷാ ഗുണനിലവാരനിയമം 2014ലാണ് രാജ്യത്താകെ നിര്‍ബന്ധമായി നടപ്പാക്കാന്‍ ഉത്തരവുണ്ടായത്. തുടര്‍ന്ന് പല സംസ്ഥാനങ്ങളുടെയും ആവശ്യപ്രകാരം പലതവണ കാലാവധി നീട്ടുകയും ചെയ്തു. വ്യാപാരികളില്‍ നിന്നുള്ള സമ്മര്‍ദവും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ അഭാവവും ഇതിന് തടസവുമായി. മിക്ക സംസ്ഥാനങ്ങളിലും ഇതാണ് അവസ്ഥ. കൃത്യമായ കണക്കില്ലാത്തതിനാല്‍ സുരക്ഷിത ഭക്ഷണവുമായി ബന്ധപ്പെട്ട് ആവിഷ്‌കരിക്കുന്ന പദ്ധതികള്‍ ശരിയായ തരത്തില്‍ നടപ്പാക്കുന്നതിനും ബുദ്ധിമുട്ടുകള്‍ നേരിട്ടു. അത് ഒഴിവാക്കുന്നത് ഉള്‍പ്പടെയുള്ളവക്കാണ് പുതിയ കണക്കെടുപ്പ്.

കേരളത്തില്‍ സമീപകാലത്തായി പരിശോധനകളും മറ്റും കര്‍ശനമാക്കിയതോടെ ലൈസന്‍സോ അല്ലെങ്കില്‍ രജിസ്ട്രേഷനോ നേടാന്‍ സ്ഥാപനമുടമകള്‍ തന്നെ മുന്നോട്ടുവന്നിരുന്നു. ഭക്ഷ്യസുരക്ഷാ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ അടുച്ചുപൂട്ടുകയോ പിഴയീടാക്കുകയോ ചെയ്തു തുടങ്ങിയതോടെയാണിത്. എങ്കിലും ഒട്ടേറെ സ്ഥാപനങ്ങള്‍ ഇനിയും അവശേഷിക്കുകയാണ്. സ്ഥാപനങ്ങളുടെ വിറ്റുവരവിന്റെ അടിസ്ഥാനത്തിലാണ് ഭക്ഷ്യസുരക്ഷ ലൈസന്‍സാണോ റജിസ്ട്രേഷനാണോ വേണ്ടതെന്ന് തീരുമാനമെടുക്കുക.

chandrika: