X
    Categories: MoreViews

പാര്‍ലമെന്റ് നടക്കാത്തതില്‍ ഒളിയമ്പുമായി എല്‍കെ അദ്വാനി; രാജിവെക്കാന്‍ തോന്നുന്നുവെന്നും അദ്വാനി

ന്യൂഡല്‍ഹി: തുടര്‍ച്ചയായി പാര്‍ലമെന്റ് തടസ്സപ്പെടുന്നതില്‍ താന്‍ അസ്വസ്ഥനാണെന്നും രാജിവെക്കാന്‍ തോന്നുന്നുവെന്നും ബിജെപി നേതാവ് എല്‍കെ അദ്വാനി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും എംപിയുമായ ഇദ്രിസ് അലിയാണ് അദ്വാനി രാജിയെക്കുറിച്ച് സൂചിപ്പിച്ചുവെന്ന് മാധ്യമങ്ങളോട് പറഞ്ഞത്. ആരോഗ്യപരമായ കാരണങ്ങളെ തുടര്‍ന്നാണോ രാജിവെക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ പാര്‍ലമെന്റി്‌ന്റെ ആരോഗ്യാവസ്ഥ മോശമായതാണ് രാജിയിലേക്ക് പ്രേരിപ്പിക്കുന്നതെന്ന് എല്‍കെ അദ്വാനി പറഞ്ഞു.

രാജിവെക്കാന്‍ തോന്നുന്നുവെന്നും വാജ്‌പേയ് ഇവിടെ ഉണ്ടായിരുന്നുവെങ്കില്‍ അദ്ദേഹവും സഭയെക്കുറിച്ചോര്‍ത്ത് അസ്വസ്ഥപ്പെടുമായിരുന്നുവെന്നും അദ്വാനി പറഞ്ഞു. ചര്‍ച്ചക്കിടയില്‍ ഇത്രയും രൂക്ഷമായ അവസ്ഥ തന്റെ ജീവിതത്തില്‍ കണ്ടിട്ടില്ലെന്നും രാജിവെക്കാന്‍ തനിക്ക് തോന്നുന്നുവെന്നുമാണ് അദ്വാനി പറഞ്ഞതെന്ന് ഇദ്രിസ് വ്യക്തമാക്കി.

പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണങ്ങളെ തുടര്‍ന്നാണ് ഇന്ന് സഭ സ്തംഭിച്ചത്. തുടര്‍ച്ചയായി 20-ാം ദിവസമാണ് സഭ സ്തംഭിക്കുന്നത്. സഭ പിരിഞ്ഞതിനുശേഷമാണ് തൃണമൂല്‍ എംപി മാധ്യമങ്ങളോട് അദ്വാനി പറഞ്ഞ കാര്യം പരസ്യമാക്കിയത്. നേരത്തേയും സഭ സ്തംഭിപ്പിക്കുന്നതിനെതിരെ അദ്വാനി വിമര്‍ശനം ഉന്നയിച്ചിരുന്നു.

chandrika: