X

ലാലീഗയില്‍ പോരാട്ടം കനക്കുന്നു; എംഎസ്എന്‍ കരുത്തില്‍ ബാര്‍സ

മാഡ്രിഡ്:സ്പാനിഷ് ലാലീഗയില്‍ പോരാട്ടം കനക്കുന്നു. ഇന്നലെ ചാമ്പ്യന്മാരായ ബാര്‍സിലോണ ഐബറിനെ നാല് ഗോളിന് തരിപ്പണമാക്കിയതോടെ റയല്‍ മാഡ്രിഡും ബാര്‍സയും തമ്മിലുള്ള പോയന്റ് അകലം രണ്ടായി കുറഞ്ഞു. ടേബിളില്‍ രണ്ടാമത് നില്‍ക്കുന്ന സെവിയെയാവട്ടെ തകര്‍പ്പന്‍ പോരാട്ടത്തില്‍ 4-3ന് ഒസാസുനക്ക് മുന്നില്‍ രക്ഷപ്പെട്ടു. റയല്‍ മലാഗയെ തോല്‍പ്പിച്ചത് വഴി ഇപ്പോഴും ടേബിളില്‍ ഒന്നാമത് നില്‍ക്കുകയാണ്. സൂപ്പര്‍ താരങ്ങളെല്ലാം ഫോമിലെത്തിയ ദിവസത്തില്‍ ഐബര്‍ ബാര്‍സക്ക് പ്രതിയോഗികളായിരുന്നില്ല. ഡെന്നിസ് സോറസാണ് ഗോള്‍ വേട്ട തുടങ്ങിയത്. ലിയോ മെസി, ലൂയിസ് സുവാരസ്, നെയ്മര്‍ എന്നിവരും ഗോള്‍ നേടി. റയലിനെ പോലെ പ്രബലരെ മറിച്ചിട്ട സെവിയെ ഒസാസുനക്ക് മുന്നില്‍ പലപ്പോഴും വിയര്‍ത്തിരുന്നു. മല്‍സരം 15 മിനുട്ട് പിന്നിട്ടപ്പോള്‍ തന്നെ സെവിയെ പിറകിലായി. സെര്‍ജിയോ ലിയോണിന്റെ ഗോളില്‍ ഒസാസുനയാണ് മുന്നിലെത്തിയത്. എന്നാല്‍ ആദ്യ പകുതി പിരിയുന്നതിന് തൊട്ട് മുമ്പ് ഇബ്രയുടെ ഗോളില്‍ സെവിയെ ഒപ്പമെത്തി. അറുപത്തി മൂന്നാം മിനുട്ടില്‍ ഇബ്രയുടെ സെല്‍ഫില്‍ സെവിയെ പിറകിലായി. പക്ഷേ പിഴവുകള്‍ തിരുത്തി രണ്ട് ഗോളുകള്‍ കൂടി നേടി സ്പാനിഷ് മുന്‍നിരക്കാരന്‍ ടീമിനെ മുന്നിലെത്തിച്ചു. മറ്റൊരു മല്‍സരത്തില്‍ റയല്‍ സോസിദാദ് ഒരു ഗോളിന് സെല്‍റ്റാ വിഗോയെ പരാജയപ്പെടുത്തി.പരാജയമറിയാതെ നാല്‍പ്പത് മല്‍സരം പിന്നിട്ട് റെക്കോര്‍ഡ് പുസ്തകത്തില്‍ സ്ഥാനം നേടിയ ശേഷം രണ്ട് മല്‍സരങ്ങളില്‍ തോല്‍വി രുചിച്ച സൈനുദ്ദീന്‍ സിദാന്റെ റയല്‍ സംഘം മലാഗയെ 2-1ന് തോല്‍പ്പിക്കുക മാത്രമല്ല മറ്റ് ടീമുകളെ അപേക്ഷിച്ച് ഒരു മല്‍സരം കുറവ് കളിച്ചതിലെ ആനുകൂല്യത്തിലും ആത്മവിശ്വാസത്തിലാണ്. മലാഗക്കെതിരെ ടീമിന്റെ രണ്ട് ഗോളുകളും സ്‌ക്കോര്‍ ചെയ്തത് ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസാണ്.

chandrika: